Kerala
പാചകവാതകം: അവ്യക്തത തുടരുന്നു; വിതരണം നിലച്ചു
തിരുവനന്തപുരം/ കൊച്ചി: വില വര്‍ധന, ആധാര്‍ കാര്‍ഡ് പ്രശ്‌നം എന്നിവ സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരമാകാത്തതിനാല്‍ സംസ്ഥാനത്ത് പാചക വാതക വിതരണം ഇന്നലെയും താറുമാറായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വില വര്‍ധന ബാധകമാകും വിധം വിലയില്‍ മാറ്റം വരുത്തിയ അറിയിപ്പ് എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ല. സബ്‌സിഡി തുകയിലെ മൂല്യവര്‍ധിത നികുതി ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. ആവശ്യത്തിന് സിലിന്‍ഡര്‍ ഉണ്ടായിട്ടും ബുക്കിംഗ് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് സിലിന്‍ഡര്‍ നല്‍കാനാകാത്ത സ്ഥിതിയിലാണ് ഏജന്‍സികള്‍. ഈ സാഹചര്യത്തില്‍ പുതുക്കിയ നിരക്കിലുള്ള എല്‍ പി ജി വിതരണവും ഇടപാടുകളും നിര്‍ത്തിവെക്കാന്‍ ഗ്യാസ് കമ്പനികള്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. വില സംബന്ധിച്ച ആശയക്കുഴപ്പം മാറ്റി പുതിയ നിരക്കുകള്‍ അറിയിക്കുന്നതു വരെ ഇടപാടുകള്‍ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. ഉയര്‍ന്ന തുക കൊടുത്ത് സിലിന്‍ഡര്‍ എടുക്കാന്‍ മുതിരാത്തതിനാല്‍ കമ്പനി ഗോഡൗണുകളില്‍ ഇവ കെട്ടികിടക്കുകയാണ്. അഞ്ച് ലക്ഷത്തോളം സിലിന്‍ഡറുകളാണ് കെട്ടിക്കിടക്കുന്നത്.
കൊച്ചി ഉദയംപേരുര്‍, കൊല്ലം പാരിപ്പള്ളി പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെട്ടു. ബി പി സി എല്ലിന്റെ അമ്പലമുകളിലെയും കഴക്കൂട്ടത്തേയും പ്ലാന്റുകളുടെ പ്രവര്‍ത്തനവും മുടങ്ങി. ഏറ്റവുമധികം ഗ്യാസ് വിതരണം നടക്കുന്ന പ്ലാന്റുകളുടെ പ്രവര്‍ത്തനം മുടങ്ങിയതോടെ സംസ്ഥാനത്തെ പാചക വാതക വിതരണം നിശ്ചലമായി. ഐ ഒ സി, ബി പി സി എല്‍, എച്ച് പി സി എല്‍ എന്നീ കമ്പനികളുടേതായി പ്രതിദിനം 1,18,000 എല്‍ പി ജി സിലിന്‍ഡറുകളാണ് ഏഴ് ബോട്ടിലിംഗ് പ്ലാന്റുകളില്‍ നിന്നായി വിതരണത്തിന് അയച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇതില്‍ മുപ്പത് ശതമാനം സിലിന്‍ഡറുകള്‍ മാത്രമാണ് ഏജന്‍സികള്‍ കൊണ്ടുപോയത്.
വിലയുടെ കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിലെ എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ പറയുന്നത്. സബ്‌സിഡി ഇല്ലാത്ത സിലന്‍ഡറിന് എണ്ണൂറ് രൂപയോളം നല്‍കി എടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത മൂലം സിലിന്‍ഡറുകള്‍ എടുക്കേണ്ട എന്ന നിലപാടിലാണ് ഏജന്‍സികള്‍.
ബുധനാഴ്ചയാണ് പാചക വിതരണക്കമ്പനികള്‍ സബ്‌സിഡിയില്ലാത്ത സിലിന്‍ഡറിന് 220 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറുകള്‍ക്ക് വില 350 രൂപയും വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനയില്‍ മാറ്റമില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വില വര്‍ധനയുണ്ടെന്നും സബ്‌സിഡി ഗാര്‍ഹികാവശ്യത്തിനുള്ള ഒമ്പത് സിലിന്‍ഡറുകള്‍ക്ക് മാത്രമാണെന്നും പെട്രോളിയം മന്ത്രാലയം പറയുന്നു.