Connect with us

Ongoing News

ബ്രിസ്ബനില്‍ റോജര്‍ ഫെഡറര്‍ സെമിയില്‍

Published

|

Last Updated

ബ്രിസ്ബന്‍: റോജര്‍ ഫെഡറര്‍ മാസ്റ്റര്‍ക്ലാസ് പ്രകടനവുമായി പുതുവര്‍ഷ ഫോം തുടരുന്നു. ബ്രിസ്ബന്‍ രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റില്‍ എതിരാളിയെ 57 മിനുട്ടിനുള്ളില്‍ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിഫൈനലില്‍ പ്രവേശിച്ചത്. ആസ്‌ത്രേലിയയുടെ മരിങ്കോ മാറ്റോസെവിചിനെ 1-6, 1-6 ന് നേരിട്ട സെറ്റുകള്‍ക്കാണ് ഫെഡറര്‍ തറപറ്റിച്ചത്. ടോപ് സീഡായ ഫെഡററുടെ സെമി എതിരാളി ഫ്രാന്‍സിന്റെ ജെറെമി ചാര്‍ഡിയാണ്. രണ്ടാം സെമിഫൈനലില്‍ ജപ്പാന്റെ കി നിഷികോരി ആസ്‌ത്രേലിയയുടെ ലെയ്റ്റന്‍ ഹെവിറ്റ് ഏറ്റുമുട്ടും. കരിയര്‍ ആദ്യമായിട്ടാണ് ഫെഡറര്‍ ബ്രിസ്ബനില്‍ കളിക്കാനിറങ്ങുന്നത് എന്ന പ്രത്യേകത ടൂര്‍ണമെന്റിനുണ്ട്. പോയ സീസണില്‍ നിറം മങ്ങിയ സ്വിസ് ഇതിഹാസം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
നദാല്‍ സെമിയില്‍
ദോഹ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാല്‍ ഖത്തര്‍ ഓപണിന്റെ സെമിഫൈനലില്‍. ലാറ്റ്‌വിയയുടെ ഏണസ്റ്റ് ഗുല്‍ബിസിനെ 5-7, 4-6ന് തോല്‍പ്പിച്ചാണ് നദാലിന്റെ മുന്നേറ്റം. സീസണിന്റെ ആദ്യ ആഴ്ചയില്‍ തന്നെ നദാല്‍ എ ടി പി ലോക ടൂര്‍ കിരീടം ഇതുവരെ നേടിയിട്ടില്ല. ഇത്തവണ പക്ഷേ, അതിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. ആദ്യ സെറ്റില്‍ 5-4ന് മുന്നില്‍ നിന്ന ശേഷമാണ് ഗുല്‍ബിസ് പിറകിലായത്. രണ്ടാം സെറ്റിലും ഗുല്‍ബിസ് 4-1ന് ലീഡെടുത്ത ശേഷം താഴ്ന്നുപോയി.
സെറീന ഫൈനലില്‍
ബ്രിസ്ബന്‍: വനിതാ ടെന്നീസിലെ സൂപ്പര്‍ താരങ്ങളുടെ പോരില്‍ മരിയ ഷറപോവയെ തോല്‍പ്പിച്ച് സെറീന വില്യംസ് ബ്രിസ്ബന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. ലോക ഒന്നാം നമ്പര്‍ താരമായ സെറീന 6-2,7-6(9/7) നാണ് റഷ്യന്‍ സുന്ദരിയെ അടിയറവ് പറയിച്ചത്. അമേരിക്കക്കാരിയുടെ അടുത്ത എതിരാളി രണ്ടാം റാങ്കുകാരി വിക്‌ടോറിയ അസാരെങ്കയാണ്. സെര്‍ബിയയുടെ ജെലെന ജാങ്കോവിചിനെ തോല്‍പ്പിച്ചാണ് അസാരെങ്കയുടെ മുന്നേറ്റം. ആദ്യ സെറ്റ് 1-6ന് നഷ്ടമായതിന് ശേഷം 6-3,6-4ന് അസാരെങ്ക തിരിച്ചുവരവ് നടത്തി.
മത്സരത്തിലുടനീളം സ്ഥിരത പുലര്‍ത്തിയതാണ് സെറീനക്ക് മേധാവിത്വം നല്‍കിയത്. ആദ്യ സെറ്റില്‍ ഷറപോവയുടെ മൂന്ന് സെര്‍വുകള്‍ ബ്രേക്ക് ചെയ്ത സെറീന പോയ സീസണിലെ ഫോം തുടരുകയായിരുന്നു. എന്നാല്‍, സെര്‍വില്‍ മികവിന്റെ പാരമ്യതയിലെത്താന്‍ സെറീനക്ക് സാധിച്ചില്ല. ഷറപോവയുടെതും മോശം സെര്‍വുകളായിരുന്നു.
ഫൈനലില്‍ അസാരെങ്കക്കെതിരെ കുറേക്കൂടി മികവ് പുറത്തെടുക്കേണ്ടതുണ്ടെന്ന് സെറീന പറഞ്ഞു. മുമ്പ് പതിനാറ് തവണ കളിച്ചപ്പോള്‍ 13-3ന് സെറീനക്കാണ് ആധിപത്യം. അസാരെങ്കക്കെതിരെ എളുപ്പം ജയിക്കാന്‍ സാധിച്ചിട്ടില്ല. എന്നും മികച്ച പോരാളിയാണവള്‍. ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ തനിക്ക് പുറപ്പെടുത്തെടുക്കേണ്ടി വരും – സെറീന പറഞ്ഞു.
അന ഇവാനോവിച്- വീനസ് ഫൈനല്‍
ഓക്‌ലന്‍ഡ്: ഓക്‌ലന്‍ഡ് ക്ലാസിക് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍. സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ അന ഇവാനോവിചും ഏഴ് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ അമേരിക്കയുടെ വീനസ് വില്യംസുമാണ് കിരീടപ്പോരിന്.
സെമിഫൈനലില്‍ അന ഇവാനോവിച് നേരിട്ടത് തന്റെ ഡബിള്‍സ് കൂട്ടൂകാരിയായി കിര്‍സ്റ്റെന്‍ ഫഌപ്‌കെന്‍സിനെ. 6-0, 7-6 (7/3) ന് അനായാസ ജയമായിരുന്നു അന ഇവാനോവിചിന്. വീനസ് വില്യംസിന് സെമിയില്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. എതിരാളി ജാമി ഹാംടന്‍ പരുക്കേറ്റ് പിന്‍മാറിയതോടെ വാക്കോവര്‍ ലഭിച്ചു.
2008 ഫ്രഞ്ച് ഓപണ്‍ നേടിയതിന് ശേഷം തീര്‍ത്തും നിറംമങ്ങിയ ഇവാനോവിച് 2011 ന് ശേഷം ആദ്യ ഡബ്ല്യു ടി എ ടൂര്‍ കിരീടത്തിനരികെയാണ്. വീനസിനെതിരെ മുമ്പ് ഒമ്പത് തവണ കളിച്ചപ്പോള്‍ എട്ടിലും ജയിച്ചതിന്റെ ആത്മവിശ്വാസം അനക്ക് കൂട്ടായുണ്ട്. എന്നാല്‍, വാക്കോവര്‍ ലഭിച്ച വീനസിന് വിശ്രമിക്കാന്‍ അവസരം ലഭിച്ചത് മുതല്‍ക്കൂട്ടാണ്.

Latest