Connect with us

Ongoing News

ടെക്‌നോളജി സെന്റര്‍ തുടങ്ങും; ഹൈടെക് കൃഷിക്ക് സബ്‌സിഡി

Published

|

Last Updated

തിരുവനന്തപുരം: പച്ചക്കറി വികസന പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ വികസനത്തിന് നെതര്‍ലാന്‍ഡസ്് സര്‍ക്കാറിന്റെ സഹായത്തോടെ ടെക്‌നോളജി സെന്റര്‍ സ്ഥാപിക്കാനും ഹൈ ടെക് കൃഷി പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡി നല്‍കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് .
തിരഞ്ഞെടുത്ത കൃഷി ഭവനുകളില്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍, നിശ്ചിത കാലത്തേക്കുള്ള വായ്പകള്‍ക്ക് പലിശ ഇളവ്. ഹരിത ഗൃഹങ്ങളില്‍ കൃഷി ചെയ്യാന്‍ സാമ്പത്തിക സഹായം. ഹൈ ടെക് കര്‍ഷകരെ ആഗോളവിപണിയില്‍ മത്സരിപ്പിക്കാന്‍ പ്രാപ്തരാക്കുന്നതിന് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, വാഴ- പച്ചക്കറി കൃഷികളില്‍ തുറസായ കൃത്യതാ കൃഷി പ്രോത്സാഹനം.
വട്ടവടയിലും കാന്തല്ലൂരിലും സേഫ് റ്റു ഈറ്റ് ശീതകാല പച്ചക്കറികളും വയനാട്ടില്‍ ട്രോപ്പിക്കല്‍ ഫലമായ ലിച്ചിയും ഇടുക്കിയില്‍ സ്‌ട്രോബറിയും മൂന്നാറില്‍ ഡച്ച് റോസും കൃഷി ചെയ്യും. അട്ടപ്പാടിയിലെ പോഷകാഹാരക്കുറവിന് പരിഹാരമായി പ്രദേശത്ത് പോഷകോദ്യാനങ്ങള്‍. പരിഷ്‌കരിക്കപ്പെട്ട ആത്മ പ്ലസ് മാതൃകയില്‍ കാര്‍ഷിക വ്യാപനം. കാസര്‍കോട്, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ ജൈവകൃഷി വ്യാപനം. 23023 ഹെക്ടര്‍ ഭൂമി വികസിപ്പിക്കാന്‍ അടുത്ത വര്‍ഷം നബാര്‍ഡിന്റെ സഹായത്തോടെ 28 പുതിയ മണ്ണ്- ജല സംരക്ഷണ പദ്ധതികള്‍.
കേരളത്തിലെ മണ്ണ് സംബന്ധിച്ച റഫറന്‍സ് കേന്ദ്രമായി സോയില്‍ മ്യൂസിയത്തിന്റെ സമര്‍പ്പണം. 78 അസംരക്ഷിത ഗോത്ര വര്‍ഗ വാസസ്ഥലങ്ങളുടെ വികസനത്തിന് പരിസ്ഥിതി സംരക്ഷണ പദ്ധതി.
ക്ഷീരമേഖലയില്‍ മാംസോത്പാദനം വര്‍ധിപ്പിക്കാന്‍ കാളക്കുട്ടികളുടെ ശരീരഭാരം വര്‍ധിപ്പിക്കുന്ന അഞ്ച് മുതല്‍ 10 വരെ കാളക്കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന 1000 യൂനിറ്റുകളുടെ വ്യാപനം.
മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ പുതിയ പൗള്‍ട്രി ഫാമും ഹാച്ചറി യൂനിറ്റും. രണ്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍. കാസര്‍കോട്ടും വയനാട്ടിലും മൃഗസംരക്ഷണ പരിപാലന പരീശിലന കേന്ദ്രങ്ങളും മലമ്പുഴയില്‍ മൃഗശാസ്ത്ര മ്യൂസിയവും. ക്ഷീര മേഖലയില്‍ കറവമൃഗങ്ങളുടെ വ്യാപാരത്തിന് മാതൃകാ ഇ-വിപണി. പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ ആധുനിക പാല്‍ പരിശോധനാ ലാബുകള്‍.
ഭൂമിയോ വീടോ ഇല്ലാത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി സമഗ്ര പാര്‍പ്പിട പദ്ധതി. നാടന്‍ മത്സ്യങ്ങളുടെ ഉത്പാദനത്തിന് ഹാച്ചറികള്‍ തുടങ്ങിയവയും ആരംഭിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

Latest