Kerala
ആറന്മുള: എല്‍ ഡി എഫിന് തെറ്റ് പറ്റിയെന്ന് ബേബി

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ എല്‍ ഡി എഫ് സര്‍ക്കാറിന് തെറ്റ് പറ്റിയെന്ന് സി പി എം നേതാവ് എം എ ബേബി. എല്‍ ഡി എഫിന് തെറ്റു പറ്റിയാല്‍ അതിനപ്പുറം ചെയ്യുമെന്ന നിലപാടല്ല യു ഡി എഫ് സ്വീകരിക്കേണ്ടത്. പറ്റിയ തെറ്റ് തിരുത്തണം. ഭരണപക്ഷത്തെ എം എല്‍ എമാര്‍ കൂടി എതിര്‍ക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും ബേബി വ്യക്തമാക്കി.
വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ പോക്കുവരവിന് അനുമതി നല്‍കിയതിലാണ് എല്‍ ഡി എഫിന് തെറ്റ് പറ്റിയത്. ഭൂമിയുടെ പോക്കുവരവ് നടത്താനുള്ള അപേക്ഷ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത് തെറ്റായിപ്പോയി. ഒരു എം.എല്‍ .എ. നിവേദനവുമായി വന്നപ്പോള്‍ അതിനെ അനുകൂലിച്ചതാണ് തെറ്റ്. ഈ തെറ്റ് ബോധ്യപ്പെട്ടതിനാലാണ് ഇപ്പോള്‍ ഏറ്റ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബേബി ഇക്കാര്യം വ്യക്തമാക്കിയത്.