National
സോണിയ ഗാന്ധിക്കും രാഹുലിനുമെതിരേ പ്രചരണം നടത്തുമെന്ന് രാംദേവ്

ലക്‌നോ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു പി എ അധ്യക്ഷ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുമെതിരേ പ്രചരണം നടത്തുമെന്ന് ബാബ രാംദേവ്. അമേത്തിയില്‍ രാഹുലിന്റെയും റായ്ബറേലിയില്‍ സോണിയയുടെയും പരാജയം ഉറപ്പാക്കും. ലക്‌നോവില്‍ നടന്ന പൊതുപരിപാടിയിലാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുമെന്നും രാംദേവ് പറഞ്ഞു. മോഡിയില്‍ ഒരുപാട് പ്രതീക്ഷയും വിശ്വാസവും തനിക്കുണ്ട്. എന്നാല്‍ മോഡിയില്‍ മാത്രമേ വിശ്വാസമുള്ളുവെന്നും ബിജെപിയില്‍ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രാജ്യത്ത് ചരിത്രമാകും. ഹരിയാനയില്‍ സോണിയക്കും മരുമകന്‍ റോബര്‍ട്ട് വാധ്രരയ്ക്കും കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ടെന്നും രാംദേവ് ആരോപിച്ചു.