Ongoing News
ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഇന്നുമുതല്‍
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന് ഇന്ന് ജോഹന്നാസ്ബര്‍ഗില്‍ തുടക്കമാകും. പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റിനിറങ്ങുന്നത്. സജീവ ക്രിക്കറ്റില്‍ നിന്ന് ഇതിഹാസ താരം സച്ചന്‍ ടെണ്ടുല്‍ക്കര്‍ കൂടി വിരമിച്ചതോടെ സുവര്‍ണ തലമുറയുടെ കാലഘട്ടത്തിന് ശേഷമുള്ള ആദ്യ വിദേശ ടെസ്റ്റിനാണ് ഇന്ത്യ ഇറങ്ങുന്നതെന്ന സവിശേഷതയും മത്സരത്തെ ശ്രദ്ധേയമാക്കുന്നു. പുതുതലമുറയുടെ മാറ്റ് പൂര്‍ണമായും പരീക്ഷിക്കപ്പെടാന്‍ പോകുന്നു എന്നതും മത്സരത്തില്‍ പ്രധാനമാണ്. ഏകദിന പരമ്പരയില്‍ തോറ്റെങ്കിലും ടെസ്റ്റില്‍ മികവോടെ തിരിച്ചെത്തുമെന്ന് നായകന്‍ ധോണി വ്യക്തമാക്കി. രോഹിതും കോഹ്‌ലിയും ധവാനും പൂജാരയും ധോണിയുമടങ്ങിയ ബാറ്റിംഗ് നിര കൈമെയ് മറന്ന് പോരാടിയെങ്കില്‍ മാത്രമേ മികച്ച ഫലം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് ചുരുക്കം.
ഇന്ത്യന്‍ ടെസ്റ്റ് ടീമംഗങ്ങളില്‍ 17ല്‍ 12പേരും ദക്ഷിണാഫ്രിക്കയില്‍ തുടക്കക്കാരാണ്. നായകന്‍ ധോണി, സഹീര്‍ ഖാന്‍, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, ഇഷാന്ത് ശര്‍മ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ സാഹചര്യം മുമ്പ് പരിചയപ്പെട്ടിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിംഗിനെ നേരിടുന്നതില്‍ ഇന്ത്യന്‍ യുവനിര വമ്പന്‍ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് ഏകദിന പരമ്പരയിലെ തോല്‍വി. കുത്തിയുയരുന്ന പന്തുകളിലെ ഇന്ത്യന്‍ ബലഹീനത യുവ തലമുറയിലേക്കും പടരുന്നതിന്റെ ലക്ഷണങ്ങളായിരുന്നു ഏകദിന പരമ്പരയിലുടനീളം കണ്ടത്. ഏകദിന മത്സരത്തിന്റെ മട്ടിലല്ല ടെസ്റ്റ് എങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് ഭയപ്പെടാനുള്ളത് ദക്ഷിണാഫ്രിക്കന്‍ പേസ് പടയുടെ ശൗര്യം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.
നാലാം നമ്പറില്‍ ആര്?
2011-12 വര്‍ഷത്തെ ആസ്‌ത്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ വിദേശത്ത് കളിക്കാനിറങ്ങുന്ന ആദ്യ ടെസ്റ്റാണിത്. ഈ പരമ്പരക്ക് ശേഷമാണ് ഇന്ത്യന്‍ സുവര്‍ണ സംഘത്തിലെ ടെസ്റ്റ് പ്രധാനികളായിരുന്ന ദ്രാവിഡ്, ലക്ഷ്മണ്‍ ദ്വയത്തിന്റെ വിരമിക്കല്‍. അതിന് ശേഷം നാട്ടില്‍ 12 ടെസ്റ്റുകള്‍ കളിക്കാന്‍ ഇന്ത്യയിറങ്ങി. ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ ഒമ്പത് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. അതിനിടയില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തി ഇന്ത്യ ടെസ്റ്റ് പരമ്പര തോല്‍ക്കുകയുമുണ്ടായി. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരക്ക് ഇന്നിറങ്ങുമ്പോള്‍ ഒരു ചോദ്യമാണ് മുന്നിലുള്ളത്. സച്ചിന്‍ ഇറങ്ങിയ നാലാം നമ്പറില്‍ ആര് ബാറ്റിംഗിനിറങ്ങും. നാലാം നമ്പറില്‍ പുതിയ മുഖത്തെ കാണാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. സമീപ കാലത്തെ പ്രകടനങ്ങളുടെ മികവില്‍ വിരാട് കോഹ്‌ലിക്കാണ് സാധ്യത. കഴിഞ്ഞ രണ്ട് സീസണുകളായി കോഹ്‌ലിയാണ് യുവ ബാറ്റിംഗ് നിരയിലെ ശക്തിദുര്‍ഗം എന്ന് നിസ്സംശയം പറയാം. അതേസമയം തന്നെ ഏകദിന പരമ്പരയില്‍ കോഹ്‌ലിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ കോഹ്‌ലിക്ക് തന്നെയാണ് നറുക്ക് വീഴുക.
തുടരുന്ന പേസ് പരീക്ഷണം
ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേര്‍സ് സ്റ്റേഡിയം എല്ലാ കാലത്തും പേസിനെയും ബൗണ്‍സിനെയും പിന്തുണക്കുന്ന പിച്ചാണ്. എങ്കിലും ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് ദീര്‍ഘകാലമായി ഗ്രൗണ്ട്‌സ്മാനായി പ്രവര്‍ത്തിക്കുന്ന പെതുല്‍ ബുതെല്‍സി പറയുന്നു. ആദ്യം ബാറ്റ് ചെയ്ത് 400ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്താല്‍ അത് മികച്ച ഫലം സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറപ്പ് പറയുന്നു. അങ്ങനെ വരുമ്പോള്‍ ടീം തിരഞ്ഞെടുപ്പ് ഇന്ത്യക്ക് വെല്ലുവിളിയാകും. അങ്ങനെയെങ്കില്‍ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍, മൂന്ന് പേസര്‍, ഒരു സ്പിന്നര്‍ എന്നതാവും നായകന്‍ തിരഞ്ഞെടുക്കുന്ന വഴി. ഇന്ത്യന്‍ ബൗളിംഗ് നിരയിലേക്ക് വെറ്ററന്‍ പേസര്‍ സഹീര്‍ ഖാന്റെ മടങ്ങി വരവാണ് എടുത്തുപറയേണ്ടത്.
ഓഫ് സ്പിന്നര്‍ ലേബലിലുള്ള ആര്‍ അശ്വിന്‍ മികച്ച ആള്‍റൗണ്ടര്‍ എന്ന നിലയില്‍ പേരെടുത്തതിനാല്‍ ആ നിലക്ക് ഒരു അധിക ആനുകൂല്യവും ഇന്ത്യക്ക് ലഭിക്കും. രണ്ട് ടെസ്റ്റ് സെഞ്ച്വറികള്‍ അശ്വിന്‍ കുറിച്ചിട്ടുണ്ട് എന്നതിനാല്‍ ബാറ്റിംഗിന് ഇത് ആഴം നല്‍കും. അശ്വിന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ ആഴം എതിര്‍ ടീമിന് സമ്മര്‍ദ്ദമുണ്ടാക്കാന്‍ പര്യാപ്തമാണെന്ന് മോണ്‍ മോര്‍ക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി.
കരുത്തോടെ ദക്ഷിണാഫ്രിക്ക
ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് രാജ്യമെന്ന പദവിക്ക് അനുയോജ്യമായ കളിയാണ് സമീപ കാലത്ത് ദക്ഷിണാഫ്രിക്ക പുറത്തെടുത്തിട്ടുള്ളത്. എങ്കിലും വാണ്ടറേര്‍സില്‍ അവര്‍ ഇന്ത്യയോട് ടെസ്റ്റ് തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ടെന്നുള്ളതും ചരിത്രം. 2006ല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലെത്തിയ ഇന്ത്യന്‍ സംഘമാണ് ഇവിടെ ടെസ്റ്റ് വിജയം കൈപ്പിടിയിലൊതുക്കിയത്. മലയാളി പേസര്‍ ശ്രീശാന്തിന്റെ എട്ട് വിക്കറ്റ് പ്രകടനവും ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരുടെ ബാറ്റിംഗുമായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ കാതല്‍. എങ്കിലും ആ ഓര്‍മയൊന്നും ഇന്നത്തെ ദക്ഷിണാഫ്രിക്കന്‍ കരുത്തിനെ തളക്കാന്‍ പര്യാപ്തമല്ലെന്ന് മറ്റാരേക്കാളും നന്നായി ധോണിക്കറിയാം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിംഗിനെ നയിക്കുന്ന ഡെയ്ല്‍ സ്റ്റെയ്ന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് മുംബൈയിലെ പിച്ചല്ലെന്നും അരക്കൊപ്പം പൊന്തുന്ന വാണ്ടറേര്‍സിലെ പിച്ചാണെന്നും കരുതിയിരിക്കാനും സ്റ്റെയ്ന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.