Kerala
മരുന്നുകള്‍ക്ക് ന്യായമായ വിപണി വില നിശ്ചയിക്കണമെന്ന് കോടതി
കൊച്ചി: ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് ന്യായമായ വിപണി വില നിശ്ചയിച്ച് തോന്നിയപോലെ വില നിശ്ചയിക്കുന്ന രീതി നിര്‍ത്തണമെന്ന് എറണാകുളം കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. നിശ്ചയിച്ച വില മാത്രമേ ഈടാക്കാവൂ എന്ന് കോടതി ആശുപത്രികള്‍ക്കും മരുന്ന് കച്ചവടക്കാര്‍ക്കും നിര്‍ദേശം നല്‍കി.
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് മരുന്നുവ്യാപാരികളും ആശുപത്രികളും തോന്നിയപോലെ വില ഈടാക്കുന്നു എന്ന് കാണിച്ച് ജനപക്ഷം നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. വിവിധ കമ്പനികള്‍ 6200 രൂപക്ക് വില്‍ക്കുന്ന ക്യാന്‍സര്‍ മരുന്നുകള്‍ ഒരു രോഗിക്ക് 1400 രൂപക്ക് ലഭിച്ചത് ജനപക്ഷം ബില്ല് സഹിതം കോടതിയില്‍ ഹാജരാക്കി. മറ്റൊരു കമ്പനി 3200 രൂപക്ക് വില്‍ക്കുന്ന മരുന്ന് 850 രൂപക്ക് വാങ്ങിയതിന്റെ ബില്ലും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലും താഴ്ന്ന വിലക്കാണ് മരുന്ന് കടക്കാര്‍ക്ക് മരുന്ന് ലഭിക്കുന്നതെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കുറഞ്ഞ വിലക്ക് മരുന്ന് വിറ്റത് തങ്ങളുടെ ഔദാര്യമാണെന്നാണ് മരുന്ന് കമ്പനിക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി ഇത്തരം തെറ്റായ വിപണന തന്ത്രങ്ങള്‍ നടപ്പാക്കരുതെന്നും ഉത്തരവിട്ടു.