Kerala
എം ജി സര്‍വകലാശാലാ വി സിക്ക് ഗവര്‍ണറുടെ നോട്ടീസ്
കോട്ടയം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് എം ജി സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ എ വി ജോര്‍ജിന് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. ബയോഡാറ്റാ തിരുത്തിയതിനാണ് നടപടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. എ വി ജോര്‍ജ്ജിന് വി സിയാകാന്‍ യോഗ്യതയില്ലെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് പുറത്താക്കുന്നതിന്റെ ആദ്യപടിയായാണ് നോട്ടീസ് നല്‍കിയതെന്നാണ് സൂചന.
കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാലയില്‍ പരിസ്ഥിതി ശാസ്ത്രവിഭാഗം മേധാവിയെന്ന നിലയിലാണ് ജോര്‍ജ്ജിനെ വി സി സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്നരമാസക്കാലം മാത്രം കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്ജ് നവംബര്‍ 30ന് ഇരിങ്ങാലക്കുടയിലെ ഒരു കോളേജില്‍ അദ്ധ്യാപകനായി തിരിച്ചെത്തിയിരുന്നു. പക്ഷേ ബയോഡാറ്റയില്‍ കേന്ദ്രസര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.
ഇതിന് പുറമെ ഇരിങ്ങാലക്കുടയിലെ കോളേജില്‍ 30 വര്‍ഷം ജിയോളജി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ മേധാവിയായിരുന്നെന്നും ബയോഡാറ്റയിലുണ്ട്. എന്നാല്‍ ഈ കോളേജില്‍ ജിയോളജി വിഭാഗത്തില്‍ പി ജി വിഭാഗം തുടങ്ങിയിട്ട് 10 വര്‍ഷമേ ആയിട്ടുള്ളൂ.
കേന്ദ്ര സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവിയെന്ന പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ്ജ് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ഗവര്‍ണര്‍ തള്ളുകയായിരുന്നു.