Articles
കാക്കക്കൂട്ടില്‍ മുട്ടയിടുന്ന കുയിലുകള്‍
ഭാഗ്യം ചെയ്തവരാണ് കേരളത്തിലെ മുസ്‌ലിംകള്‍. കേരളത്തിലെ എല്ലാ സമുദായങ്ങളും താന്താങ്ങളുടെ ഭാവിയില്‍ മാത്രം കണ്ണും നട്ടിരിക്കുമ്പോള്‍ തങ്ങളുടെ ചരിത്രത്തിന്റെ വേരുകള്‍ അന്വേഷിക്കാനുള്ള പരിശ്രമത്തിലാണ് കേരള മുസ്‌ലിംകള്‍. മുസ്‌ലിംകളുടെ ഭാവിയേക്കാള്‍ പ്രധാനം ചരിത്രമാണ് എന്ന ബോധോദയം സമുദായാംഗങ്ങള്‍ക്ക് മാത്രമല്ല, സമുദായത്തില്‍ കണ്ണും നട്ടിരിക്കുന്ന മതേതര പ്രസ്ഥാനങ്ങള്‍ക്ക് പോലും ഉണ്ടായിത്തുടങ്ങി എന്നതാണ് ഏറെ കൗതുകകരം. ഇത്തരം കൗതുകങ്ങള്‍ കേവലം കൗതുകത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്നാണ് സമീപകാല സംഭവവികാസങ്ങള്‍ സൂചന നല്‍കിക്കൊണ്ടിരിക്കുന്നത്. സെമിനാറുകളുടെയും പുസ്തക പ്രകാശനങ്ങളുടെയും പ്രബന്ധാവതരണങ്ങളുടെയും ചരിത്ര പ്രദര്‍ശനങ്ങളുടെയും രൂപത്തില്‍ ഈ അന്വേഷണങ്ങള്‍ കൗതുകത്തിന്റെയും താത്പര്യത്തിന്റെയും പരിധിയും വിട്ട്, സാക്ഷാല്‍ ചരിത്ര ഗവേഷണ സപര്യയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അങ്ങനെയാണ് കഴിഞ്ഞ കുറച്ചുകാലമായി മലബാറിലെ മുസ്‌ലിംകളുടെ അടിയാധാരം പരതിക്കൊണ്ടുള്ള അന്വേഷണങ്ങള്‍ക്ക് കേരളത്തിലെ പൊതുമണ്ഡലം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ചരിത്രപരമായ ഇത്തരം പരിചരണം കിട്ടാന്‍ വേറെ ഏതെങ്കിലും സമുദായത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയാസ്പദമാണ്. ആ ചരിത്രവും അങ്ങനെ കേരളത്തിലെ മുസ്‌ലിംകളുടെ സമുദായത്തിന് സ്വന്തം!
ഏതായാലും ഇതുവരെയും ചരിത്രത്തില്‍ ഇടം ഇല്ലാത്തതു കൊണ്ടാണ് മുസ്‌ലിംകള്‍ കഷ്ടപ്പെട്ടിരുന്നതെങ്കില്‍ ഇനി ചരിത്രകാരന്മാരുടെ ബാഹുല്യം കൊണ്ടായിരിക്കും മുസ്‌ലിംകള്‍ കഷ്ടപ്പെടുക എന്ന് തോന്നിക്കുമാറ് മുസ്‌ലിംകളുടെ ചരിത്രത്തില്‍ താത്പര്യമുള്ളവരുടെ എണ്ണം ദിനംപ്രതിയെന്നോണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം ചരിത്രത്തില്‍ താത്പര്യമുള്ളവരുടെയും സംഘടനകളുടെയും എണ്ണത്തില്‍ മാത്രമല്ല വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അവര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളുടെ എണ്ണത്തിലും വൈവിധ്യത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. “സൈനുദ്ദീന്‍ മഖ്ദൂമിന്റെ യുദ്ധ സാഹിത്യവും നവോത്ഥാനവും” തുടങ്ങി “പി പി അബ്ദുര്‍റഹമാന്‍ പെരിങ്ങാടിയുടെ പത്രാധിപര്‍ക്കുള്ള കത്തുകളും കേരള മുസ്‌ലിം നവോത്ഥാനവും” വരെ നീളുന്ന വിപുലവും വിശാലവുമായ മേഖലകളിലേക്കാണ് ഈ പുതിയ ചരിത്രാന്വേഷണകുതുകികള്‍ കാലെടുത്തുവെച്ചിരിക്കുന്നത്.
പക്ഷേ, കൗതുകകരമായ മറ്റൊരു കാര്യം ഈ വക ചരിത്രാന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സി പി എം, ജമാത്തെ ഇസ്‌ലാമി ചരിത്രകുതുകികള്‍ തമ്മില്‍ മാപ്പിള മുസ്‌ലിം ചരിത്രത്തെ ചൊല്ലി തുടങ്ങിയ പോരാട്ടമാണ്. വാരിയന്‍കുന്നത്ത് വര്‍ഗ സമര ചരിത്രത്തിലെ സുപ്രധാന ഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് ഒരാള്‍, അല്ല, കേരളത്തില്‍ മത രാഷ്ട്ര വാദത്തിന് ഹാജി സാഹിബിനും മുന്‍പേ വിത്തിട്ടത് വാരിയന്‍കുന്നത്ത് ആണെന്ന് മറ്റൊരാള്‍. മതരാഷ്ട്രവാദം അശ്ലീലമാണെന്ന് ഒരാള്‍, ആ അശ്ലീലം മലബാറില്‍ തുടങ്ങിവെച്ചത് ഉമര്‍ ഖാളിയാണെന്ന് മറ്റൊരാള്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സി പി എം മുസ്‌ലിംകളുടെ ചരിത്രവും തേടി ഇറങ്ങിയിരിക്കുന്നതെന്നും ജമാഅത്തിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നും തങ്ങളെ വിമര്‍ശിച്ച് ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചാല്‍ അടുത്ത ഇലക്ഷനില്‍ കാണാമെന്നും ജമാഅത്തെ ഇസ്‌ലാമി. അങ്ങനെ അവകാശവാദവും പ്രതിവാദവുമായി മലബാര്‍ മുസ്‌ലിംകളുടെ ചരിത്രത്തിന്റെ പിതൃത്വവും കര്‍തൃത്വവും ഏറ്റെടുക്കാനുള്ള സി പി എമ്മും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ആ തല്ല് ഒരു ഭാഗത്ത് അഭംഗുരം നടക്കുന്നു. അടുത്ത ഇലക്ഷനില്‍ ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ “ശക്തി” കാണിച്ചുകൊടുക്കുന്നതു വരെയും ആ തല്ല് തുടരും എന്ന് പ്രതീക്ഷിക്കാം. ഏതായാലും പോരാട്ട സാഹിത്യത്തിന്റെ ഭാഗമായി വരും തലമുറക്ക് ഈ ചരിത്രത്തല്ല് സാഹിത്യവും കൂടി പഠിക്കാമല്ലോ.
മാര്‍ക്‌സ് വികസിപ്പിച്ചെടുത്ത വര്‍ഗ സിദ്ധാന്തവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും വെച്ചു സി പി എമ്മുകാര്‍ മാപ്പിള മുസ്‌ലിംകളുടെ ചരിത്രവും തേടിയിറങ്ങിയതിന്റെ പൊരുള്‍ എളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷേ, ജമാഅത്തെ ഇസ്‌ലാമിക്ക് മാപ്പിള മുസ്‌ലിംകളുടെ ചരിത്രത്തില്‍ ഈയിടെ വന്ന താത്പര്യത്തിന്റെ പൊരുള്‍ എന്താണ്? ഏതു രാഷ്ട്രീയത്തെ ലക്ഷ്യം വെച്ചാണ് അവര്‍ മാപ്പിളമാരുടെ കര്‍മഭൂമിയും തേടിയിറങ്ങിയിരിക്കുന്നത്? മത രാഷ്ട്രവാദം തുടങ്ങുന്നത് മൗദൂദിയല്ല, സാക്ഷാല്‍ വെളിയംകോട് ഉമര്‍ ഖാളിയായിരുന്നുവെന്ന, ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ സ്ഥാപക നേതാവ് ഹാജി സാഹിബിനോ കെ മൊയ്തു മൗലവി(കുറ്റിയാടി)ക്കോ പോലും മനസ്സിലാകാത്ത ചരിത്രബോധം എപ്പോഴാണ് ജമാഅത്തെ ഇസ്‌ലാമിയെ പിടികൂടിയത്? മനുഷ്യനെ തട്ടുകളായി തിരിച്ചു തീണ്ടാപ്പാടകലെ നിര്‍ത്തിയും അറിവിനെ ബ്രാഹ്മണ വിഭാഗത്തിന്റെ മാത്രം കുത്തകയാക്കി വെച്ചും ജാതി ഹിന്ദുക്കള്‍ ഒരു ഭ്രാന്താലയമാക്കി മാറ്റിയ കേരളത്തെ മനുഷ്യവാസമുള്ള ഭൂമിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇസ്‌ലാമിന്റെ സമഭാവനയും അറിവിനെ ജനാധിപത്യവത്കരിച്ചുകൊണ്ട് മുസ്‌ലിം പണ്ഡിതന്മാര്‍ നടത്തിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായിരുന്നുവെന്ന് മൗദൂദികള്‍ക്ക് എപ്പോഴാണ് ബോധോദയം ഉണ്ടായത്? കേരളത്തിന്റെ സ്വാതന്ത്ര്യവും സാമൂഹിക നീതിയും സമത്വവും കെട്ടിപ്പടുക്കുന്നതില്‍ മുസ്‌ലിംകള്‍ നിര്‍ണായക പങ്കാണ് വഹിച്ചത് എന്നും വ്യാപാരവ്യവസായ രംഗത്തും സാഹിത്യ കലാമേഖലകളിലും അവര്‍ വലിയ ഈടുവെപ്പുകളാണ് നടത്തിയത് എന്നും ജമാഅത്ത് ശൂറക്ക് ബോധം വെച്ചത് എന്നുമുതലാണ്? കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ നിരവധി വക്രീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും ചരിത്രകാരന്മാര്‍ അതിനെ തെറ്റായാണ് അവതരിപ്പിച്ചതെന്നും ജമാഅത്തെ ഇസ്‌ലാമിക്ക് ബോധ്യം വരാന്‍ ഉണ്ടായ രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യം എന്താണ്?
ഈ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായ പ്രധാന പശ്ചാത്തലം ജമാത്തെ ഇസ്‌ലാമിയുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തില്‍ നടന്നുവരുന്ന ചരിത്ര സെമിനാറുകളും അതിന്റെ സമാപനമെന്നോണം കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ട് നടന്ന മൂന്ന് ദിവസത്തെ ചരിത്ര സമ്മേളനവും അതില്‍ നിന്ന് ഉയര്‍ന്ന ചില വിമര്‍ശങ്ങളുമാണ്.
സമ്പന്നമായ, കേരളത്തിലെ മുസ്‌ലിംകളുടെയും മുസ്‌ലിം സാമുദായിക നേതാക്കളുടെയും ചരിത്രം മുഖ്യധാരാ ചരിത്ര പണ്ഡിതന്മാരും അക്കാദമിക്കുകളും മറച്ചു വെക്കുകയും വളച്ചൊടിക്കുകയും ചെയ്തു, വംശീയമായ ചരിത്ര വായനയാണ് ഇവരെഴുതിയ ചരിത്രങ്ങളില്‍ നടന്നത്, കൊളോണിയല്‍ ചരിത്രത്തിന്റെയും അതിന്റെ ചുവട് പിടിച്ചു വികസിച്ച ദേശീയ ചരിത്രത്തിന്റെയും വംശീയമായ ചരിത്ര വായനയുടെയും ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും വലിയ ഇരകള്‍ ദളിതുകളും മുസ്‌ലിംകളുമാണ്, ഏതെങ്കിലും സമൂഹത്തെയോ വിഭാഗത്തെയോ എന്നെന്നും അരികുവത്കരിക്കാനും ആവശ്യമെങ്കില്‍ വേട്ടയാടാനുമുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം അവര്‍ക്ക് ചരിത്രം നിഷേധിക്കുക എന്നതാണ്, അധിനിവേശ മേധാവിത്വ, കൊളോണിയല്‍ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ചരിത്രത്തില്‍ നിന്നും ഇങ്ങനെ ചില വിഭാഗങ്ങളെ സമര്‍ഥമായി മാറ്റി നിര്‍ത്തുകയും ചില വിഭാഗങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തത്, ഇസ്‌ലാമിക നവോത്ഥാനത്തെ കുറിച്ചു ബോധവും അറിവും ഇല്ലാത്തതു കൊണ്ടാണ് ഇടതുപക്ഷം കേരള മുസ്‌ലിം ചരിത്രത്തെ തെറ്റായി നോക്കിക്കാണുന്നത്, വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയും സാമുദായിക സുരക്ഷിതത്വം, ആത്മാഭിമാനം എന്നിവയെ മുന്‍നിര്‍ത്തിയും ഉയര്‍ന്നുവന്ന, ഉലമാക്കള്‍ നേതൃത്വം നല്‍കിയ രാഷ്ട്രീയമായിരുന്നു അധിനിവേശവിരുദ്ധ ശക്തികള്‍ക്കെതിരെ ഉയര്‍ന്നുവന്നത്, ചരിത്രത്തില്‍ അരികുവത്കരിക്കപ്പെട്ട മുസ്‌ലിംകള്‍ അവരുടെ സ്വന്തം പൈതൃകവും ചരിത്രവും തേടിയുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ “പ്രതി”വത്കരിക്കാനാണ് മുഖ്യധാര ചരിത്രം ശ്രമിക്കുന്നത്…ഇങ്ങനെ പോകുന്നു ആ വിമര്‍ശങ്ങളുടെ രത്‌നച്ചുരുക്കം.
തീര്‍ച്ചയായും മുഖവിലക്കെടുക്കുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ട വിമര്‍ശങ്ങളാണ് മേല്‍ ഉന്നയിച്ചത്. ഈ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതു പോലെ, മുസ്‌ലിം ചരിത്രം വികലമാക്കപ്പെടുയും മറ്റുള്ളവര്‍ രചിച്ച ചരിത്രത്തിനുള്ളില്‍ ജീവിക്കാന്‍ വിധിക്കപ്പെടുകയും ചെയ്തവരാണ് മാപ്പിള മുസ്‌ലിംകള്‍. കേരളത്തിന്റെ മുഖ്യധാരാ ചരിത്രത്തിനു മുന്നില്‍ കുറ്റവാളികളെ പോലെ പകച്ചു നില്‍ക്കാനും അപമാനഭാരം കൊണ്ട് കുമ്പിടാനുമായിരുന്നു മുസ്‌ലിംകളുടെ വിധി.
പക്ഷേ, ആരായിരുന്നു ചരിത്രത്തിലെ ഈ മറച്ചു പിടിക്കലിന്റെയും കള്ളത്തരങ്ങളുടെയും രക്ഷാകര്‍ത്താക്കളും ഗുണഭോക്താക്കളും? വംശീയബോധം പുലര്‍ത്തുന്ന ഇവിടുത്തെ ഉന്നതകുല ജാതരായ ചരിത്ര പണ്ഡിതന്മാരും അവരുടെ പിന്തുടര്‍ച്ചക്കാരുമാണ് ഇതിനു ഉത്തരവാദികള്‍ എന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിക്കുന്നു. ഇളംകുളം കുഞ്ഞന്‍ പിള്ള, എ ശ്രീധര മേനോന്‍, നാരായണ മേനോന്‍, ടി കെ രവീന്ദ്രന്‍ തുടങ്ങി ഇങ്ങേയറ്റം കെ എന്‍ പണിക്കരും കെ കെ എന്‍ കുറുപ്പും ദിലീപ് എം മേനോനും കെ എന്‍ ഗണേഷും കേശവന്‍ വെളുത്താടും രാജന്‍ ഗുരുക്കളും എം ജി എസ് നാരായണനും ജെ ദേവികയും തുടങ്ങി എന്‍ എസ് മാധവന്‍ വരെ ജമാത്തെ ഇസ്‌ലാമിയുടെ ഈ പ്രതിപ്പട്ടികയില്‍ വരും. മുസ്‌ലിം ചരിത്രത്തെ വികലമാക്കിയതിന്റെ ഉത്തരവാദിത്വം അമുസ്‌ലിംകളായ ഈ ചരിത്രകാരന്മാരുടെ മേലാണ് ജമാത്തെ ഇസ്‌ലാമി കെട്ടിവെക്കുന്നത്. ചരിത്രത്തിന്റെ വായനയില്‍ സ്വന്തം വര്‍ഗത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയും ലിംഗത്തിന്റെയും താത്പര്യങ്ങളും മുന്‍ഗണനകളും കൊണ്ടുവരാന്‍ ഈ പറയപ്പെട്ട ചരിത്രകാരന്മാരില്‍ പലരും ശ്രമിച്ചിട്ടുണ്ട് എന്നത് ശരിയാണ് താനും. പക്ഷേ, അമുസ്‌ലിംകളായ ഈ ചരിത്രകാരന്മാരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതിനു മുന്‍പ്, കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തെ വക്രീകരിച്ചു അവതരിപ്പിക്കുന്നതില്‍ ജമാത്തെ ഇസ്‌ലാമി, വഹാബി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പങ്ക് എന്തൊക്കെയായിരുന്നു എന്നുകൂടി വിലയിരുത്തേണ്ടതുണ്ട്. സ്വന്തം സമുദായത്തിന്റെ ചരിത്രം വികലമാക്കി അവതരിപ്പിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നതില്‍ ഈ മുസ്‌ലിം സംഘടനകള്‍ സ്വയം വഹിച്ച പങ്കിനെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യുന്നതിന് പകരം മറ്റു മതസ്ഥരായ ചരിത്രകാരന്മാരില്‍ വംശീയത ആരോപിച്ചു പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് ചരിത്ര ബോധമുള്ള മുസ്‌ലിംകള്‍ക്ക് ചേര്‍ന്ന പണിയല്ല.
(അവസാനിക്കുന്നില്ല)
pmshamsu80@gmail.com