Ongoing News
ക്രിക്കറ്റിന്റെ ഓള്‍റൗണ്ടര്‍ വിരമിക്കുന്നു
ഡര്‍ബന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ക്രിക്കറ്റ് ലോകം മറ്റൊരു മഹാരഥന്റെ വിടപറയലിന് കാത്തിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഗ്രേറ്റസ്റ്റ് ആള്‍ റൗണ്ടര്‍ ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസിന്റെ. ഡര്‍ബനില്‍ ഇന്ത്യക്കെതിരെ കളിച്ചു കൊണ്ട് കാലിസ് ടെസ്റ്റ് കരിയറിന് ഷട്ടറിടുകയാണ്. വാണ്ടറേഴ്‌സിലെ ആദ്യ ടെസ്റ്റില്‍ ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായത് കാലിസിനെ നിരാശപ്പെടുത്തിയിരുന്നു. കാലം കഴിഞ്ഞുവെന്ന രീതിയില്‍ കാലിസിനെ വിമര്‍ശവും ഉയര്‍ന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാതെ കാലിസ് മാന്യമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ശേഷം വിരമിക്കുമെന്നാണ് കാലിസ് പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസില്‍ നിന്നും കാലിസ് വിരമിക്കും. എന്നാല്‍ 2015 ലോകക്കപ്പ് വരെ ഏകദിനത്തില്‍ തുടരുമെന്നും കാലിസ് തന്റെ പ്രക്യാപനത്തില്‍ പറഞ്ഞു.
ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലേറെ റണ്‍സും 250ലേറെ വിക്കറ്റും നേടിയ ഏകതാരമാണ് കാലിസ്. 165 ടെസ്റ്റില്‍ 279 ഇന്നിംഗ്‌സില്‍ നിന്ന് 13174 റണ്‍സും 271 ഇന്നിംഗ്‌സില്‍ നിന്ന് 292 വിക്കറ്റുമാണ് കാലിസ് നേടിയത്. ഏകദിനത്തില്‍ 325 കളികളില്‍ 311 ഇന്നിംസുകളില്‍ നിന്ന് 11574 റണ്‍സും 283 ഇന്നിംഗ്‌സില്‍ 273 വിക്കറ്റുകളുമാണ് കാലിസിന്റെ നേട്ടം.
റണ്‍വേട്ടയുടെ കാര്യത്തില്‍ ഇതിഹാസ താരങ്ങളായ ദ്രാവിഡ്, സച്ചിന്‍, പോണ്ടിംഗ് എന്നിവര്‍ മാത്രമാണ് കാലിസിന് മുന്നിലുള്ളത്. സച്ചിന്‍ മാത്രമാണ് സെഞ്ച്വറികളുടെ കാര്യത്തില്‍ കാലിസിന് മുന്നില്‍. ടെസ്റ്റില്‍ 44 സെഞ്ച്വറികളും 58 അര്‍ധസെഞ്ച്വറികളും കാലിസ് നേടിയിട്ടുണ്ട്. 17 സെഞ്ച്വറികളും 86 അര്‍ധസെഞ്ച്വറികളുമാണ് ഏകദിനത്തില്‍ കാലിസ് നേടിയത്.
ബാറ്റെടുത്താലും പന്തെടുത്താലും കാലിസ് സ്‌പെഷ്യലിസ്റ്റിന്റെ വൈദഗ്ധ്യത്തോടെയാണ് പെരുമാറുക. ടെസ്റ്റ് ബാറ്റിംഗില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ മികച്ച ശരാശരിയുള്ള കാലിസ് ബൗളിംഗില്‍ ഇംഗ്ലണ്ടിന്റെ ജെയിം ആന്‍ഡേഴ്‌സനും ഇന്ത്യയുടെ സഹീര്‍ഖാനുമൊപ്പം നില്‍ക്കുന്നു- അതേ ഇത്രയും കാലം ആള്‍ റൗണ്ടര്‍ എന്ന വിശേഷണത്തിന് അലങ്കാരമായി നിന്ന കാലിസ് വിടപറയുമ്പോള്‍ നഷ്ടം ലോകക്രിക്കറ്റിന് തന്നെ.
ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ ടെണ്ടുല്‍ക്കറും ആസ്‌ത്രേലിയക്ക് ഡോണ്‍ ബ്രാഡ്മാനുമെന്ന പോലെ ദക്ഷിണാഫ്രിക്ക ജാക്വിസ് കാലിസിന്റെ സംഭാവനകളെ ഉള്‍ക്കൊണ്ടിട്ടില്ല. അതൊരു പക്ഷേ, വരും ദിവസങ്ങളിലാകും തിരിച്ചറിയപ്പെടുക. ടീം സ്പിരിറ്റിന്റെയും ആള്‍ റൗണ്ട് മികവിന്റെയും കരുത്തില്‍ മുന്നേറുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ജാക്വിസ് കാലിസ് അതിലൊരാള്‍ മാത്രമായിരുന്നു. എന്നാല്‍, മറ്റേതെങ്കിലുമൊരു ടീമിലായിരുന്നെങ്കില്‍ കാലിസ് അവരുടെ വികാരമാകുമായിരുന്നു.
വിക്കറ്റെടുക്കുമ്പോഴും സെഞ്ച്വറി നേടുമ്പോഴും അതിവൈകാരികതയിലേക്ക് കാലിസ് വീഴാറില്ല. ടീമിന് വേണ്ടി നിര്‍ണായക കൂട്ടുകെട്ടുകളില്‍ പങ്കാളിയാവുകയും അര്‍ധ-സെഞ്ച്വറി റണ്‍ ക്ലബ്ബിലെത്തുമ്പോള്‍ ആഘോഷം ഹെല്‍മറ്റിനുള്ളിലെ ചെറു ചിരിയിലൊതുക്കുകയും ചെയ്യുന്ന കാലിസ് ഫീല്‍ഡില്‍ വൈകാരികതയെ പൂര്‍ണമായി മറയ്ക്കുന്നു – സണ്‍ഗ്ലാസും വട്ടത്തില്‍ മറ നിഴല്‍ തീര്‍ക്കുന്ന തൊപ്പിയുമണിഞ്ഞ്.
ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറികളുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടാനുള്ള ഏക സാധ്യതയായിരുന്നു ജാക്വിസ് കാലിസ്. ആറ് സെഞ്ച്വറി കൂടി മതിയായിരുന്നു ആ റെക്കോര്‍ഡിളകാന്‍. ഇനിയതൊരുകാലത്തും ഇളകാത്ത ഒന്നായി മാറിയേക്കും.
ദക്ഷിണാഫ്രിക്കന്‍ ഡ്രസിംഗ് റൂമിന്റെ ആവേശത്തെയും പോസിറ്റീവ് ചിന്താഗതികളെയും സ്വാധീനിച്ച വ്യക്തിയാണ് വിട പറയുന്നത്. വലിയൊരു നഷ്ടം തന്നെയെന്ന് കോച്ച് റസല്‍ ഡൊമിംഗോ വിലയിരുത്തുന്നു.
ഡ്രസിംഗ് റൂമില്‍ കാലിസ് എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം ഷോണ്‍ പൊള്ളോക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മഹത്തരമായ മത്സരത്തില്‍ ആസ്‌ത്രേലിയയുടെ 434 റണ്‍സ് ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ച വേളയിലാണിത്. ഓസീസ് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഡ്രസിംഗ് റൂമില്‍ ആകെയൊരു നിരാശ.
അപ്പോള്‍ കാലിസ് പറഞ്ഞു: ബൗളര്‍മാര്‍ അവരുടെ ജോലി ഭംഗിയാക്കി, ആസ്‌ത്രേലിയയുടെ സ്‌കോറിംഗില്‍ പത്ത് റണ്‍സ് കുറവാണ്. ഇത് ശരിവെക്കും വിധം ദക്ഷിണാഫ്രിക്ക 438 റണ്‍സെടുത്ത് മത്സരം ജയിച്ചു. 50 ഓവര്‍ മത്സര ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗ് ജയം, ചരിത്രം കുറിച്ച ഗെയിം !