Malappuram
കുളമ്പ് രോഗം: ഇറച്ചി കോഴിക്ക് വില കുത്തനെ കൂടി
മലപ്പുറം: സംസ്ഥാനത്ത് ഇറച്ചി കോഴി വില കുത്തനെ കൂടി. ദിനേനെ രണ്ട് രൂപ മുതല്‍ മൂന്ന് രൂപവരെയാണ് വര്‍ധിക്കുന്നത്. ഈ മാസം അവസാനമാകുമ്പോഴേക്കും വില 200 കടക്കുമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍(കെ പി എഫ് എ) സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഖാദറലി സിറാജിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്നലെ ഒരു കിലോ കോഴി ഇറച്ചി വില 160 ഉം കൊച്ചിയില്‍ 170ഉം തൃശൂരില്‍ 180മാണ്. കുളമ്പ് രോഗം മൂലം മാട്ടിറച്ചി കിട്ടാത്തതിനാലും കര്‍ഷകരുടെ പക്കല്‍ കോഴിയില്ലാത്തതിനാലുമാണ് വില കുത്തനെ കൂടുന്നത്. തമിഴ്‌നാട് ലോബിയുടെ ഇടപെടല്‍മൂലം കഴിഞ്ഞ മാസം ഒന്ന് മുതല്‍ സംസ്ഥാനത്തേക്ക് കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നത് തമിഴ്‌നാട് നിര്‍ത്തിയിരുന്നു.
പിന്നീട് നവംബര്‍ 22 മുതലാണ് കുഞ്ഞുങ്ങളെ വിതരണം ചെയ്ത് തുടങ്ങിയത്. അടുത്ത മാസം രണ്ടോടെ കേരളത്തിലെ കര്‍ഷകരുടെ കോഴികള്‍ വിപണിയിലെത്തുന്നതോടെ വില കുറയും.
മലബാറിലാണ് ഏറ്റവും കൂടുതല്‍ കോഴി ഇറച്ചി ചെലവാകുന്നത്. കോഴിക്ക് വില കൂടുമ്പോഴാണ് ഇവിടെ കൂടുതല്‍ ചെലവ്. സാധാരണ ദിനപ്രതി ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം കിലോ വരെയാണ് ഒരു ദിവസം മലബാറില്‍ വിറ്റഴിക്കുന്നത്. എന്നാല്‍ വില കൂടുന്നതോടെ ഇത് മൂന്ന് ലക്ഷം വരെയാണ് വില്‍പ്പന നടക്കുന്നതെന്നും കെ പി എഫ് എ ഭാരവാഹികള്‍ പറയുന്നു.
നിലവില്‍ കോഴി വളര്‍ത്തല്‍ വ്യവസായ വകുപ്പിലോ, കൃഷി വകുപ്പിലോ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന കെ പി എഫ് എ സമ്മേളനത്തില്‍ കൃഷി വകുപ്പില്‍ ഉള്‍പ്പെടുത്താമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇത് യാഥാര്‍ഥ്യമായാല്‍ പ്രതിസന്ധിയിലായ കോഴി കര്‍ഷകര്‍ക്ക് കരുത്താകും. 20 ലക്ഷം രൂപവരെ പലിശരഹിത വായ്പ, സൗജന്യ വൈദ്യുതി, കോഴിതീറ്റക്ക് സബ്‌സിഡി, തമിഴ്‌നാട്ടില്‍ നിന്ന് കോഴികുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ ടാക്‌സ് ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാകും.
തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന വെന്‍ഗോമ്പ് 500 എന്ന പേരിലുള്ള കോഴികുഞ്ഞുങ്ങള്‍ കൃഷി ചെയ്യാന്‍ തമിഴ്‌നാടിനേക്കാള്‍ നല്ല കാലാവസ്ഥ കേരളത്തിലാണ്. ഇവിടെ 40 ദിവസം കൊണ്ട് രണ്ട് കിലോയിലധികം തൂക്കം ലഭിക്കും.
കോഴി വളര്‍ത്തല്‍ മേഖല കൃഷി വകുപ്പിന്റെ പരിധിയില്‍ വരുന്നതോടെ കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്ന് വന്നാല്‍ സംസ്ഥാനത്തിന് ആവശ്യമായ കോഴിയിറച്ചിക്കും മുട്ടക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ലെന്നും കെ പി എഫ് എ ഭാരവാഹികള്‍ പറഞ്ഞു.