Connect with us

Articles

പ്രവാസി മലയാളികളുടെ ഫേസ്ബുക്ക് രാഷ്ട്രീയം

Published

|

Last Updated

ആം ആദ്മി പാര്‍ട്ടിയുടെ കേരള ഫേസ്ബുക്ക് പേജിലെ ലൈക്കുകള്‍ 1,40,000 കവിഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് കേരള പേജില്‍ ഒരു ലക്ഷത്തോളം പേര്‍ ചേര്‍ന്നത്. ഇതില്‍ വലിയൊരു വിഭാഗം ഗള്‍ഫ് നാടുകളില്‍നിന്നുള്ള മലയാളികളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന് പ്രഹരമേല്‍പ്പിച്ച് ഡല്‍ഹി ഭരിക്കാന്‍ നിയോഗിതമായ എ എ പിയുടെ പ്രധാന ഫേസ്ബുക്ക് പേജില്‍ ആകെ അംഗങ്ങളായത് 8,15,000 പേര്‍ മാത്രമാണെന്നതു കൂടി ചേര്‍ത്തു വായിക്കണം. സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പറ്റുന്നവരുടെ കൂട്ടായ്മയാണോ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി എന്ന് വ്യക്തമാകാനിരിക്കുന്നേയുള്ളൂ. എന്നാല്‍, വ്യവസ്ഥാപിതവും സാമ്പ്രദായികവുമായ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവര്‍ക്ക് കയറി നില്‍ക്കാന്‍ പറ്റുന്ന ഒരു തണലാണ് ആം ആദ്മി എന്നൊരു സങ്കല്‍പ്പം രൂപപ്പെട്ടിരിക്കുന്നു. നമ്മള്‍ മലയാളികളിലെ നവ ലിബറല്‍ മനസ്സും അങ്ങനെ ചിന്തിച്ചു തുടങ്ങുകയാണോ? അരാഷ്ട്രീയം എന്നു നാം കളിയാക്കിയിരുന്ന വ്യവസ്ഥാപിത കക്ഷിരാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പുകള്‍ക്കും ഒരു രാഷ്ട്രീയമുണ്ടെന്നതാണ് ഡല്‍ഹി തരുന്ന വെളിപാട്. അല്ലെങ്കില്‍ ഈ ജനം എവിടെയും ഇടപെടാതെ നിഷ്‌ക്രിയരായി നില്‍ക്കേണ്ടിയിരുന്നല്ലോ. പ്രവാസികളിലെ മലയാളികള്‍ക്ക് ഒരു “ആം ആദ്മി” മനസ്സ് നേരത്തെയുണ്ട്. അതിപ്പോള്‍ കനപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് മുന്നിലുള്ള അറിവുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു വാര്‍ത്ത പിന്‍വലിച്ച് എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിശദീകരണക്കുറിപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. മുസ്‌ലിം സ്ത്രീകളുടെ പര്‍ദധാരണം അപരിഷ്‌കൃതമെന്നു വിമര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ ശക്തമായ വിമര്‍ശത്തെ തുടര്‍ന്നാണ് വാര്‍ത്ത പിന്‍വലിക്കപ്പെട്ടത്. പ്രവാസികളില്‍ ഉണ്ടാക്കിയ “തെറ്റിദ്ധാരണ” സൂചിപ്പിച്ചു കൊണ്ടു തന്നെയാണ് എഡിറ്റര്‍ എം പി ബഷീര്‍ വിശദീകരണക്കുറിപ്പ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയത്. സോഷ്യല്‍ മീഡിയകളില്‍ ചാനലിനും ലേഖികക്കുമെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.
അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അഴിമതിവിരുദ്ധ സമരം തുടങ്ങും മുമ്പേ, അവിടെ സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെ ആയിരങ്ങള്‍ തടിച്ചു കൂടുന്നതിനും മുമ്പേ പ്രവാസി മലയാളികള്‍ സോഷ്യല്‍ മീഡിയകളെ കൈയടക്കാന്‍ തുടങ്ങിയിരുന്നു. അവര്‍ നാട്ടിലെ സകല രാഷ്ട്രീയ, സമൂഹിക, സാമുദായിക, മാധ്യമ അരുതായ്മകള്‍ക്കുമെതിരെ അതിശക്തമായി പ്രതികരിച്ചു പോന്നു. വിലാസം വെളിപ്പെടുത്താതെയും എഡിറ്റിംഗ് ഇല്ലാതെയും എന്തും പ്രകാശിപ്പിക്കാമെന്ന സോഷ്യല്‍ മീഡിയാ സ്വാതന്ത്ര്യം ആദ്യമാദ്യം ഉപയോഗിച്ച മലയാളികള്‍, പ്രവാസികള്‍ തന്നെയാണ്. അതില്‍ ശ്ലീലവും അശ്ലീലവും നേരും നുണയുമെല്ലാം വേണ്ടുവോളം ഇടകലര്‍ന്നു. കാര്യത്തിനൊപ്പം കാര്യമില്ലായ്മയും കടുംകൈകളും മോഷണവും മോര്‍ഫിംഗുമെല്ലാം സമ്മിശ്രങ്ങളായി.
പ്രവാസ മലയാളത്തിന്റെ എഡിറ്റിംഗില്ലാത്ത ആക്രമണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇരകളായവരിലധികവും കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളാണ്. പിന്നാമ്പുറങ്ങള്‍ ചികഞ്ഞെടുത്ത് അവതരിപ്പിക്കുന്ന മാധ്യമ ജാഗ്രതയുടെ സ്വതന്ത്ര ആവിഷ്‌കാരങ്ങളും ഈ നവതലമുറ മാധ്യമലോകത്ത് യഥേഷ്ടം കണ്ടു. ലീഗിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രസ്താവന വന്ന് മിനിറ്റുകള്‍ക്കകം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുഗ്രഹം തേടി ശിഹാബ് തങ്ങള്‍ക്കു മുന്നില്‍ തല കനിച്ചു നില്‍ക്കുന്ന മുരളീധരന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതു പോലുള്ള ഉദാഹരണങ്ങള്‍ നിരവധി.
സി പി എമ്മിലെ അന്തഃഛിദ്രവും വി എസ്-പിണറായി പോരും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കോമാളിത്തരങ്ങളും മതസംഘടനകളിലെ തര്‍ക്കങ്ങളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തത്സമയ ചര്‍ച്ചകളായി. പലപ്പോഴും നാട്ടില്‍ രംഗം ചൂട് പിടിക്കും മുന്നേ പ്രവാസികളില്‍ വിഷയങ്ങളും വിവാദങ്ങളും ആളിപ്പടരുകയും സൈബര്‍ യുദ്ധം തുടങ്ങുകയും ചെയ്തിരിക്കും. ഇന്ത്യാവിഷനെ തിരുത്തിച്ചതു പോലെ തന്നെ കനപ്പെട്ട മാധ്യമവിമര്‍ശങ്ങള്‍ വേറെയും സോഷ്യല്‍ മീഡിയകളില്‍ ശക്തിപ്പെട്ടു നില്‍ക്കുന്നു. മലയാളത്തിലെ ദൃശ്യ, അച്ചടി രംഗത്തെ വന്‍ സ്രാവുകളായ ഏഷ്യാനെറ്റും മനോരമയും തന്നെയാണ് വിമര്‍ശമേല്‍ക്കുന്നവരില്‍ മുന്‍പന്തിയില്‍.
പ്രതികരണങ്ങളും പ്രതിഷേധങ്ങളും സമാന്തര മാധ്യമ പ്രവര്‍ത്തനവും മാത്രമല്ല, സഹജീവികള്‍ക്ക് സഹായമെത്തിക്കുന്നതിലും വിഷമം അനുഭവിക്കുന്ന രോഗികള്‍ക്കും വിശക്കുന്നവര്‍ക്കും തുണയും തണലുമാകാനും പ്രവാസി മലയാളികളുടെ സോഷ്യല്‍ മീഡിയാ സമ്പര്‍ക്കം നിത്യേനയെന്നോണം അവസരങ്ങളൊരുക്കുന്നുണ്ട്. ഓണ്‍ലൈനില്‍ മാത്രം പരിചയപ്പെട്ടവരുടെ നേരിട്ടുള്ള കൂട്ടായ്മകളും നടന്നുവരുന്നു. ക്രിയാത്മകവും സര്‍ഗാത്മകവുമായ സൃഷ്ടികളും സംവാദങ്ങളും ഉത്പാദിപ്പിക്കുന്ന സൈബര്‍ ലോകത്തെ വായനശാലകളും ചായക്കടകളുമായി ഫേസ്ബുക്കിനെയും ഓണ്‍ലൈന്‍ റൂമുകളെയും ഉപയോഗിച്ചെടുക്കുന്നതിലും പ്രവാസിമലയാളി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ ഗുണപരതകളെ സമ്മതിച്ചു കൊടുക്കുമ്പോള്‍ തന്നെ തികച്ചും അരാഷ്ട്രീയവും നിലപാടും നിലവാരവുമില്ലാത്തതും വെറും വ്യക്തിഹത്യകളും അശ്ലീലവുമായ ഇടപാടുകളും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് വിസ്മരിക്കാനാകില്ല. പ്രത്യക്ഷത്തില്‍ വായിച്ചെടുക്കാന്‍ കഴിയാത്തതും എന്നാല്‍ തികഞ്ഞ അപകടകാരികളുമായ ഒരു താന്തോന്നി സംസ്‌കാരം സോഷ്യല്‍ മീഡിയകളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്വഭാവികമായും ഇതിനു സമയം കിട്ടുന്നതും കണ്ടെത്തുന്നതും പ്രവാസികളാണ്. നാട്ടിലുള്ള ഭരണ, സാമൂഹിക സംവിധാനങ്ങളോട് പൊതുവെ, പ്രതിപക്ഷ മനോഭാവമുള്ള പ്രവാസികള്‍ തങ്ങളുടെ ഒരുപാട് നേരങ്ങള്‍ “ആം ആദ്മി” പ്രതിഷേധങ്ങള്‍ക്ക് ഓണ്‍ലൈനുകളില്‍ ചെലവിടുന്നു. ചിലര്‍ക്കാകട്ടെ ഇതു വെറും നേരമ്പോക്കുമാണ്.
വളരെയേറെ പ്രചാരം നേടിയ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളും ആപ്ലിക്കേഷനുകളും ഔദ്യോഗിക സ്വഭാവത്തോടെ സര്‍ക്കാര്‍, സ്വകാര്യ, മാധ്യമ, വാണിജ്യ സ്ഥാപനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതൊന്നും അറിഞ്ഞിട്ടില്ലെന്നു തോന്നും പലരുടെയും സംഭാവനകള്‍ നിരീക്ഷിക്കുമ്പോള്‍. ഒരാളുടെ വ്യക്തിഗത വിവരങ്ങളും സ്വഭാവങ്ങളും ആശയവും നിലപാടും വിജ്ഞാനവുമൊക്കെ പരിശോധിക്കാന്‍ ഇപ്പോള്‍ അന്വേഷണ ഏജന്‍സികളും കോര്‍പ്പറേറ്റുകളും വരെ എളുപ്പത്തില്‍ ആശ്രയിക്കുന്നത് ഫേസ്ബുക്ക് പ്രൊഫൈലുകളെയാണ്. വിവാഹാലോചന വേളകളിലും എഫ് ബി പ്രൊഫൈലുകള്‍ നിര്‍ണായകമാകുന്നുണ്ട്. ഗള്‍ഫിലെ ഒരു മലയാളി പത്രപ്രവര്‍ത്തകന്‍, തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍വാസം സംബന്ധിച്ചുള്ള ഒന്നുരണ്ടു വാര്‍ത്തകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതുകണ്ട് ഇയാള്‍ ഒരു “ഇസ്‌ലാമിക തീവ്രവാദി”യാണെന്നും നമ്മുടെ സ്ഥാപനത്തില്‍ ജോലിക്കു പറ്റില്ലെന്നും വിധിയെഴുതിയത് മലയാളത്തിലെ ഒരു ദേശീയദിനപത്രത്തിലെ “മതേതര” ഡെസ്‌കാണ്. ഇത്തരം ഒരു കെട്ട കാലത്ത്, അഭിപ്രായങ്ങള്‍ അടക്കിവെക്കണമെന്നല്ല പറയുന്നത്, വസ്തുതകളും മാന്യതയും ശ്ലീലവുമൊക്കെ പാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നാണ്. കണ്ണില്‍ കണ്ടതിനെല്ലാം ലൈക്കും ടാഗും ഷെയറും കമന്റും നല്‍കുന്ന രോഗാതുരത പകര്‍ച്ചവ്യാധിയാകുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഒരു തരം ബാര്‍ട്ടര്‍ സംസ്‌കാരം രൂപപ്പെട്ടിട്ടുണ്ട്. അങ്ങോട്ടു ലൈക്കും കമന്റും കൊടുക്കുന്നവര്‍ക്കേ ഇങ്ങോട്ടും ലഭിക്കൂ എന്നതാണത്. പ്രതികരണങ്ങളുടെ അക്കം പെരുപ്പിക്കാനായി ബാര്‍ട്ടര്‍ കരാറില്‍ ഒപ്പിട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെയുണ്ടിവിടെ. കൃത്രിമമായ വിവരങ്ങളും ആക്ഷേപങ്ങളും വംശീയവും വര്‍ഗീയവുമായ വിഷയങ്ങളും വിതറുന്നവരും കുറച്ചു പേരെങ്കിലും ഒളിച്ചുപാര്‍ക്കുന്നു.
ഈ പശ്ചാത്തലത്തില്‍ തന്നെയാണ് ഡല്‍ഹി തിരഞ്ഞെടുപ്പിനു ശേഷം ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെതെന്ന രീതിയില്‍ സൃഷ്ടിക്കപ്പെട്ട ഫേസ്ബുക്ക് പേജിലേക്കൊഴുകിയ പതിനായിരങ്ങളായ മലയാളികളെയും നിരീക്ഷിക്കേണ്ടത്. തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേന്ന് അമ്പതിനായിരത്തോളം പേര്‍ മാത്രമുണ്ടായിരുന്ന ആം ആദ്മി കേരളയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിദിനം ആയിരങ്ങളാണ് പിന്തുടര്‍ച്ച തേടുന്നത്. ഗള്‍ഫില്‍ ഏറെ മലയാളികള്‍ വസിക്കുന്ന യു എ ഇയില്‍ നിന്നാണ് അധികം പേര്‍ ചേര്‍ന്നിരിക്കുന്നതെന്ന് ഫേസ്ബുക്ക് തന്നെ അറിയിക്കുന്നു. 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ് വലിയ വിഭാഗം. സോഷ്യല്‍ മീഡിയ ആക്ടിവിസത്തിന്റെ അളവുകോലുകളില്‍ ഈ “ലൈക്കു”കള്‍ മുഖ്യം തന്നെയാണ്.
അസംതൃപ്തരുടെ കൂട്ടായ്മകളുടെയും കൂടിച്ചേരലുകളുടെയും പ്രതീകമായി ചൂണ്ടിക്കാട്ടാന്‍ പാകത്തില്‍ “ആം ആദ്മി” മാറുന്ന കാലത്ത്, കമ്പ്യൂട്ടര്‍ മോനീറ്ററും സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനും ആയുധമാക്കിയുള്ള മലയാളിച്ചെറുപ്പത്തിന്റെ ഈ രാഷ്ട്രീയ പക്ഷംചേരല്‍ തള്ളിക്കളയാവുന്നതല്ല. ഒരു പാര്‍ട്ടി എന്ന നിലയിലുള്ള യോജിപ്പല്ല, മറിച്ച് വ്യവസ്ഥകളോടുള്ള വിയോജിപ്പും സ്വതന്ത്രമാകാനും സ്വയം പ്രകാശിതമാകാനുമുള്ള വാഞ്ഛകളുമായാണ് ഈ ആള്‍ക്കൂട്ടം “ആം ആദ്മി” വികാരങ്ങളെ പുല്‍കുന്നതിലെ രാഷ്ട്രീയം. കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് രാഷ്ട്രീയത്തില്‍ ദീര്‍ഘദര്‍ശനങ്ങളും നയങ്ങളും ഇനി ഉണ്ടായേക്കാം. അപ്പോഴും “ആം ആദ്മി”കളായിക്കൊണ്ടിരിക്കുന്നവരുടെ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് സമകാലിക സോഷ്യല്‍ മീഡിയ ഇടപാടുകള്‍ നല്‍കുന്ന ചിത്രം.
സോഷ്യല്‍ മീഡിയകളോടൊപ്പം തന്നെ ഗള്‍ഫില്‍ പ്രാചാരം സിദ്ധിച്ച ഇന്റര്‍നെറ്റ് കോളുകള്‍ നാട്ടിലുള്ളവരുടെ സൈ്വരം കെടുത്തി. മന്ത്രിമാരും ജനപ്രതിനിധികളും പ്രമുഖരുമെല്ലാം നെറ്റ് കോളുകളാല്‍ പലപ്പോഴും പൊറുതി മുട്ടി. മിനിറ്റുകളും മണിക്കൂറുകളും നീളുന്ന ടെലിഫോണ്‍ ഇന്റര്‍വ്യൂകളും റിക്കാര്‍ഡുകളും പ്രക്ഷേപണങ്ങളും അരങ്ങേറുന്നു. ഇതോടൊപ്പം വികാസം പ്രാപിച്ച ഓണ്‍ലൈന്‍ മെസ്സന്‍ജറുകളിലൂടെയുള്ള പ്രക്ഷേപണ മുറികളില്‍ ബദലുകള്‍ സ്ഥാപിക്കപ്പെട്ടു. മുസലിം സംഘടനകളും കൂട്ടായ്മകളും ഈ രംഗങ്ങള്‍ കൈയടക്കാന്‍ ഔത്സുക്യം കാട്ടിയതായി കാണാം. ബൈലക്‌സ് എന്ന ഒരു ഓണ്‍ലൈന്‍ മെസ്സന്‍ജറില്‍ രൂപപ്പെട്ട സംപ്രേഷണ മുറികളില്‍ എപ്പോഴും കൂടുതല്‍ ആളുകളുള്ള എട്ടുപത്തെണ്ണമെങ്കിലും മലയാളികളുടെതായിരിക്കും. മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും ഇവിടെ 24 മണിക്കൂര്‍ സംപ്രേഷണത്തിന്റെ ഉടമകളായുണ്ട്. പ്രവാസികള്‍ തന്നെയാണ് പ്രോഗ്രാം ഡയറക്ടര്‍മാരും പ്രൊഡ്യൂസര്‍മാരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ ശബ്ദ വിശദീകരണങ്ങള്‍ നല്‍കുന്ന, കേരളത്തിലെ മുന്‍നിര രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ നേരിട്ടു പങ്കെടുക്കാന്‍ തയാറായിട്ടുള്ള സമാന്തര മാധ്യമങ്ങളായി പ്രവാസികുടെ മീഡിയാ റൂമുകള്‍ വളര്‍ന്നു.
പാര്‍ട്ടികളിലും സമുദായങ്ങളിലും സംഘടനകളിലും നടക്കുന്ന ആശയപരമോ സംഘടനാപരമോ ഒക്കെയായ സംവാദങ്ങളും ചര്‍ച്ചകളും തര്‍ക്കങ്ങളുമെല്ലാം സോഷ്യല്‍ മീഡികളിലെ പ്രവാസി “ആം ആദ്മി”കള്‍ കൈകാര്യം ചെയ്യുന്നതു ശ്രദ്ധിച്ചാല്‍ സംഭവഗതികളുടെ വഷളത്തം ബോധ്യപ്പെടും. വ്യവസ്ഥാപിത സംവിധാനങ്ങളെയും നേതൃത്വങ്ങളെയുമെല്ലാം കവച്ചുവെച്ച് സ്വയം പ്രസ്താവങ്ങളും ഫത്‌വകളും പുറപ്പെടുവിക്കുന്നു ഓണ്‍ലൈന്‍ പ്രക്ഷേപണ മുറികളിലെ വക്താക്കളും മുഫ്തിമാരും. എഡിറ്റര്‍മാരെ ഭയപ്പെടാനില്ലാത്ത ഫെയ്‌സ്ബുക്കികള്‍, സാംസ്‌കാരികവും ധാര്‍മികവുമായ മുഴുവന്‍ മര്യാദകളെയും മാറ്റിവെച്ചു കൊണ്ടുള്ള ഇടപാടുകളാണ് സംഘടനകളുടെതെന്നോ സംഘടനകള്‍ക്കു വേണ്ടിയെന്നോ ഉള്ള വ്യാജേന പ്രദര്‍ശിപ്പിക്കുന്നത്. കേള്‍വിക്കാരനും കാഴ്ചക്കാരനും മാഞ്ചാടിയും പുല്‍ച്ചാടിയുമൊക്കെയായി ഒളിപ്പേരുകളില്‍ പോര്‍വിളികള്‍ക്കും ഒറ്റു കൊടുക്കലുകള്‍ക്കും പ്രോത്സാഹനങ്ങളായത്, മലയാളികളില്‍ പൊതുവെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന “നിഷേധിക്കുക, അല്ലെങ്കില്‍ സ്വതന്ത്രനായ തോന്നിവാസിയാവുക” എന്ന “ആം ആദ്മി” മനസ്സ് തന്നെയെന്നു കരുതണം. രാവിലെ എഴുന്നേറ്റ് എതിര്‍ചേരിയിലുള്ളവര്‍ക്കെതിരെ പ്രത്യക്ഷത്തിലോ പരോക്ഷമായോ ഫേസ്ബുക്കില്‍ നാല് ചീത്തയെഴുതുക എന്നിടത്തേക്ക് പ്രവാസി “ആം ആദ്മി”കളുടെ ദിനചര്യ വികാസം പ്രാപിച്ചിരിക്കുന്നു.
കേരളത്തിലെ മുസ്‌ലിം സംഘടനകളില്‍ പലതിനും തങ്ങള്‍ ഇന്നാട്ടുകാരല്ലെന്നു പറയാന്‍ കഴിയാത്തവിധം തുണിയുരിഞ്ഞാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പല്ലിളിക്കുന്നത്. കുറ്റാരോപണങ്ങളും വെല്ലുവിളികളും പുലഭ്യം പറച്ചിലും കൊണ്ട് വര്‍ണാഭവും മുഖരിതവുമാണ് ഓണ്‍ലൈന്‍ ചുവരുകള്‍. മാന്യതയുടെ മൂടുപടമണിയുന്നവര്‍ പോലും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ മുഖപടം വലിച്ചുമാറ്റി തെറി പറയാന്‍ സന്നദ്ധരാകുന്നത്, ജമാഅത്തെ ഇസ്‌ലാമിക്കെതിരായി വരുന്ന വാര്‍ത്തകള്‍ക്കു ലഭിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും. കരുതലോടെ നേതൃത്വങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ മാത്രം അപകടങ്ങളിലേക്ക് സോഷ്യല്‍ മീഡിയ ആക്ടിവിസം മാറിയിട്ടുണ്ട്. ആം ആദ്മി സൃഷ്ടിക്കുന്ന രാഷ്ട്രീയ ബദലിന്റെ പരിസരത്ത്, പ്രവാസ മലയാളം സൃഷ്ടിക്കുന്ന പരിസര മലിനീകരണത്തിന്റെ “ആം ആദ്മി”ത്തരം അതിരുകടന്നിരിക്കുന്നുവെന്നു ചുരുക്കം.
പാര്‍ട്ടി അംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയാ മര്യാദകള്‍ പഠിപ്പിക്കാനുള്ള സി പി എം തീരുമാനം ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. വ്യക്തികള്‍ക്ക് എന്തുമാകാം; പക്ഷേ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകള്‍ക്കും അതിലെ അംഗങ്ങള്‍ക്കും അങ്ങനെ കൊള്ളില്ലല്ലോ. പാര്‍ട്ടി മര്യാദകള്‍ പാലിക്കുന്ന സഖാക്കള്‍ സര്‍ഗാത്മകമായ ഒരു സൈബര്‍ സംസ്‌കാരം ഉത്പാദിപ്പിക്കുമെന്നു പ്രതീക്ഷിക്കാം. അപ്പോഴും!

taaliakbar@gm

Latest