Kerala
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുത്: അഖിലേന്ത്യാ കിസാന്‍ സഭ
കണ്ണൂര്‍: പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നടപ്പാക്കരുതെന്ന് കണ്ണൂരില്‍ നടക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭ സെന്‍ട്രല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം. ആറ് സംസ്ഥാനങ്ങളിലായുള്ള നാലായിരത്തി അഞ്ഞൂറോളം ഗ്രാമങ്ങളില്‍ അധിവസിക്കുന്ന ജനതയെയും അവരുടെ പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും വേണം. ജനങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം ഇത്തരം റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍. ബ്യൂറോക്രാറ്റിക് രീതിയിലാണ് രണ്ട് റിപ്പോര്‍ട്ടുകളും തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ ജനാഭിപ്രായം ആരായേണ്ടതുണ്ട്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ പലതും അശാസ്ത്രീയമാണ്. വിദഗ്ധ സമിതിയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. മറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ബാധിച്ചേക്കാവുന്ന പശ്ചിമഘട്ട ഗ്രാമങ്ങളിലെ കര്‍ഷകരെ സംഘടിപ്പിച്ച് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കും. ജനുവരി 31 ന് പാര്‍ലിമെന്റിന് മുമ്പില്‍ ധര്‍ണ നടത്താനും സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം. കര്‍ഷകര്‍ എന്നും ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെയാണ്. രാജ്യത്ത് 93,000 സഹകരണ സ്ഥാപനങ്ങളാണുള്ളത്. ഇതിന്റെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മറ്റു ബേങ്കുകള്‍ ധനികരെയാണ് സഹായിക്കുന്നത്. സഹകരണ സ്ഥാപനങ്ങള്‍ തകര്‍ന്നാല്‍ കര്‍ഷകര്‍ വലിയ പലിശക്ക് പണം കടം കൊടുക്കുന്നവരെ ആശ്രയിക്കേണ്ടിവരും. റബ്ബര്‍ വിലയിടിവ് കേരളത്തിലെ കര്‍ഷകരെ ബാധിച്ചതായി കൗണ്‍സില്‍ വിലയിരുത്തി. സംസ്ഥാനത്ത് ഇത് എണ്ണായിരം കോടി രൂപയുടെ നഷ്ടമാണ് വരുത്തിവെക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
പുതിയ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ കരാര്‍ ഇന്ത്യക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നില്ല. 1994ലെ കരാറിനെ അപേക്ഷിച്ച് ഇപ്പോഴത്തെ കരാര്‍ കൂടുതല്‍ അസമത്വം സൃഷ്ടിച്ചിരിക്കയാണ്. നേരത്തെയുണ്ടായിരുന്ന കരാറില്‍ 33 രാജ്യങ്ങള്‍ ഒന്നിച്ചുനിന്നപ്പോള്‍ ഇന്ന് ഇന്ത്യ ആ രാജ്യങ്ങളെ ഒറ്റപ്പെടുത്തി വഞ്ചിച്ചിരിക്കയാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
കൗണ്‍സില്‍ ഇന്ന് സമാപിക്കും. അഖിലേന്ത്യാ കിസാന്‍ സഭ മുന്‍ പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി ഹനന്‍ മുല്ല, ജോ. സെക്രട്ടറി ഡോ. ബിജുകൃഷ്ണന്‍, ട്രഷറര്‍ കൃഷ്ണപ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.