Articles
സത്യത്തില്‍ ഏതാണ് നിങ്ങളുടെ സമരം?
“പരമ്പരാഗതമായ കാല്‍പ്പന്തുകളിയുടെ ജനകീയ ഉത്സവമായി മാറിയ സന്തോഷ് ട്രോഫിയെ കോര്‍പ്പറേറ്റ്‌വത്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പുതിയ കാലത്തിന്റെ സമരമാര്‍ഗം സ്വീകരിച്ചുകൊണ്ട്” ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മലപ്പുറം ജില്ലയിലെ അരീക്കോട്ട് കാല്‍പ്പന്ത്കളിച്ചു കൊണ്ടിരുന്ന അതേ നേരത്ത് ബംഗ്ലാദേശിലെ സറഷ്‌കതി ഗ്രാമത്തിലെ വീട്ടില്‍ നിന്നും ജഡ്ജി അലിയെ പിടിച്ചിറക്കിക്കൊണ്ടുവന്ന് കഴുത്തറുത്തും ചാപൈ നവാബ് ഗഞ്ച് ജില്ലയിലെ ജസ്റ്റിസ് എ ടി എം ഫസലേ കബീറിന്റെ വീടിനു നേരെ കൈ ബോംബ് എറിഞ്ഞും സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ധാക്കയിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ ഉന്നത നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ തൂക്കിലേറ്റിയതാണ് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. നേരത്തെ വധശിക്ഷക്ക് വിധിക്കപ്പെട്ട മുല്ല സമര്‍പ്പിച്ച റിവ്യൂ ഹരജി സുപ്രീം കോടതി തള്ളി മണിക്കൂറുകള്‍ക്കകം തന്നെ ശൈഖ് ഹസീനയുടെ ഭരണകൂടം വിധി നടപ്പിലാക്കുകയായിരുന്നു. അതോടെ, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ബേ1ാംബും വടിവാളും അരയില്‍ തിരുകി ബംഗ്ലാദേശില്‍ ഉടനീളം അഴിഞ്ഞാടി. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ ജീവനും സ്വത്തും വ്യാപകമായി നശിപ്പിച്ചു. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ കൊടിയും ഫ്‌ളക്‌സ് ബോര്‍ഡും പിടിച്ചു പ്രതിഷേധ പ്രകടനം നടത്തി.
1971ലെ യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് ബംഗ്ലാദേശിലെ ശൈഖ് ഹസീന വാജിദ് നേതൃത്വം നല്‍കുന്ന അവാമി ലീഗ് സര്‍ക്കാര്‍ രൂപം നല്‍കിയ ഇന്റര്‍നാഷനല്‍ ക്രൈം ട്രൈബ്യൂണല്‍ ജനാധിപത്യത്തെ തന്നെയാണ് തൂക്കിലേറ്റുന്നതെന്നും ഭീകരവേട്ടയുടെ പേരില്‍ സാമ്രാജ്യത്വ ശക്തികള്‍ ആഗോള തലത്തില്‍ നടപ്പാക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ തുടര്‍ച്ചയാണിതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ രോഷം കൊണ്ടു. അടുത്ത മനുഷ്യാവകാശ സെമിനാറില്‍ ആരെങ്കിലും ചോദ്യം ചോദിക്കും എന്ന ഭയം ഇല്ലാത്തതിനാലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുക പോലുള്ള ലൗകിക കാര്യങ്ങളില്‍ താത്പര്യമില്ലാത്തതിനാലും ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മച്ചുനന്‍ ലശ്കറെ ത്വയ്യിബയുടെ മേധാവി ഹാഫിസ് മുഹമ്മദ് സഈദ് കാര്യങ്ങള്‍ നേരെ ചൊവ്വേ അങ്ങ് പറഞ്ഞു. മുല്ലയുടെ വധശിക്ഷയില്‍ “കടുത്ത രീതി”യില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഹാഫിസ് സഈദ് ആഹ്വാനം ചെയ്തു. പോരാത്തതിന് ലശ്കറെ ത്വയ്യിബയുടെ നേതൃത്വത്തില്‍ മുല്ലക്ക് വേണ്ടി പാക്കിസ്ഥാനില്‍ പ്രാര്‍ഥനാ ചടങ്ങുകളും സംഘടിപ്പിച്ചു.
വധശിക്ഷ മനുഷ്യത്വവിരുദ്ധമായ നടപടിയാണെന്നും അത് നിരോധിക്കണമെന്നുമുള്ള ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ നടക്കുന്നതിനിടെയാണ് മുല്ലയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളുന്നതും സര്‍ക്കാര്‍ തിരക്കിട്ട് ശിക്ഷ നടപ്പാക്കിയതും. വധശിക്ഷ പോലുള്ള ശിക്ഷാ നടപടികളോട് ആധുനിക സമൂഹങ്ങള്‍ സ്വീകരിക്കേണ്ട സമീപനത്തെ പാടെ അവഗണിച്ചുകൊണ്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ ധൃതി പിടിച്ച് നടപ്പിലാക്കിയ വിധി സാങ്കേതികമായി ശരിയാണെന്ന് വാദിക്കാം. പക്ഷേ, അതിലടങ്ങിയ രാഷ്ട്രീയ നൈതിക പ്രശ്‌നങ്ങളെ അവഗണിക്കാനാകില്ല തന്നെ. പക്ഷേ, ആ പരിഗണന വെച്ചു അവഗണിച്ചു തള്ളേണ്ടതല്ല മുല്ലയും സംഘവും ബംഗ്ലാദേശ് വിമോചന യുദ്ധ കാലത്ത് ചെയ്ത ക്രൂര കൃത്യങ്ങള്‍. വധശിക്ഷയെ കുറിച്ചുള്ള ആധുനിക, രാഷ്ട്രീയ നൈതിക പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ തന്നെ, കേരളത്തില്‍ ആരിഫലിയും പാക്കിസ്ഥാനില്‍ ഹാഫിസ് മുഹമ്മദ് സഈദും ബംഗ്ലാദേശില്‍ മുല്ലയും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന “ദൈവിക ഭരണ”ത്തിന് കീഴില്‍ ഈ വക തെറ്റ് ചെയ്തയാളെയും സംഘത്തെയും എങ്ങനെ ശിക്ഷിക്കണമെന്നാണ് വിശദീകരിക്കുന്നത് എന്ന കാര്യം ഒരു കൗതുകത്തിനെങ്കിലും അറിഞ്ഞുവെക്കുന്നത് നല്ലതാണ്. ആ തെറ്റുകകള്‍ അത്ര മാത്രം ക്രൂരമായതുകൊണ്ടാണ് മുല്ലയുടെ വധ ശിക്ഷയിലെ ജനാധിപത്യവിരുദ്ധതയെ ചൂണ്ടിക്കാണിക്കുന്നവരും 1971ല്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ സംഘടിത രൂപത്തില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തായിരുന്നുവെന്നതിനെ കുറിച്ചു മൗനം പാലിക്കുന്നത്. അവാമി ലീഗിന്റെ ശക്തമായ അടിച്ചമര്‍ത്തലും വര്‍ഷങ്ങളോളം നീണ്ട നിരോധവും ഉണ്ടായിട്ടും മുല്ലയെ തൂക്കിലേറ്റി മണിക്കൂറുകള്‍ക്കകം അതീവ സുരക്ഷാ മേഖലകളില്‍ താമസിക്കുന്ന ഉന്നത ന്യായാധിപന്മാര്‍ ഉള്‍പ്പടെയുള്ളവരെ കഴുത്തറുത്ത് കൊല്ലാനും ബംഗ്ലാദേശിലെ ബംഗ്ല സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കും ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ സംഘടിത അക്രമം നടത്താനും ജമാഅത്തെ ഇസ്‌ലാമിക്ക് കഴിഞ്ഞു. എങ്കില്‍ ഈ വക അടിച്ചമര്‍ത്തലുകളും നിരോധങ്ങളും ഒന്നുമില്ലാതിരുന്ന, പോരാത്തതിന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ലോഭമായ സഹായം ഉണ്ടായിരുന്ന ഒരു കാലത്ത് ചെയ്തിട്ടുണ്ടാകാന്‍ ഇടയുള്ള ക്രൂരതകള്‍ ഊഹിക്കാവുന്നതേ ഉള്ളൂ.
1971ലെ ബംഗ്ലാദേശ് വിമോചന സമരകാലത്ത് രാജ്യത്തെ അക്രമിച്ച പാക്കിസ്ഥാന്‍ സൈന്യത്തോട് ചേര്‍ന്ന് രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും ബംഗ്ലാദേശിനെ ആക്രമിച്ച പാക് സൈന്യത്തെ നേരിടാന്‍ രുപവത്കരിച്ച മുക്തിബാഹിനി എന്ന പട്ടാളവും സാധാരണക്കാരും ചേര്‍ന്ന സംഘത്തിന് നേരെ ഒളിയാക്രമണങ്ങള്‍ നടത്താന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അല്‍ ബദര്‍, അല ശംസ് തുടങ്ങിയ പാരാ മിലിട്ടറി ഫോഴ്‌സുകള്‍ക്ക് രൂപം നല്‍കി, സ്വാതന്ത്ര്യ വാദമുയര്‍ത്തിയവരെ കൊന്നൊടുക്കി, സ്ത്രീകളെ വ്യാപകമായി വംശീയ ബലാത്‌സംഗം നടത്തി ബംഗ്ലാ സമൂഹത്തെ ഭയപ്പെടുത്താന്‍ നേതൃത്വം നല്‍കി (ബലാത്‌സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സ്ത്രീകളുടെ ഓര്‍മക്ക് വേണ്ടി ധാക്കയിലെ മുജീബ് നഗറില്‍ ഒരു സ്മാരകം തന്നെയുണ്ടിപ്പോള്‍) തുടങ്ങിയ കുറ്റങ്ങളാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കളുടെയും പേരില്‍ യുദ്ധകാല കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ചാര്‍ത്തിയത്. 1973നു ജൂലൈയില്‍ സ്വതന്ത്ര ബംഗ്ലാദേശ് പാസ്സാക്കിയ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂനല്‍ ആക്ട് പ്രകാരമാണ് മുല്ല ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്തതും തെറ്റുകാരാണ് എന്ന് കണ്ടെത്തിയതും. ഇത്തരം കുറ്റക്കാര്‍ക്ക് രാജ്യത്തെ മറ്റു പൗരന്മാര്‍ക്കുള്ള യാതൊരുവിധ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹതയില്ല എന്ന നിയമവും അതേ വര്‍ഷം തന്നെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പാസ്സാക്കി. ട്രൈബ്യൂനല്‍ ശരിയാണെന്ന് കണ്ടെത്തിയ ആരോപണങ്ങളെ സുപ്രീം കോടതിയും ശരി വെച്ചതോടെയാണ് മുല്ലയുടെ വധശിക്ഷക്ക് കളമൊരുങ്ങിയത്.
ഇവിടെ ശ്രദ്ധാപൂര്‍വം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത; സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബംഗ്ലാദേശികളുടെ മുറവിളി പൊടുന്നനെ ഉണ്ടായതല്ല എന്നതാണ്. ഐക്യ പാക്കിസ്ഥാനില്‍ നിന്നു നേരിട്ട നീണ്ട കാലത്തെ കടുത്ത അവഗണനയാണ് ബംഗ്ലാദേശുകാരെ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തെറിഞ്ഞത്. ബംഗാളി ഭാഷയെ ഉറുദുവിനൊപ്പം ദേശീയ ഭാഷകളില്‍ ഒന്നായി അംഗീകരിക്കണമെന്ന ബംഗ്ലാദേശുകാരുടെ ആവശ്യത്തെ 1950കളില്‍ തന്നെ ഐക്യ പാക്കിസ്ഥാന്‍ സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുകയാണുണ്ടായത്. ആ സമരത്തില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ഥികള്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. അതിന്റെ ഓര്‍മക്കാണ് യുനെസ്‌കോ നവംബര്‍ 17 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. പിന്നീട് ഈ സമരങ്ങള്‍ ശക്തിപ്രാപിച്ചത് 1970ല്‍ ബംഗ്ലാദേശില്‍ ഉണ്ടായ, അതിശക്തമായ നാശനഷ്ടങ്ങളും ആളപായവും ഉണ്ടാക്കിയ കൊടുംകാറ്റിന്റെ കെടുതികളെ ഐക്യ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവഗണിച്ചതും 1970ലെ ബംഗ്ലാ പാര്‍ട്ടികള്‍ നേടിയ വിജയത്തെ പാക്കിസ്ഥാന്‍ അംഗീകരിക്കാതിരുന്നതുമാണ്. കിഴക്കന്‍ പാര്‍ട്ടികളുടെ വിജയം സൈന്യം അംഗീകരിക്കുക, അല്ലെങ്കില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാനില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു ബംഗ്ലാദേശികളുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ മേഖലയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ വിശാലമായ താത്പര്യങ്ങള്‍ക്ക് തടസ്സമാകും എന്നതിനാല്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പാക് സൈന്യത്തോട് ചേര്‍ന്ന് ബംഗ്ലാദേശികളെ ഒറ്റുകൊടുക്കുകയായിരുന്നു.
ഐക്യകേരളത്തിന്റെ രൂപവ്തകരണത്തിന് ശേഷം വികസന കാര്യങ്ങളില്‍ മലബാറുകാര്‍ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന മലബാറിലെ ജനങ്ങളെ തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയവരെ ഉപയോഗപ്പെടുത്തി കേരള സര്‍ക്കാറും പോലീസും അടിച്ചൊതുക്കുകയും കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്താല്‍, മലബാറിലെ സ്ത്രീകളുടെ മാനം പിച്ചിച്ചീന്താന്‍ കുടിയേറ്റക്കാര്‍ പോലീസിന് ഒത്താശ ചെയ്യുകയും കൂടെക്കൂടുകയും ചെയ്താല്‍ എങ്ങനെയിരിക്കും? ചുരുക്കത്തില്‍ അതാണ് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി അവിടുത്തെ ജനങ്ങളോട് ചെയ്തത്.
യുദ്ധത്തില്‍ തങ്ങള്‍ പാക്കിസ്ഥാനോടോപ്പമായിരുന്നുവെന്ന വസ്തുത ബംഗ്ലാദേശ് ജമാഅത്തും അംഗീകരിക്കുന്നുണ്ട്. പക്ഷേ, പാക്കിസ്ഥാനെ പിന്തുണച്ചത് തങ്ങള്‍ മാത്രമല്ല എന്ന വാദം ഉയര്‍ത്തിയാണ് അതിക്രമങ്ങളെ അവര്‍ ന്യായീകരിക്കുന്നത്. ഒപ്പം ടൈബ്യൂനല്‍ ആക്ട് പ്രകാരം സൈനികരെ മാത്രമേ ശിക്ഷിക്കാന്‍ വകുപ്പുള്ളൂ, ആദ്യം പ്രതിപ്പട്ടികയില്‍ ചേര്‍ത്ത 185 കുറ്റവാളികളില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ ഇല്ല, ഇപ്പോള്‍ വിധി നടപ്പിലാക്കിയ അവാമി ലീഗുമായി 80കളിലെ ജനാധിപത്യ സമരങ്ങളില്‍ ഒരുമിച്ചു നിന്നപ്പോഴും 90ലെ കാവല്‍ സര്‍ക്കാറില്‍ ഒന്നിച്ചുണ്ടായപ്പോഴും ഒരെതിര്‍പ്പും പറഞ്ഞിട്ടില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ നിരത്തുന്നത്. പക്ഷേ, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ പത്രപ്രവര്‍ത്തകരെയും അക്കാദമിക് പണ്ഡിതന്മാരെയും തിരഞ്ഞുപിടിച്ചു കൊല്ലാന്‍ സഹായം ചെയ്തത് ജമാഅത്തിന്റെ നേതൃത്വത്തിലുള്ള അല്‍ ബദര്‍, അശ്ശംസ് സംഘങ്ങളില്‍ പെട്ടവരായിരുന്നുവെന്ന് വിവിധ അന്വേഷണ സംഘങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
അവാമി ലീഗ് രാഷ്ട്രീയലാഭം കൊയ്യാന്‍ വേണ്ടിയാണ് മുല്ലയെ തൂക്കിലേറ്റിയിരിക്കുന്നത് എന്ന് വാദത്തിനു സമ്മതിച്ചാല്‍ തന്നെ, ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും കണ്ടെത്തലുകള്‍ ശരിയല്ലാതാകുമോ? അതുകൊണ്ടാണ് കേരളത്തിലെ അമീര്‍ ബംഗ്ലാദേശിലെ ട്രൈബ്യൂണലിനു അന്താരാഷ്ട്ര അംഗീകാരം ഇല്ല എന്ന് തന്റെ പ്രസ്താവനയില്‍ ഒരു മുഴം മുന്‍പേ എറിഞ്ഞത്. അമീര്‍ ഇല്ല എന്ന് പറയുന്ന അംഗീകാരം, അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെയുള്ള, അമീറിന്റെ സഖാക്കള്‍ സാമ്രാജ്യത്വ ശക്തികള്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ അംഗീകാരമാണ്. മുല്ലയെ പോലുള്ള ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ട ഒന്നാണല്ലോ ഈ അന്താരാഷ്ട്ര അംഗീകാരം. ബംഗ്ലാദേശ് വാര്‍ െ്രെകം ട്രൈബ്യൂണലിന് ഐ എസ് ഐ മുദ്ര ഇല്ല എന്ന് പറയാത്തത് ഭാഗ്യം!.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ കോടതികള്‍ കണ്ടെത്തിയ കുറ്റങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെയാണ് മുല്ലയുടെ വധശിക്ഷയെ ഒരു മനുഷ്യാവകാശ, ജനാധിപത്യ പ്രശ്‌നമായി ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്നത്. സ്വന്തം ജനതയെ ഒറ്റുകൊടുക്കുകയും കുരുതി കൊടുത്തു കൊല്ലുകയും ചെയ്തവരോട് മൗദൂദിയന്‍ നിയമപ്രകാരം സ്വീകരിക്കേണ്ട ശിക്ഷാ നടപടികള്‍ എങ്കിലും സ്വീകരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ബാധ്യതയുണ്ട്. അതിനു പകരം, സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞു ബംഗ്ലാദേശിലെ ഇരകള്‍ക്ക് നീതി നിഷേധിക്കുന്നത് ജനാധിപത്യത്തോട് മാത്രമല്ല, “ഹുകൂമത്തെ ഇലാഹി”യോടും ചെയ്യുന്ന അനീതിയായിരിക്കും. ഇനി അതല്ല ഇത്തരം നീതിപുസ്തകങ്ങളൊക്കെ സന്തോഷ് ട്രോഫിയുടെ കോര്‍പറേറ്റ്‌വത്കരണം, കൂടംകുളം, അട്ടപ്പാടി ശിശുമരണം, ടോള്‍ പിരിവ്, ആത്മീയ ചൂഷണം തുടങ്ങിയ അപരാധങ്ങള്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കാരല്ലാത്ത അപരാധികള്‍ക്കും മാത്രമാണോ ബാധകം?
സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ഒരു സംഘടനയോട് സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം? ആ നിലപാട് വിശദീകരിക്കുന്നതിനു പകരം; ഇന്ത്യയില്‍ മുസ്‌ലിം ലീഗ് വിഭജനത്തെ അനുകൂലിച്ചും കോണ്‍ഗ്രസ് എതിര്‍ത്തും നിന്നിട്ടില്ലേ, പിന്നീട് വിഭജനത്തിനു ശേഷം ഇന്ത്യയില്‍ രണ്ട് പാര്‍ട്ടികളും ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടില്ലേ, അങ്ങനെ ഞങ്ങളെയും പരിഗണിച്ചു കൂടേ, ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ഞങ്ങളുടെ ചില സ്ഥനാര്‍ഥികളും വിജയിച്ചിട്ടില്ലേ തുടങ്ങിയ എല്‍ കെ ജി ന്യായങ്ങളാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ ഉയര്‍ത്തുന്നത്. സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത നടപടികള്‍ക്ക് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയുന്നതിന് പകരം വീണ്ടും 40 വര്‍ഷത്തിനു മുന്‍പ് എടുത്ത ആയുധങ്ങള്‍ വീണ്ടുമെടുത്ത് യുദ്ധത്തിനിറങ്ങുകയാണ് ബംഗ്ലാദേശിലെ മൗദൂദികള്‍. അവരെ ജനാധിപത്യത്തിന്റെ കാവല്‍ മാലാഖമാരായി അവതരിപ്പിക്കാനാണ് ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ടു മാത്രം ശീലമുള്ള കേരളത്തിലെ മൗദൂദിയന്‍ ജനാധിപത്യ പോരാളികള്‍ ഇപ്പോള്‍ തെരുവിലിറങ്ങി ജാഥ നടത്തുന്നതും അങ്ങാടികളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതും. 1971ല്‍ ചെയ്ത പാതകങ്ങള്‍ ബംഗ്ലാദേശ് ജനത പൊറുത്തു തരാമെന്നാണെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത അതിക്രമങ്ങള്‍ ജമാത്തെ ഇസ്‌ലാമി എങ്ങനെയാണ് ന്യായീകരിക്കുക?
മുല്ലയുടെ വധത്തിനു ശേഷം ജമാത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശിലും മറ്റും നടന്ന അതിക്രമങ്ങളുടെ തോത് മാത്രം മതി ഈ സംഘടനയുടെ യഥാര്‍ഥ ഉദ്ദേശ്യവും അതിനായി ഒരുക്കൂട്ടിയ സന്നാഹങ്ങളും മനസ്സിലാക്കാന്‍. വഴിയിലുള്ള തടസ്സം നീക്കല്‍ മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവരാണ് കഴുത്തറുത്തും കൊന്നും കൊലവിളി നടത്തിയും ജനജീവിതം സ്തംഭനാവസ്ഥയിലാക്കുന്നത്. ജമാഅത്തിന്റെ ഈ രാഷ്ട്രീയ അന്തര്‍ധാരയുടെ പൊരുള്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ ഈ അതിക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ന്യായീകരണവുമായി രംഗത്തെത്തുകയും ചെയ്തത് ആരാണ് എന്ന് പരിശോധിച്ചാല്‍ മതി. അതില്‍ പ്രധാനി ലഷ്‌കറെ ത്വയ്യിബയുടെ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദാണ്. ഹാഫിസ് മുഹമ്മദിന്റെ പ്രസ്താവന മാധ്യമം പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചതും വെറുതെയായിരിക്കില്ല. “കടുത്ത പ്രതിഷേധം” നടത്തണമെന്നാണ് ഹാഫിസ് ജമാഅത്ത് അനുയായികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ലശ്കറെ ത്വയ്യിബയുടെ കടുത്ത പ്രതിഷേധങ്ങളില്‍ ഇതുവരെയും പോസ്റ്റര്‍ ഒട്ടിക്കലും സെമിനാര്‍ സംഘടിപ്പിക്കലും മാര്‍ച്ചും ധര്‍ണയും ഉള്‍പ്പെട്ടിട്ടില്ല എന്നാണ് ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. അപ്പോള്‍ പിന്നെ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ എന്ത് തരം കടുത്ത പ്രതിഷേധം പ്രകടിപ്പിക്കണമെന്നായിരിക്കും ലശ്കറെ ത്വയ്യിബ സ്ഥാപക നേതാവും മാധ്യമവും ആഗ്രഹിക്കുന്നുണ്ടാകുക?
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിയുടെ അതിക്രമങ്ങളിലെ പ്രധാന ഇരകള്‍ അവിടുത്തെ ന്യൂനപക്ഷ സമുദായക്കാരായ ഹിന്ദുക്കളാണ്. അവരുടെ ജീവനും സ്വത്തിനുമാണ് ഈ അതിക്രമങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഈ അതിക്രമങ്ങള്‍ അതുകൊണ്ടുതന്നെ ഇന്ത്യന്‍ മുസ്‌ലിംകളെ കൂടി ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ എത്തിനില്‍ക്കെ, ഉത്തരേന്ത്യയില്‍ ബി ജെ പിക്ക് ഹിന്ദു വോട്ടുകള്‍ എകീകരിക്കാനുള്ള മികച്ച ഒരവസരമാണ് ജമാഅത്തെ ഇസ്‌ലാമി ഒരുക്കിക്കൊടുത്തിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പില്‍ മാത്രമല്ല, തുടര്‍ന്നും ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിലും അനുരണനങ്ങള്‍ ഉണ്ടാക്കും എന്ന് തീര്‍ച്ചയാണ്. മുസ്‌ലിംകളില്‍ നിന്നു “ഭീഷണി സുരക്ഷിതരല്ലാത്ത” ഹിന്ദുക്കളെ ചൂണ്ടിക്കാട്ടിയാണല്ലോ സംഘപരിവാര്‍ ഇപ്പോഴും ഡല്‍ഹിയിലേക്കുള്ള അവരുടെ യാത്ര എളുപ്പമുള്ളതാക്കിയത്. ദയവ് ചെയ്തു ഇപ്പോള്‍ തന്നെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന, റിക്ഷ വലിച്ചും വെള്ളം കോരിയും എല്ലും തോലുമായ ആ പാവം മുസ്‌ലിംകളുടെ ജീവിതം വീണ്ടും അരക്ഷിതത്വം നിറഞ്ഞതാക്കനുള്ള അവസരമുണ്ടാക്കരുതേ. ഇത്തരം അതിക്രമങ്ങളെ തള്ളിപ്പറയുന്നതിനു പകരം അണികളെക്കൊണ്ട് നാട് നീളെ പ്രകടനം വിളിപ്പിച്ചാല്‍ പാക്കിസ്ഥാനിലിരുന്നു ഹാഫിസ് അഹ്മദ് ഒരു പക്ഷേ ചിരിക്കുമായിരിക്കും. പകരം കണ്ണീര് കുടിക്കുക ഇന്ത്യയിലെ പാവപ്പെട്ട മുസ്‌ലിംകളായിരിക്കും.
ഭൂരിപക്ഷമാകുമ്പോഴും ശക്തിയും സ്രോതസ്സുകളും ഉണ്ടാകുമ്പോഴും ഒരാള്‍/ ഒരു സംഘം സമൂഹത്തിലെ ന്യൂനപക്ഷങ്ങളോടും അബലരോടും എങ്ങനെ പെരുമാറുന്നു എന്നതാണ് അവരുടെ രാഷ്ട്രീയം എന്താണെന്നും കൂറ് ആരോടാണ് എന്നും തീരുമാനിക്കുന്നത്. സമൂഹത്തിലും സമുദായത്തിലും ന്യൂനപക്ഷമായിരിക്കുമ്പോള്‍ “ബഹുസ്വരതയാണ് ഞങ്ങളുടെ രാഷ്ട്രീയം” എന്ന് പറയാന്‍ എളുപ്പം കഴിയും. ഭൂരിപക്ഷമായിരിക്കുമ്പോഴും അതിനു കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. ഇവിടെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ പിരിവ്, നാടകം, ലേഖനം, വിഷന്‍, മിഷന്‍, സെമിനാര്‍ എന്നിവ നടത്തുക; ബംഗ്ലാദേശില്‍ ബലാത്‌സംഗം ചെയ്യലും കഴുത്തറുക്കലും പെട്രോള്‍ ഒഴിച്ചു കത്തിക്കലും. ഇത് ജമാഅത്തിന്റെ ആത്യന്തിക ഐക്യദാര്‍ഢ്യം ആരോടാണ് എന്നാണ് പറഞ്ഞുതരുന്നത്. ഇവിടെ സ്‌നേഹസംവാദവും സമര സദ്യയും അവിടെ ബോംബേറും കഴുത്തറക്കലും. സത്യത്തില്‍ ഇതില്‍ ഏതാണ് നിങ്ങളുടെ യഥാര്‍ഥ സമരം?