National
ലോക്പാല്‍ ബില്‍ രാജ്യസഭ പാസ്സാക്കി
ന്യൂഡല്‍ഹി: അഴിമതി തടയുന്നതിനുള്ള ലോക്പാല്‍, ലോകായുക്ത ബില്‍ രാജ്യസഭ പാസ്സാക്കി. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. ബില്‍ അവതരിപ്പിച്ചയുടന്‍ പ്രതിഷേധവുമായി സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇതോടെ ഐകകണ്‌ഠ്യേനയാണ് ബില്‍ പാസ്സായത്. സി പി എമ്മിലെ സീതാറാം യെച്ചൂരി കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. കോര്‍പ്പറേറ്റുകളെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ഭേദഗതിയാണ് യെച്ചൂരി മുന്നോട്ട് വെച്ചത്. ബില്ലിനെ 19 പേര്‍ അനുകൂലിച്ചു. 151 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ ഇന്ന് ലോക്‌സഭയുടെ പരിഗണനക്ക് വരും.
കേന്ദ്രതലത്തില്‍ ശക്തമായ ലോക്പാല്‍ നിലവില്‍ വരുന്നതോടൊപ്പം ഒരു വര്‍ഷത്തിനകം സംസ്ഥാനതലത്തില്‍ ലോകായുക്തകള്‍ രൂപവത്കരിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 14 ഭേദഗതികളോടെയാണ് പാര്‍ലിമെന്ററി കാര്യ മന്ത്രി വി നാരായണ സ്വാമി ബില്‍ അവതരിപ്പിച്ചത്. അഴിമതിയാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ റെയ്ഡ് അടക്കമുള്ള നടപടികള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് വേണ്ടതില്ലെന്ന സുപ്രധാന ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തി. ബി ജെ പിയാണ് ഈ ഭേദഗതി കൊണ്ടുവന്നത്. സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ ബില്ലിന്റെ പരിധിയില്‍ വരും.
2011ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും സഭ പിരിഞ്ഞതോടെ പാസ്സാക്കാനായില്ല. ബില്‍ പാസ്സാക്കിയ രാജ്യസഭയെ, ലോക്പാലിന് വേണ്ടി കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരമിരിക്കുന്ന ഹസാരെ അഭിനന്ദിച്ചു.