Connect with us

Gulf

സഫേല വിളവെടുപ്പുത്സവത്തിന് സലാല തീരങ്ങളില്‍ ഇന്നു തുടക്കം

Published

|

Last Updated

സലാല: ദോഫാര്‍ തീരങ്ങളില്‍ സ്വദേശികള്‍ക്ക് സമൃദ്ധിയുടെ ദിനരാത്രങ്ങള്‍ സമ്മാനിച്ച് ഈ വര്‍ഷത്തെ സഫേല വിളവെടുപ്പു കാലത്തിന് ഇന്നു തുടക്കം. മിര്‍ബാത്ത്, സദ, ഹദ്ബീന്‍ ശര്‍ബിതാത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് ഷെല്‍ ഫിഷ് വിഭാഗത്തില്‍പെട്ട സഫേലയുടെ ശേഖരണവും സംസ്‌കരണവും വിപണനവും ആഘോഷപൂര്‍വം നടക്കുക.
പത്തു ദിവസത്തേക്കു മാത്രമാണ് ഇത്തവണ സഫേല ശേഖരണത്തിന് അനുമതി. കഴിഞ്ഞ വര്‍ഷം വിളവെടുപ്പിന് അനുമതിയുണ്ടായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സഫേലയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് പത്തു ദിവസമാക്കി കുറച്ചത്. 2008 ല്‍ മൂന്നു വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2011 ലും 2012 ലും 30, 25 ദിവസങ്ങള്‍ ശേഖരണാനുമതി നല്‍കി. ഈ വര്‍ഷം അധികൃതരുടെ കണക്കു കൂട്ടലുകള്‍ക്കനുസരിച്ച് സഫേലയുടെ ലഭ്യതയില്‍ വര്‍ധനവ് വന്നിട്ടില്ല.
അതേ സമയം, മിര്‍ബാത്തിലുളള സലാല ഫിഷറീസ് റിസര്‍ച്ച് സെന്ററിനു കീഴില്‍ സഫേലയുടെ ശാസ്ത്രീയമായ സംരക്ഷണത്തിന് അധികൃതര്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. ശ്രമകരമായ സഫേല വിളവെടുപ്പിന് പരിശീലനം നേടുന്ന സ്വദേശികളെ സദയിലെ കടപ്പുറങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണാമായിരുന്നു. കടലില്‍ കൂടുതല്‍ സമയം മുങ്ങിനില്‍ക്കാനുളള പരിശീലനത്തിലാണ് യുവാക്കളും കുട്ടികളും മുതിര്‍ന്നവരുമുള്‍പെടെയുള്ളവര്‍ ഏര്‍പ്പെടുന്നത്.
ഓക്‌സിജന്റെയും ടോര്‍ച്ച് തുടങ്ങിയ ഉപകരണങ്ങളുടെയും സഹായമില്ലാതെ സൂര്യോദയം മുതല്‍ അസ്തമയം വരെയുളള സമയത്ത് മാത്രമാണ് സഫേല ശേഖരിക്കാന്‍ അനുമതി. പൂര്‍ണ വളര്‍ച്ചയെത്താത്ത സഫേലകളെ പിടിക്കരുതെന്ന് മത്സ്യ തൊഴിലാളികള്‍ക്ക് കര്‍ശനനിര്‍ദേശവും നല്‍കിയിട്ടുണ്ട്. സഫേല വിപണന മേഖലയില്‍ സ്വദേശികള്‍ക്കു കീഴില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് തിരക്കു പിടിച്ച കാലമാണ്. മലയാളികളെയാണ് മറ്റു രാജ്യക്കാരെക്കാള്‍ ഒമാനികള്‍ക്ക് വിശ്വാസം.
സഫേല വിപണനത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍ സംസ്‌കരണ ഘട്ടം വരെ വിദേശികളാണ് ആത്മാര്‍ഥമായി ജോലി ചെയ്യുന്നത്. കിലോക്ക് കഴിഞ്ഞ വര്‍ഷം 45 ഒമാനി റിയാല്‍ ആയിരുന്നു തത്‌സമയ വില. ഒന്നോ രണ്ടോ മാസങ്ങള്‍ക്കു ശേഷമാണെങ്കില്‍ കിലോക്ക് 50 റിയാല്‍ ലഭിച്ചിരുന്നു. ഒന്‍പത് സെന്റീമിറ്ററിനു താഴെ വലിപ്പമുളള സഫേലകളെ വാങ്ങരുതെന്ന് വ്യാപാരികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഫേല ശേഖരണത്തിന് പുറപ്പെടുന്നവരെ പരിശോധിക്കാന്‍ പോലീസും കടല്‍തീരങ്ങളില്‍ നിലയുറപ്പിക്കും.
പുറം തോടും ഉപയോഗ ശൂന്യമായ അവശിഷ്ടങ്ങളും ഒഴിച്ചു ബാക്കി വരുന്ന സഫേലക്കാണ് വില കണക്കാക്കുന്നത്. സഫേലക്ക് കേടു പറ്റാതെ പുറം തോട് അടര്‍ത്തിമാറ്റാന്‍ കത്തിപോലുള്ള പ്രത്യേക തരം ഉപകരണം ഉപയോഗിക്കുന്നു. 30 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് പുറം തോടിന് ഏഴു റിയാലാണ് കഴിഞ്ഞ വര്‍ഷത്തെ വില. കടല്‍ വെളളത്തില്‍ പുഴുങ്ങി വെയിലത്തുണക്കി സംസ്‌കരിച്ചതിനു ശേഷമാണ് സഫേല കയറ്റുമതി ചെയ്യുന്നത്. സഫേല ശേഖരണത്തിന് ലൈസന്‍സ് നിര്‍ബന്ധമായതിനാല്‍ അപേക്ഷകളുമായി കഴിഞ്ഞ ദിവസങ്ങളില്‍ സദയിലെ ഫിഷറീസ് ഓഫീസിനു മുമ്പില്‍ സ്വദേശികളുടെ തിരക്ക് കാണാമായിരുന്നു.

 

---- facebook comment plugin here -----

Latest