Connect with us

Articles

സാമ്പത്തിക ഫാസിസത്തിന്റെ കാലത്തെ എല്‍ പി ജി വില

Published

|

Last Updated

പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയെന്ന വാര്‍ത്തയോടെയാണ് 2014 പുലര്‍ന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 230 രൂപയോളവും വാണിജ്യാവശ്യത്തിനുള്ള (ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്നത്) സിലിണ്ടറിന്റെ വില 385 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ ഭാരം 14.2 കിലോഗ്രാമും വാണിജ്യാവശ്യത്തിനുള്ളതിന്റേത് 19 കിലോയുമാണ്. കേന്ദ്ര സര്‍ക്കാറിന്റെയോ പെട്രോളിയം വകുപ്പ് ഭരിക്കുന്ന നേതാവിന്റെയോ അറിവോ അനുമതിയോ ഇല്ലാതെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചുവെന്നും ആധാര്‍ ബന്ധിത ബേങ്ക് അക്കൗണ്ടുകളുള്ളവര്‍ക്ക്, വില വര്‍ധന ബാധകമാകില്ലെന്നുമാണ് ഭരണമുന്നണയിലെ നേതാക്കള്‍ വിശദീകരിക്കുന്നത്. ആധാര്‍ ബന്ധിത ബേങ്ക് അക്കൗണ്ടുകളുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ വര്‍ധിപ്പിച്ച വില നല്‍കി സിലിണ്ടറുകള്‍ വാങ്ങിയാല്‍, സബ്‌സിഡിപ്പണം അക്കൗണ്ടിലേക്ക് തിരികെ എത്തിക്കോളുമെന്നാണ് അര്‍ഥം. കേരളത്തെ സംബന്ധിച്ച്, എല്ലാവര്‍ക്കും ആധാര്‍ നമ്പറുകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാചകവാതക സബ്‌സിഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് മാസത്തെ സമയം അനുവദിക്കുമെന്നാണ് ഒടുവില്‍ നല്‍കിയിരിക്കുന്ന വിവരം.
ഈ സാഹചര്യം എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് യഥാര്‍ഥത്തില്‍ ആലോചിക്കേണ്ടത്. ഈ സാഹചര്യ സൃഷ്ടി എത്രത്തോളം ജനാധിപത്യപരമാണെന്നും ആലോചിക്കേണ്ടതുണ്ട്. സബ്‌സിഡി പരിമിതപ്പെടുത്തുക എന്ന യു പി എ സര്‍ക്കാറിന്റെ ലക്ഷ്യവും റിലയന്‍സ്, ഷെല്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ വിപണിയിലേക്ക് ഇറങ്ങാന്‍ അവസരമൊരുക്കി ഭാവിയില്‍ സ്വകാര്യവത്കരണം പൂര്‍ണമാക്കുക എന്ന ഉദ്ദേശ്യവുമാണ് ഈ സാഹചര്യ സൃഷ്ടിയില്‍ ഏറെ പ്രധാനം. എല്ലാ ആനുകൂല്യങ്ങളും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. ഇതൊന്നും അറിയാതെയല്ല, എണ്ണക്കമ്പനികള്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിച്ചുവെന്ന് കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ വിലപിക്കുന്നത്.
ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയം സംബന്ധിച്ച നയം രൂപവത്കരിക്കാന്‍ കിരിത് പരീഖ് ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പെട്രോളിന്റെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാറിനുണ്ടായിരുന്ന അധികാരം ഇല്ലാതാക്കി, വിപണിയുടെ ചാഞ്ചാട്ടത്തിന് വിട്ടുകൊടുത്തത് ആ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു. ഡീസലിന്റെ വില നിയന്ത്രണവും നീക്കണമെന്ന് പരീഖ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. അത് അപ്പടി നടപ്പാക്കാതെ, മാസം തോറും അമ്പത് പൈസ വീതം വര്‍ധിപ്പിക്കുക എന്ന മൃദു സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. എല്‍ പി ജിക്കുള്ള സബ്‌സിഡി പരിമിതപ്പെടുത്തണമെന്നും അധികം വൈകാതെ അത് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നും പരീഖ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ കേളികൊട്ടാണ് ഇപ്പോഴത്തെ വിലവര്‍ധനയും ഭരണാധികാരികളും കോണ്‍ഗ്രസ് നേതാക്കളും പ്രസ്താവനകള്‍ നടത്തി സൃഷ്ടിക്കുന്ന ആശയക്കുഴപ്പവും.
2014 പുലര്‍ന്നപ്പോള്‍ സംഭവിച്ചത്, എല്‍ പി ജി സബ്‌സിഡി, ആധാര്‍ ബന്ധിത ബേങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാത്രമാക്കുകയും വാതക വില കമ്പോള കേന്ദ്രിതമാക്കുകയുമാണ്. 14.5 കിലോ തൂക്കം വരുന്ന സിലിണ്ടറൊന്നിന് വില 1200ല്‍ അധികമാകുന്നു. 19 കിലോ തൂക്കം വരുന്ന സിലിണ്ടറൊന്നിന് രണ്ടായിരത്തിലധികവും. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയുടെയും അത് സംസ്‌കരിച്ച് ഉത്പന്നങ്ങളാക്കുന്നതിനും ഉത്പന്നങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനും വേണ്ട ചെലവിന്റെയും അടിസ്ഥാനത്തില്‍ വിപണി വില നിശ്ചയിക്കുകയാണ് ചെയ്യുന്നത്. പെട്രോളിന്റെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ച രീതി, എല്‍ പി ജിയുടെ കാര്യത്തില്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. പെട്രോള്‍ വില വിപണിക്ക് വിട്ടുകൊടുത്തതോടെ റിലയന്‍സിനെപ്പോലുള്ള കമ്പനികള്‍ക്ക് നേരത്തെ തുറന്ന്, പിന്നീട് അടച്ച പമ്പുകള്‍ തുറക്കാന്‍ സാധിച്ചു. അവര്‍ക്ക് പാചകവാതകത്തിന്റെ കാര്യത്തില്‍ കൂടി സമാന പങ്കാളിത്തം ലഭിക്കും, കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തോടെ. ലിറ്ററിന് അമ്പത് പൈസ വീതം വര്‍ധിപ്പിച്ച്, ഡീസല്‍ വില വിപണി വിലക്ക് തുല്യമാകുന്നതോടെ അവിടെയും റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശിക്കാം. അതോടെ, വലിയ നഷ്ടം നേരിടുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന, വന്‍ ആസ്തികള്‍ സ്വന്തമായുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ സ്വകാര്യ മേഖലക്ക് കൈമാറിത്തുടങ്ങും. ആസുത്രണകമ്മീഷന്‍, തീരെ താഴ്ത്തിവരക്കുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കുള്ള സബ്‌സിഡി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കി നിലനിര്‍ത്തിക്കൊണ്ട് എണ്ണ മേഖലയെ സമ്പൂര്‍ണ സ്വകാര്യവത്കരണത്തിന് വിധേയമാക്കുകയാകും ചെയ്യുക.
റിലയന്‍സിനും അദാനിക്കും ഷെല്ലിനുമൊക്കെ ഗുണകരമാകുന്ന, അവരിലേക്ക് നിക്ഷേപമൊഴുക്കുകയോ നിക്ഷേപമൊഴുക്കാന്‍ കാത്തുനില്‍ക്കുകയോ ചെയ്യുന്ന ബ്രിട്ടീഷ് പെട്രോളിയം പോലുള്ള അന്താരാഷ്ട്ര കമ്പനികള്‍ക്ക് സഹായകരമാകുന്ന ഈ നയങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേതൂവല്‍ പക്ഷികളാണ്. അതുകൊണ്ടാണ് വാതകവില വര്‍ധിപ്പിക്കുകയും ആധാറില്ലാത്തവര്‍ മുഴുവന്‍ വിലയും നല്‍കി പാചക വാതകം വാങ്ങണമെന്ന് പറയുകയും ചെയ്യുമ്പോള്‍, ബി ജെ പി വലിയ വായില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തയ്യാറാകാത്തത്. സര്‍ക്കറിനെ വിമര്‍ശിക്കുന്നതിലല്ല, ഇവര്‍ക്ക് പ്രയാസമുണ്ടാകുന്നത് ആ വിമര്‍ശം റിലയന്‍സിനും അദാനിക്കുമൊക്കെ പ്രയാസമുണ്ടാക്കുമെന്നതിലാണ്.
ആധാര്‍ നടപ്പാക്കുന്നത്, ഭരണപരമായ ഉത്തരവനുസരിച്ചാണ്. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന്റെ പിന്‍ബലം ഇതിനില്ല. കിരിത് പരീഖിന്റെ റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പെട്രോള്‍ വിലയുടെ നിയന്ത്രണം കമ്പോളത്തിന് വിട്ടുകൊടുത്തത് എക്‌സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ചാണ്. ഇപ്പോഴത്തെ തീരുമാനങ്ങളും അങ്ങനെ തന്നെ. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രശ്‌നങ്ങളില്‍പ്പോലും പാര്‍ലിമെന്റിന്റെ അറിവില്ലാതെ തീരുമാനങ്ങളെടുക്കുമ്പോള്‍ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ത് ജനായത്തമാണെന്ന ചോദ്യം സ്വാഭാവികമായി ഉയരും. അതുയര്‍ത്താന്‍ ത്രാണിയുള്ളവരില്ലെന്നതാണ് പ്രശ്‌നം.
കേരളത്തിന്റെ ചുറ്റുവട്ടത്തില്‍, ആധാര്‍ രജിസ്‌ട്രേഷനുള്ള അക്ഷയ കേന്ദ്രങ്ങള്‍ ഉണ്ട്. ബേങ്ക് ബ്രാഞ്ചില്ലാത്ത ഗ്രാമങ്ങളും കുറവ്. അതുകൊണ്ട് തന്നെ ആധാറും അതിന്റെ ബേങ്ക് ബന്ധനവും ഏറെക്കുറെ എളുപ്പത്തില്‍ നടക്കുമായിരുന്നു. എന്നിട്ടും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്താകെയുള്ള കണക്കെടുത്താല്‍ ആകെയുള്ള ആറ് ലക്ഷത്തില്‍പ്പരം ഗ്രാമങ്ങളില്‍ 40,000ത്തില്‍ മാത്രമാണ് ബേങ്ക് ശാഖകളുള്ളത്. (2013ല്‍ റിസര്‍വ് ബേങ്ക് തന്നെ നല്‍കിയ കണക്കാണിത്) സാക്ഷരത, കമ്പ്യൂട്ടര്‍ സാക്ഷരത, ഇന്റര്‍നെറ്റ് ബന്ധം എന്നിവയിലും രാജ്യത്തെ ഇതര ഭാഗങ്ങളിലെ ഗ്രാമങ്ങള്‍ പിന്നാക്കമാണ്. അവിടേക്ക് ആധാറും അതിന്റെ ബേങ്ക് ബന്ധനവും വ്യാപിപ്പിക്കുക എന്നത് ഈ നൂറ്റാണ്ടിന്റെ ഏത് പക്ഷത്തിലാണ് സാധ്യമാകുക? അതായത് പാചകവാതകത്തിന്റെ സബ്‌സിഡി ആനുകൂല്യത്തില്‍ നിന്ന് കഴിയാവുന്നത്ര ആളുകളെ എത്രയും പെട്ടെന്ന് ഒഴിവാക്കുക എന്നതു തന്നെയാണ് തന്ത്രമെന്ന് കരുതണം.
പാചകവാതകത്തിന്റെ കാര്യത്തില്‍ മാത്രമൊതുങ്ങുതല്ല ഈ നയം. സര്‍ക്കാറിന്റെ എല്ലാ സാമൂഹികക്ഷേമ പരിപാടികളും ആധാറധിഷ്ഠിതമാകുമെന്നാണ് സങ്കല്‍പ്പം. അതിന് വേണ്ടിയാണ് നന്ദന്‍ നിലേകനി എന്ന ടെക്‌നോക്രാറ്റ്, കാബിനറ്റ് മന്ത്രിയുടെ പദവിയിലിരുന്ന് അക്ഷീണ പ്രയ്തനം നടത്തുന്നത്. നാളെ ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡിയും ഇതേപോലെ ക്രമീകരിക്കപ്പെട്ടേക്കും. ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമമാക്കുക എന്നതല്ല, ആനുകൂല്യങ്ങളുടെ തണലില്ലാതെ ജീവിക്കാന്‍ പാകത്തില്‍ ജനങ്ങളെ “ഉയര്‍ത്തിക്കൊണ്ടുവരിക” എന്നതാണ് ആധുനിക ഭരണകൂടത്തിന്റെ ലക്ഷ്യം. അത് ലാക്കാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വന്‍കിട വികസന പദ്ധതികളും അത് സൃഷ്ടിച്ചെടുക്കുന്ന തൊഴിലവസരങ്ങളുമൊക്കെയാണ് പ്രധാനം. അതിന് മാതൃക, മന്‍മോഹനൊക്കെ മാതൃകയാക്കുന്ന അമേരിക്കയില്‍ നിന്ന് അടുത്തിടെയുണ്ടായി. ആരോഗ്യ രക്ഷാ പദ്ധതി നടപ്പാക്കാന്‍, പ്രസിഡന്റ് ഒബാമ ആവത് പണിപ്പെട്ടു. ബജറ്റ് പാസ്സാക്കുന്നത് പോലും തടഞ്ഞ്, റിപ്പബ്ലിക്കന്‍മാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.
ഇവിടെ ജനങ്ങളുടെ പ്രതിഷേധവും അടുത്തുവരാനിരിക്കുന്ന തിരഞ്ഞെടുപ്പും പരിഗണിച്ച്, ചെറിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ആധാര്‍ ബന്ധനത്തിന് രണ്ട് മാസം ഇളവ് എന്നൊക്കെ കേന്ദ്ര മന്ത്രി പറയുന്നതിന്റെ അര്‍ഥം അത്രമാത്രമാണ്. കമ്പോളത്തില്‍, അത് ഊഹക്കമ്പോളത്തിലാണെങ്കില്‍ അത്രയും നന്ന്, മത്സരിച്ച് നിലനില്‍ക്കാനും ആ മത്സരത്തില്‍ ഉയരുകയോ താഴുകയോ ചെയ്യുന്ന വിലകളോട് താദാത്മ്യം പ്രാപിക്കാനും ത്രാണിയുള്ളവര്‍ നിലനിന്നാല്‍ മതിയെന്നാണ് നമ്മെ ഭരിക്കുന്നവരുടെ സങ്കല്‍പ്പം. അര്‍ഹതയുള്ളവന്റെ അതിജീവനം മാത്രം ഉദ്ദേശിക്കുന്ന സാമ്പത്തിക ഫാസിസം പ്രാവര്‍ത്തികമാകുമ്പോള്‍ ജനാധിപത്യത്തിനോ അതിന്റെ പ്രയോഗവേദിയായി കല്‍പ്പിക്കപ്പെടുന്ന പാര്‍ലിമെന്റിനോ വലിയ സ്ഥാനമൊന്നുമില്ല. അതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങളൊന്നും പാര്‍ലിമെന്റില്‍ ചര്‍ച്ചയാകാത്തത്. സുപ്രധാന സാമ്പത്തിക തീരുമാനങ്ങളൊക്കെ ബജറ്റിന് പുറത്ത് പ്രഖ്യാപിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നത്.
തീവ്ര വര്‍ഗീയത അജണ്ടയാക്കുന്ന സംഘ് പരിവാറും അതിന്റെ രാഷ്ട്രീയരൂപത്തിന്റെ നേതൃത്വമേറ്റെടുത്ത നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നിലപാടുകളും ഈ സാമ്പത്തിക ഫാസിസത്തെക്കൂടി പിന്തുണക്കുന്നുണ്ട്. വര്‍ഗീയതയെയും അതിന്റെ ഫാസിസ്റ്റ് മുഖത്തെയും അപേക്ഷിച്ച് ഭേദം സാമ്പത്തിക ഫാസിസമാണെന്ന നിലപാട് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാന്‍, യോഗ്യമായൊരു ബദലില്ലാത്തതിനാല്‍, ജനങ്ങള്‍ നിര്‍ബന്ധിതരായേക്കും. തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സാഹചര്യത്തില്‍ വര്‍ഗീയ – ഫാസിസ്റ്റ്‌വിരുദ്ധ ഭരണത്തിന് വേണ്ടി ഇതരകക്ഷികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനും തയ്യാറായേക്കും. ഈ വിദുര പ്രതീക്ഷയിലാണോ, അഴിമതി ആരോപണങ്ങളാലും നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വികളാലും ക്ഷീണിതമായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും അവരുടെ മന്ത്രിസ്ഥാനത്തുള്ള നേതാക്കളും ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്? തിരിഞ്ഞുനടത്തം പരാജയമല്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടാകുമെന്ന കരുതേണ്ടതില്ല. രാഹുല്‍ ഗാന്ധിയുടെ ചില പ്രകടനങ്ങള്‍, അതിനൊരു അപാവദമെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെന്ന് മാത്രം. എല്ലാ ഗ്രാമങ്ങളിലും വിറകിന് ഉപയോഗിക്കാന്‍ പാകത്തിലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട് മന്‍മോഹന്‍ സിംഗ്. അതിനായി കാത്തിരിക്കുക, പാചകവാതക വില മറന്നേക്കുക.

---- facebook comment plugin here -----

Latest