National
ലോക്പാല്‍ ബില്‍ നാള്‍ വഴികളിലൂടെ...
സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാല്‍ ബില്‍. ഒന്‍പതു തവണ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തതിനാല്‍ ബില്‍ പാസ്സായില്ല. ആദ്യമായി അവതരിപ്പിക്കപ്പെട്ട 1968 നുശേഷം പലപ്പോഴായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവെങ്കിലും ബില്ലിന്റെ കാര്യത്തില്‍ കൂടുതല്‍ പുരോഗതിയൊന്നും ഉണ്ടായില്ല. സമീപ കാലത്ത് ഭരണ തലത്തിലുള്ള അഴിമതി ചര്‍ച്ചാ വിഷയമായതോടെ നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്‍ 2010 പരിഷ്‌കരിച്ച് നടപ്പാക്കണമെന്ന ആവശ്യം പല ഭാഗങ്ങളില്‍നിന്നും ഉയരാന്‍ തുടങ്ങി. പ്രശസ്ത ഗാന്ധിയനും സാമുഹ്യപ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ ജന ലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി 2011 ഏപ്രില്‍ 5 ന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ആരംഭിച്ച നിരാഹാര സത്യാഹഗ്രഹമാണ് നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്‍ പരിഷ്‌കരിച്ച് നിയമമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്.
1966 ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണ പരിഷ്‌കാര കമ്മീഷനാണ് അഴിമതിക്കെതിരായി ഇത്തരമൊരു ബില്ലിനെക്കുറിച്ചുള്ള നിര്‍ദേശം സമര്‍പ്പിച്ചത്. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളുമെന്ന സംവിധാനമാണ് ഇതിലൂടെ മുന്നോട്ടുവച്ചത്. നീതിനിഷേധം അനുഭവിക്കാനിടയാകുന്ന വ്യക്തിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താനും നിഗമനത്തിലെത്താനും ആയതിനു പരിഹാര മാര്‍ഗ്ഗം കാണാനും സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്‌സ്മാന്‍ . നിയമാനുസൃതപ്രതിനിധി എന്നാണ് സ്വീഡിഷ് ഭാഷയില്‍ ഓംബുഡ്‌സ്മാന്‍ എന്ന പദത്തിന്റെ അര്‍ത്ഥം. പരാതി പരിഹാരകന്‍ എന്ന് വേണമെങ്കില്‍ പറയാം. ഓംബുഡ്‌സ്മാന്‍ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ ലോക്പാല്‍, ലോകായുക്ത എന്നീ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ഒരു സ്ഥാപനമെന്ന നിലയില്‍ സ്വീഡനിലാണ് 1809 ല്‍ ലോകത്ത് ആദ്യമായി ഓംബുഡ്‌സ്മാന്‍ നിലവില്‍ വന്നത്. 1919ല്‍ ഫിന്‍ലാന്‍ഡിലും 1953 ല്‍ ഡെന്‍മാര്‍ക്കിലും നോര്‍വെയിലും ഈ സംവിധാനം നിലവില്‍ വന്നു.
ലോക(ജനങ്ങള്‍), പാല(പാലകന്‍) എന്നീ സംസ്‌കൃതപദങ്ങളില്‍ നിന്നാണ് ജനങ്ങളുടെ സംരക്ഷകന്‍ എന്ന അര്‍ത്ഥത്തിലുള്ള ലോക്പാല്‍ എന്ന പദം രൂപംകൊണ്ടത്. ജവാഹര്‍ലാല്‍ നെഹ്‌റുപ്രധാനമന്ത്രിയായിരുന്ന കാലത്ത് അഴിമതി വിരുദ്ധ സംവിധാനമായ ഓബുഡ്‌സ്മാന്‍ എന്ന ആശയം ഇന്ത്യയിലും നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചിരുന്ന ലോക് സഭയിലെ സ്വതന്ത്ര അംഗവും സംസ്‌കൃതത്തില്‍ പാണ്ഡിത്യവുമുണ്ടായിരുന്ന എല്‍.എം. സിങ് വിയോട് ഓബുഡ്‌സ്മാന്‍ എന്ന വാക്കിന് തത്തുല്യമായ ഭാരതീയ പദം കണ്ടെത്താന്‍ നിര്‍ദേശിച്ചത് നെഹ്‌റു തന്നെയയിരുന്നു. പാര്‍ലമെന്റില്‍ അഴിമതി വിരുദ്ധ സംവിധാനമായ ഓബുഡ്‌സ്മാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച എല്‍. എം. സിങ് വി 1963 ഏപ്രില്‍ മൂന്നിന് ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ ലോക്പാല്‍ എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്തു.
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ഓംബുഡ്‌സ്മാന്റെ ചുവടുപിടിച്ച് 1968ല്‍ ഇന്ത്യയില്‍ ലോക് സഭയില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ 1969ല്‍ ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭ പാസാക്കും മുന്‍പേ നാലാം ലോക് സഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നിയമമാക്കാനായില്ല. ലോക്പാല്‍ ലോകായുക്ത ബില്‍ എന്നപേരിലായിരുന്നു ഈ ബില്‍. പിന്നീട് 1971,77, 85,89,1996,98,2001,2005,2008 എന്നീ വര്‍ഷങ്ങളിലായിരുന്നു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്ധ5പ. രാജ്യസഭയില്‍ ഒരിക്കല്‍ പോലും ബില്‍ പാസാക്കപ്പെട്ടിട്ടുമില്ല. 17 സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ലോകായുക്തകളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവയുടെ അധികാരപരിധി എല്ലായിടത്തും ഒരേപോലെയല്ല. ചിലയിടങ്ങളില്‍ മുഖ്യമന്ത്രിമാര്‍ ലോകായുക്തകളുടെ അധികാരപരിധിയില്‍ വരുമ്പോള്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ എം.എല്‍.എ. മാര്‍ പോലും ഉള്‍പ്പെടുന്നില്ല.1971 ല്‍ ആദ്യമായി ലോകായുക്തയെ നിയമിച്ച ഒറീസ 1993 ല്‍ ഈ സംവിധാനം അവസാനിപ്പിക്കുകയുണ്ടായി.
പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനുദ്ദേശിച്ചിരുന്ന ലോക്പാല്‍ ബില്‍ 2010 അഴിമതി തടയാന്‍ അപര്യാപ്തമാണെന്ന വാദം കിരണ്‍ ബേദി, സ്വാമി അഗ്‌നിവേശ്, അണ്ണാ ഹസാരെ തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയും ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിനു പകരം മറ്റൊരു ബില്ലിന് രൂപം നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന് ബദലായി അഴിമതി പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യത്തക്കനിലയില്‍ തയ്യാറാക്കിയതെന്ന അവകാശവാദവുമായി മുന്നോട്ടുവച്ചതാണ് ജന ലോക്പാല്‍. അഴിമതി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ജന ലോക്പാല്‍ ബില്‍ അഥവാ പീപ്പിള്‍സ് ഓംബുഡ്‌സ്മാന്‍ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയും കര്‍ണാടക ലോകായുക്തയുമായ സന്തോഷ് ഹെഗ്‌ഡേ, മുതിര്‍ന്ന നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍, വിവരാവകാശ പ്രവര്‍ത്തകനും മഗ്‌സെസെ പുരസ്‌കാര ജേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ ചേര്‍ന്നാണ് ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയത്. ജന ലോക്പാല്‍ ബില്‍ ഏറെ ഫലപ്രദമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതി അഥവാ ജന ലോക് പാല്‍ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയര്‍ന്നാല്‍ അന്വേഷണം നടത്തുക, ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിക്ക് ശുപാര്‍ശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകള്‍.അഴിമതി നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നുണ്ടെന്നും അവര്‍ക്ക് പരമാവധി ശിക്ഷലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ലോക്പാല്‍ ശ്രദ്ധിക്കുകയും വേണം. കുറ്റം ചെയ്ത ആളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണം. സര്‍ക്കാറുകളുടെ യാതൊരുവിധ നിയന്ത്രണമോ സമ്മര്‍ദ്ദമോ കൂടാതെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അധികാരങ്ങളും ഈ സമിതിക്കുണ്ടായിരിക്കുമെന്നും ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.
കേന്ദ്ര ഗവണ്‍മെന്റ്്് മുന്നോട്ടുവച്ച ലോക്പാല്‍ ബില്‍ 2010, ജന ലോക്പാല്‍ ബില്‍ എന്നിവ തമ്മില്‍ ഘടനാപരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. പൂര്‍ണ അധികാരത്തോടെയുള്ള ജന ലോക് പാല്‍ അണ്ണാ ഹസാരെയടക്കെുള്ളവര്‍ മുന്നോട്ടു വയ്ക്കുമ്പോള്‍ ഒരു ഉപദേശക സമിതിയായാണ് ലോക്പാല്‍ സംവിധാനത്തെ കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലുള്ള ലോക്പാല്‍ ബില്‍ 2010 ല്‍ വ്യവസ്ഥ ചെയ്യുന്നത്. അഴിമതി തടയണമെങ്കില്‍ കടുത്ത വ്യവസ്ഥകളോടു കൂടിയ ലോക്പാല്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സര്‍ക്കാറിന്റെ പരിഗണനയിലുള്ള ലോക്പാല്‍ ബില്‍ ദുര്‍ബലമാണെന്നും പ്രമുഖ നിയമജ്ഞനായ എഫ്.എസ് നരിമാനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതി അഥവാ ജന ലോക് പാല്‍ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയര്‍ന്നാല്‍ അന്വേഷണം നടത്തുക, ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിക്ക് ശുപാര്‍ശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകള്‍. അഴിമതിയെ തൂത്തെറിയാന്‍ പര്യാപ്തമായ എല്ലാ വ്യവസ്ഥകളും ജന ലോക്പാല്‍ ബില്ലിലുണ്ടെന്നാണ് ബില്ലിന് രൂപം നല്‍കിയ “ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍” എന്ന സംഘടന പറയുന്നത്. അഴിമതിക്കെതിരായ സമരത്തില്‍ അണ്ണ ഹസാരയ്‌ക്കൊപ്പം പങ്കെടുക്കുന്ന പ്രമുഖസംഘടനയാണിത്്. യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ബില്‍ വെറും കണ്‍കെട്ടുവിദ്യ മാത്രമാണെന്നും സംഘടന ആരോപിക്കുന്നു. രാഷ്ട്രീയക്കാരെ സഹായിക്കാന്‍ മാത്രമേ നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ ബില്‍ സഹായിക്കൂ എന്നും അവര്‍ വാദിക്കുന്നു.
2013 ഡിസംബര്‍ 17
അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ശബ്ദവോട്ടോടെ ബില്‍ പാസ്സാക്കിയത്. ചര്‍ച്ചയില്‍ ആരും ബില്ലിനെ എതിര്‍ത്തില്ല. ഇടതുപക്ഷം കൊണ്ടുവന്ന ഒരു ഭേദഗതി വോട്ടിനിട്ട് തള്ളി. ബില്‍ നാളെ ലോക്‌സഭയുടെ പരിഗണനക്ക് വരുംതുടക്കത്തില്‍ ബില്ലിനെതിരെ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ പിന്നീട് സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത് ബില്‍ പാസ്സാക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കി. സ്വകാര്യ സ്ഥാപനങ്ങളെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ധര്‍മസ്ഥാപനങ്ങളെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ഇടതുപക്ഷത്തിന്റെ ഭേദഗതിയാണ് സഭ വോട്ടിനിട്ട് തള്ളിയത്. ഈ ഭേദഗതി വോട്ടിനിടണമെന്ന് സി പി എം ആവശ്യപ്പെടുകയായിരുന്നു. 19 പേര്‍ മാത്രമാണ് ഇതിനെ അനുകൂലിച്ചത്. 151 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
ബില്‍ നാളെ ലോക്‌സഭ പരിഗണിക്കും. നേരത്തെ ലോക്‌സഭയില്‍ പാസ്സാക്കിയ ബില്‍ രാജ്യസഭ ഭേദഗതി വരുത്തിയതോടെയാണ് വീണ്ടും ലോക്‌സഭ പാസ്സാക്കേണ്ടതായി വരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇത് എട്ടാം തവണയാണ് ബില്‍ പാര്‍ലിമെന്റീന്റെ പരിഗണക്ക് വരുന്നത്.
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസ്സാക്കാനായത് ഐതിഹാസിക വിജയമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. ബില്‍ പാസ്സാക്കിയ രാജ്യസഭയെ, ലോക്പാലിന് വേണ്ടി കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരമിരിക്കുന്ന അന്നാ ഹസാരെ അഭിനന്ദിച്ചു.