Alappuzha
ഒമ്പതാണ്ട് പിന്നിട്ടിട്ടും സുനാമി ബാധിതരുടെ കണ്ണീര് തോര്‍ന്നില്ല
ആലപ്പുഴ: സുനാമി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകള്‍ക്ക് ഒമ്പതാണ്ട്. 2004 ഡിസംബര്‍ 26നാണ് അലറിവിളിച്ചെത്തിയ കൂറ്റന്‍ തിരമാലകള്‍ ആറാട്ടുപുഴയുടെ തെക്കന്‍ പ്രദേശങ്ങളായ വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുമ്പള്ളി എന്നിവിടങ്ങളില്‍ സംഹാര താണ്ഡവമാടിയത്. 29 മനുഷ്യജീവനുകളാണിവിടെ പൊലിഞ്ഞത്.
ജില്ലയുടെ വടക്കന്‍ ഭാഗമായ ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴിയിലും സുനാമി നാശം വിതച്ചു. മൂന്ന് പേര്‍ക്ക് ഇവിടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. കന്നുകാലികളും വളര്‍ത്തുമൃഗങ്ങളുമുള്‍പ്പെടെ ചത്തൊടുങ്ങുകയും ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരാക്കപ്പെടുകയും ചെയ്ത സുനാമിയെ ഇന്നും ഭീതിയോടെ മാത്രമേ ഇവിടുത്തുകാര്‍ക്ക് ഓര്‍ക്കാന്‍ കഴിയൂ.
കരിമണല്‍ ശേഖരം കൊണ്ട് സമ്പന്നമായ ആറാട്ടുപുഴ തീരപ്രദേശത്ത് കിലോമീറ്ററുകളോളം കടല്‍ ഭിത്തിയില്ലാത്തതായിരുന്നു ഇവിടെ സുനാമി കൂടുതല്‍ ആഘാതമേല്‍പ്പിക്കാന്‍ കാരണം. ആയിരങ്ങള്‍ ആഴ്ചകളോളം ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അകപ്പെട്ട ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍ മനസ്സിലാക്കാന്‍ പ്രധാനമന്ത്രിയടക്കം സംഭവസ്ഥലം സന്ദര്‍ശിക്കുകയും ദുരന്ത ബാധിതരെ സമാധാനിപ്പിക്കുകയും ചെയ്‌തെങ്കിലും പ്രദേശവാസികളുടെ ദുരിത ജീവിതത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. സര്‍വതും നഷ്ടപ്പെട്ട ജനങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പുനരധിവാസ പദ്ധതിയില്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ചെലവഴിച്ചത്. ദുരിതാശ്വാസ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് നിരവധി തവണ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയെങ്കിലും ഇനിയും ഇത് പൂര്‍ത്തിയായെന്ന് പറയാനാകാത്ത സ്ഥിതിയാണുള്ളത്.
പദ്ധതികള്‍ പലതും പാതിവഴിയിലാണ്. ആറാട്ടുപുഴയില്‍ മാത്രം 3,000 വീടുകളാണ് പുനരധിവാസ പദ്ധതിയില്‍ പെടുത്തി നിര്‍മിച്ചു നല്‍കി. 18.5 കോടി ചെലവഴിച്ച് നിര്‍മിച്ച ആറാട്ടുപുഴ – കായംകുളം ശുദ്ധജല വിതരണ പദ്ധതി കമ്മീഷന്‍ ചെയ്‌തെങ്കിലും പ്രദേശവാസികള്‍ക്ക് കുടിവെള്ളം ഇന്നും കിട്ടാക്കനിയാണ്. കടുത്ത ജലദൗര്‍ലഭ്യമാണ് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തില്‍ അനുഭവപ്പെടുന്നത്. ഓര് കലര്‍ന്ന ഉപ്പുവെള്ളമായതിനാല്‍ കിണറിനെയും ആശ്രയിക്കാന്‍ കഴിയില്ല. മൂന്ന് പേരുടെ ജീവന്‍ അപഹരിച്ച അന്ധകാരനഴിയിലെയും സ്ഥിതി ഭിന്നമല്ല.
അന്ധകാരനഴിയെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതികള്‍ സ്ഥലം എം എല്‍ എ മുന്‍കൈയെടുത്ത് നടത്തിയെങ്കിലും ഇതിന്റെ പ്രയോജനം പ്രദേശവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ദുരന്ത സ്മൃതിയില്‍ ഇന്ന് ആറാട്ടുപുഴയിലും അന്ധകാരനഴിയിലും പ്രത്യേക അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.