Connect with us

Gulf

Exclusive: നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാര്‍ കൂട്ടരാജിക്ക്

Published

|

Last Updated

ദുബൈ: പ്രവാസി ഭാരതീയ ദിവസിലെ നടപടിക്രമങ്ങളില്‍ നോര്‍ക്ക റൂട്ട്‌സിലെ ചില ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്ക് പ്രതിഷേധം. ചില അംഗങ്ങള്‍ രാജിക്കൊരുങ്ങി. 2014 ജനുവരി ഏഴ് മുതല്‍ ഒമ്പത് വരെ ന്യൂഡല്‍ഹിയിലാണ് പ്രവാസി ഭാരതീയ ദിവസ്.

എന്‍ ആര്‍ ഐക്കാര്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍ ഏറ്റവും വലുതായ കേരളത്തിലെ നോര്‍ക്ക റൂട്ട്‌സിനെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതായാണ് പരാതി. മാത്രമല്ല, ഗള്‍ഫില്‍ വിദേശ ഇന്ത്യക്കാരില്‍ മഹാഭൂരിപക്ഷം വരുന്ന കേരളീയരുടെ ശബ്ദം പിബിയില്‍ ഉയര്‍ന്നുവരുന്നില്ല. ഇവരുടെ പ്രശ്‌നങ്ങള്‍ പ്രവാസി ഭാരതീയ ദിവസില്‍ ഉന്നയിക്കപ്പെടണമെങ്കില്‍, നോര്‍ക്ക അംഗങ്ങള്‍ക്ക് നടപടിക്രമങ്ങളില്‍ പങ്കാളിത്തം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതേവരെ ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. exclusive

ഗള്‍ഫിലെ ചിലര്‍ക്കടക്കം 14 വിദേശ ഇന്ത്യക്കാര്‍ക്ക് പുരസ്‌കാരം നല്‍കുന്നുണ്ട്. പക്ഷേ അര്‍ഹിക്കുന്ന പലരെയും തഴയാനുള്ള നീക്കമുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീമിനെ പരിഗണിച്ചിരുന്നുവെങ്കിലും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി.

പ്രവാസി പ്രശ്‌നങ്ങള്‍ അധികൃതരുടെ മുമ്പാകെ ഉന്നയിക്കാറുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍ക്കും മതിയായ പരിഗണന ലഭിച്ചില്ല. ഗള്‍ഫില്‍ ജയിലിലുള്ള കേരളീയരുടെ പ്രശ്‌നം ഉന്നയിക്കാനിരിക്കുകയായിരുന്നു. പക്ഷേ, ഒരു സെഷനിലും ഇസ്മായേല്‍ റാവുത്തറിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ജനുവരി ഏഴിന് രാവിലെ പത്തിനാണ് ഉദ്ഘാടനം. യുവാക്കള്‍ക്കു വേണ്ടിയാണ് ആദ്യ ദിനം നീക്കിവെച്ചിരിക്കുന്നത്. രണ്ടാം ദിവസം ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. മൂന്നാം ദിവസം സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചാണ് ചര്‍ച്ച. മൂന്നാം ദിവസം ഉച്ച കഴിഞ്ഞ് വിദേശ സംഘടനാ പ്രതിനിധികളുടെയും ഗള്‍ഫിലെ ഇന്ത്യക്കാരായ ആളുകളുടെയും വെവ്വേറെ ചര്‍ച്ചയുണ്ട്. പക്ഷേ, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാര്‍ക്ക് വേദിയില്‍ അവസരങ്ങളില്ല.

സംസ്ഥാന പ്രവാസികാര്യ വകുപ്പാണ് നിര്‍ദേശം അയക്കേണ്ടത്. പ്രവാസികാര്യ വകുപ്പ് ഇതേവരെ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല. യു എ ഇയിലെ ഇസ്മായേല്‍ റാവുത്തറടക്കം പല അംഗങ്ങളും രാജിക്കൊരുങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പരാതി പറഞ്ഞിട്ടുണ്ട്. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര മന്ത്രി വയലാര്‍ രവിയാണ്.

---- facebook comment plugin here -----

Latest