Gulf
അമിത വേഗക്കാര്‍ക്ക് മുന്നറിയിപ്പായി തലസ്ഥാനത്ത് 10 ക്യാമറകള്‍ കൂടി
അബുദാബി: അമിതവേഗക്കാര്‍ക്കും അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കും മുന്നറയിപ്പായി തലസ്ഥാനത്ത് 10 ക്യാമറകള്‍ കൂടി സ്ഥാപിച്ചു. അബുദാബി പോലീസിന്റെ ഗതാഗത വിഭാഗമാണ് പുതിയ റഡാര്‍ ക്യാമറകള്‍ സ്ഥാപിച്ചത്.
ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനും റോഡപകടം കുറയ്ക്കുന്നതിനും ഇവ പ്രയോജനപ്പെടുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. അശ്രദ്ധയോടെയും അലംഭാവത്തോടെയുമുള്ള ഡ്രൈവിങ് തടയുന്നതിനൊപ്പം വാഹനങ്ങള്‍ തമ്മിലുള്ള അകലവും അപായരഹിതമായ സഞ്ചാരവും ഉറപ്പാക്കാനും ക്യാമറകള്‍ സഹായിക്കും.
മൊബൈല്‍ ക്യാമറ യൂണിറ്റുമായി റോഡിലൂടെ പോകുന്ന പോലീസുകാരെ തിരിച്ചറിയാതിരിക്കാന്‍ അവര്‍ സഞ്ചരിക്കുന്ന വാഹനവും വേഷവും സാധാരണ രീതിയിലുള്ളതായിരിക്കുമെന്നതും നിയമലംഘകരെ കുടുക്കുമെന്നുറപ്പ്. ആരുമറിഞ്ഞില്ലെന്ന മട്ടില്‍ നടത്തിയ നിയമ ലംഘനത്തെക്കുറിച്ച് എസ് എം എസ് ലഭിക്കുമ്പോഴാവും വാഹനമോടിക്കുന്നവര്‍ അറിയുക.
തലസ്ഥാനത്തെ റോഡുകളില്‍ ട്രാഫിക് പോലീസ് പുതുവല്‍സരപ്പിറവിയോടനുബന്ധിച്ച് പട്രോളിങ് ആരംഭിച്ചതും നിയമ ലംഘകരെ കയ്യോടെ പിടികൂടുന്നതിനു സഹായിക്കുമെന്നും അബുദാബി പോലീസ് സൂചിപ്പിച്ചു.
യൂണിഫോമിലല്ലാതെ നഗരാതിര്‍ത്തിയിലെ പ്രധാന റോഡുകളിലെ സിഗ്നലുകള്‍ക്കു സമീപം പട്രോളിങ്ങിനായി നില്‍ക്കുന്നതു സിവിലിയന്‍ വേഷത്തിലുള്ള പോലീസുകാരാണെന്നു തിരിച്ചറിയുക നിയമ ലംഘനത്തിനു പിടി വീഴുമ്പോഴാവും. പ്രധാന റോഡുകളിലും ഉള്‍ പ്രദേശങ്ങളിലുമടക്കം സിവിലിയന്‍ വേഷത്തിലുള്ള പോലീസുകാര്‍ കടന്നു പോകുന്ന ഓരോ വാഹനത്തേയും സശ്രദ്ധം നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യമാവുന്നതോടെ നിലവിലെ അവസ്ഥയില്‍ നിന്നും അപകടങ്ങള്‍ പതിന്മടങ്ങ് കുറയുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.