National
പ്രവാസി ഭാരതീയ ദിവസിന് പ്രൗഢമായ തുടക്കം
ന്യൂഡല്‍ഹി: പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഡല്‍ഹിയില്‍ പ്രൗഢമായ തുടക്കം. യുവജനങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനായുള്ള യൂത്ത് പി ബി ഡി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും. മലേഷ്യന്‍ പരിസ്ഥിതി മന്ത്രി വൈ ബി ദാതുക് സേരി പളനിവേലാണ് മുഖ്യാതിഥി.
പ്രവാസി യുവത്വവുമായുള്ള മികച്ച ബന്ധം രാജ്യത്ത് തൊഴിലും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് വയലാര്‍ രവി പറഞ്ഞു. ലോകത്തെ യുവജനങ്ങളിലെ വലിയ ഒരു ഭാഗം ഇന്ത്യയിലാണ്. തൊഴില്‍ ശക്തിയുടെ 50 ശതമാനത്തിലധികവും 18- 35 വയസ്സിനുള്ളിലുള്ളവരാണ്. പ്രവാസി യുവത്വവും അതാത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ മികച്ച നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തുന്നത്. പല രാജ്യങ്ങളുടെയും രാഷ്ട്രീയ സംവിധാനത്തില്‍ വരെ ഇന്ത്യന്‍ യുവത്വം ഭാഗമാണ്. ഇന്ത്യയിലുള്ള യുവാക്കളുമായി ആശയവിനിമയവും സഹകരണവും വര്‍ധിപ്പിക്കണമെന്ന് പ്രവാസി ഇന്ത്യക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രി ജിതേന്ദ്ര സിംഗ് മുഖ്യപ്രഭാഷണം നടത്തി. യുവ ജനങ്ങളുടെ കഴിവുകള്‍ പൂര്‍ണമായി വികസിപ്പാക്കാനാവശ്യമായ പുതിയ യുവജന നയം ഉടന്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി യുവത്വത്തിന്റെ അഭിലാഷങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി മനീഷ് തിവാരി അധ്യക്ഷത വഹിച്ചു. വിദേശികളെ വിവാഹം കഴിച്ച് പൗരത്വം സംഘടിപ്പിക്കുന്നതിലെ ചതിക്കുഴികള്‍, ആയുര്‍വേദ പഠനം മെച്ചപ്പെടുത്തല്‍, എന്‍ ആര്‍ ഐ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളില്‍ സംവരണം, ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിലെ പ്രശ്‌നങ്ങള്‍, ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. അഗതാ സംഗ്മ എം പി, ഹൂസ്റ്റണ്‍ സര്‍വകലാശാല ചാന്‍സലര്‍ ഡോ. രേണു ഖത്തോര്‍, ദേശീയ വനിതാ കമ്മീഷന്‍ അംഗം ഡോ. ചാരു വാലിഖന്ന, നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള കീര്‍ത്തി വേദിക മതബാദല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ ഒരുക്കിയ കേരള പവലിയനും വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. കെട്ടുകാഴ്ചയിലെ കുതിരയും തേരും പവലിയനെ അലങ്കരിക്കുമ്പോള്‍ ചുവന്ന വസ്ത്രം അണിഞ്ഞ് ആടുന്ന തെയ്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രതിനിധികളെ സ്വീകരിക്കും.
നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ. പി സുദീപ്, നോര്‍ക്ക വകുപ്പ് അഡീഷനല്‍ സെക്രട്ടറി ആര്‍ എസ് കണ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു. ജനുവരി ഒമ്പതിന് രാവിലെ 9.30 ന് നടക്കുന്ന “സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍” എന്ന സെഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗിക്കും. ഉച്ചക്ക് 12മണിക്ക് നടക്കുന്ന പ്രത്യേക സംസ്ഥാന സെഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നോര്‍ക്കാ മന്ത്രി കെ സി ജോസഫ് പ്രസംഗിക്കും.