Connect with us

Kannur

ഹോട്ടല്‍ കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണം

Published

|

Last Updated

കണ്ണൂര്‍: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ നടത്തിയ കടയടപ്പ് സമരം കണ്ണൂര്‍ ജില്ലയിലും പൂര്‍ണം. ജില്ലയിലെ 18 യൂണിറ്റുകളില്‍ നിന്നുള്ള 2600ഓളം ചെറുകിട ഇടത്തരം ഹോട്ടലുകള്‍ അടഞ്ഞുകിടന്നു.
സമരത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ ടൗണുകളിലെത്തിയ യാത്രക്കാരടക്കമുള്ളവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. കണ്ണൂര്‍ നഗരത്തിലെത്തിയവര്‍ ആശുപത്രികളുടെയും മറ്റു സ്ഥാപനങ്ങളുടെയും കാന്റീനുകളെയാണ് ഭക്ഷണത്തിനായി ആശ്രയിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ഹൈവേ പരിസരത്ത് ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് കെ പി ബാലകൃഷ്ണ പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ ഷുക്കൂര്‍ഹാജി അധ്യക്ഷത വഹിച്ചു. കെ എസ് റിയാസ്, പി ഗോപാലന്‍, കെ എം ലത്തീഫ്, മൊട്ടമ്മല്‍ ലക്ഷ്മണന്‍ പ്രസംഗിച്ചു. പയ്യന്നൂരിലും ചെറുപുഴയിലും ഇന്നലെ വൈകുന്നേരം ഹോട്ടല്‍ ഉടമകള്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
അതേസമയം വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില 400 രൂപയോളം വര്‍ധിപ്പിച്ചു 2200 രൂപയാക്കിയ സാഹചര്യത്തില്‍ ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോകണമെങ്കില്‍ ഭക്ഷണവില വര്‍ധിപ്പിക്കേണ്ടിവരുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി. ബാലകൃഷ്ണ പൊതുവാള്‍, ജില്ലാ സെക്രട്ടറി എം ആലിക്കുഞ്ഞി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. പാചകവാതക വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടിവരും. എരിതീയില്‍ വേവുന്ന ഹോട്ടല്‍ വ്യാപാരികളെ കേന്ദ്രസര്‍ക്കാര്‍ എണ്ണചട്ടിയിലേക്ക് വലിച്ചെറിയുകയാണ് വിലവര്‍ധനയിലൂടെ ചെയ്യുന്നത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും പൊതുമാര്‍ക്കറ്റില്‍ വില വര്‍ധിക്കുകയാണ്. കണ്ണൂര്‍ നഗരത്തില്‍ റോഡ് കിളച്ച് കുടിവെള്ള പൈപ്പ് പലഭാഗത്തും പൊട്ടിയതു കാരണം 1000 രൂപയോളം നല്‍കി കുടിവെള്ളം വാഹനത്തില്‍ കൊണ്ടുവന്നാണു ഹോട്ടല്‍ നടത്തിക്കൊണ്ടുപോകുന്നത്. തൊഴിലാളികളെ കിട്ടാത്തതു കാരണം ഭീമമായ കൂലി കൊടുത്ത് അന്യസംസ്ഥാന തൊഴിലാളികളെ നിര്‍ത്തേണ്ടിവരുന്നു. ഇതിനൊക്കെ പുറമെയാണ് കച്ചവടമാന്ദ്യവും ഭീമമായ വാടകവര്‍ധനയും വ്യാപാരികളെ ദുരിതത്തിലാക്കുന്നത്. സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഇരിട്ടി: പാചകവാതകത്തിന്റെ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ വ്യാപാരികള്‍ ഇരിട്ടിയില്‍ ധര്‍ണ നടത്തി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ധര്‍ണ ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രാമകൃഷ്ണന്‍ എഴുത്തന്‍ ഉദ്ഘാടനം ചെയ്തു. സി കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ അന്നപൂര്‍ണ, കെ ഇബ്‌റാഹിം, ജാഫര്‍ സിദ്ദിഖ് പ്രസംഗിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി ടൗണില്‍ വിറക് ചുമന്ന് പ്രതിഷേധ പ്രകടനം നടത്തി. പി റോസ, എന്‍ ടി റോസമ്മ, കെ പി സ്വപ്ന നേതൃത്വം നല്‍കി.

Latest