Connect with us

National

കെജരിവാള്‍ ശനിയാഴ്ച്ച ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ശനിയാഴ്ച്ച ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടന്ന രാംലീല മൈതാനിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ.

ഡല്‍ഹിയുടെ ഏഴാമത് മുഖ്യമന്ത്രിയായാണ് ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സ്ഥാനമേല്‍ക്കുന്നത്. മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സോംനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍ തുടങ്ങിയവര്‍ കേജരിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമാകുകയാണ്. ഒരു വര്‍ഷം മാത്രം പ്രായമുള്ള ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെയും ജനതാദള്‍ യുണൈറ്റഡ് എം എല്‍ എ ഷോയബ് ഇഖ്ബാലിന്റയും പുറത്തുനിന്നുള്ള പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുക.

അതേസമയം പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ കെജരിവാള്‍ നിഷേധിച്ചു. തന്നെ മന്ത്രിയാക്കത്തതിനെതിരെ വിനോദ് കുമാര്‍ ബിന്നി എന്ന എം എല്‍ എയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. തന്നെ മന്ത്രിയാക്കിയില്ലെങ്കില്‍ വാര്‍ത്താസമ്മേളനം നടത്തി സുപ്രധാന വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിന്നി ഭീഷണി മുഴക്കിയിരുന്നു.

 

 

 

Latest