International
ആദ്യ കൃത്രിമ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

ലണ്ടന്‍: ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പാരീസില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 75 വയസ്സുകാരനായ ഫ്രഞ്ച് പൗരനാണ് ശസ്ത്രക്രിയയിലൂടെ കൃത്രിമ ഹൃദയം സ്ഥാപിച്ചത്. ഇതുപയോഗിച്ച് രോഗിക്ക് അഞ്ച് വര്‍ഷം വരെ ജീവിക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ അവകാശ വാദം.
പാരീസിലെ ജോര്‍ജസ് പോംപിഡ്യോ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയയെന്ന് ടെലഗ്രാഫ് പത്രം റിപ്പൊര്‍ട്ട് ചെയ്തു. ഫ്രഞ്ച് ബയോമെഡിക്കല്‍ സ്ഥാപനമായ കാര്‍മെറ്റ് രൂപകലപ്പന ചെയ്ത കൃത്രിമ ഹൃദയമാണ് വിജയകരമായി മനുഷ്യ ശരീരത്തില്‍ സ്ഥാപിച്ചത്. ശരീരത്തിന്റെ പുറത്ത് ഘടിപ്പിച്ച ലിത്തിയം അയേണ്‍ ബാറ്ററിയാണ് കൃത്രിമ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം നല്‍കുന്നത്.
നേരത്തെ ഉപയോഗിച്ചിരുന്ന കൃത്രിമ ഹൃദയങ്ങള്‍ താത്കാലികമായി മാത്രം ഉപയോഗിച്ചിരുന്നതാണെങ്കില്‍ ഈ കൃത്രിമ ഹൃദയം അഞ്ച് വര്‍ഷം വരെ ഉപയോഗിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൃത്രിമ ഹൃദയം രോഗിയുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.