Connect with us

Articles

ഗ്യാസടുപ്പില്‍ വേവുന്ന പ്രവാസി ഭാരതീയര്‍

Published

|

Last Updated

പ്രവാസി ഭാരതീയരെ ഗ്യാസടുപ്പില്‍ വേവിച്ചെടുക്കാനുള്ള ശിപാര്‍ശ പാസ്സാക്കിക്കിട്ടാന്‍ പി ചിദംബരത്തിന്റെ ധനമന്ത്രാലയം തക്കം പാര്‍ത്തിരിക്കുമ്പോഴാണ് ഡല്‍ഹിയില്‍ പതിവുപോലെ സാഘോഷം “പ്രവാസി ഭാരതീയ ദിവസ്” അരങ്ങേറുന്നത്. ലോക നാടുകളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ സര്‍വാദരണീയ ഇന്ത്യക്കാരെ അവിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുതല്‍ പ്രവാസി മന്ത്രി വയലാര്‍ രവി വരെയുള്ളവര്‍ വാനോളം പുകഴ്ത്തിപ്പറയും. പുകഴ്ത്തപ്പെടുന്നവരലധികവും ഇന്ത്യന്‍ പൗരത്വം വലിച്ചെറിഞ്ഞ “ഇന്ത്യക്കാരാ”യിരിക്കും. വ്യവസായികളും വ്യാപാരികളുമായ കോടിപതികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാനം നല്‍കി ആദരിക്കും. പിന്നെ, രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍ സഹായിക്കുന്ന നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനം. ഇപ്രകാരം ഇത്തവണയും ദിവസിനു ഉജ്ജ്വല സമാപ്തിയാകും.
പാചക വാതകത്തിനു സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഒഴിവാക്കുന്നെന്നും ഇല്ലെന്നുമുള്ള ചര്‍ച്ചക്കിടെ വേണ്ടത്ര ശ്രദ്ധയില്‍ വരാതെ പോയ സുപ്രധാന വാര്‍ത്തയാണ്, പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഗ്യാസ് സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം. നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെ സംഭവത്തിനു ശേഷം അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വരുന്ന സബ്‌സിഡികളും സൗകര്യങ്ങളും നിര്‍ത്തലാക്കാന്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമായിരുന്നു വിദേശ ഇന്ത്യക്കാര്‍ക്കുള്ള ഗ്യാസ് സബ്‌സിഡി ഒഴിവാക്കാനുള്ള ശിപാര്‍ശയും ധനമന്ത്രാലയം തയാറാക്കിയതെന്നാണ് വാര്‍ത്ത. എണ്ണം നിജപ്പെടുത്തുകയും ആധാര്‍ ബന്ധിതമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെങ്കിലും രാജ്യത്ത് പണമുള്ളവര്‍ വരെ അനുഭവിച്ചു പോരുന്ന സബ്‌സിഡിയാണ് പ്രവാസികള്‍ക്ക് നിഷേധിക്കാന്‍ ആലോചന നടന്നിരിക്കുന്നത്. ലക്ഷങ്ങളുടെ വരുമാനവും ആസ്തിയുമുള്ള ഇന്ത്യന്‍ വ്യവസായികളും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന ഇളവ് മരുഭൂമിയില്‍ കഠിന വെയിലത്ത് പണിയെടുത്ത് എല്ലുരുക്കി പണമാക്കുന്ന 100 റിയാല്‍ ശമ്പളക്കാരനു നിഷേധിക്കാനുള്ള തീരുമാനം വരുന്നത്, കടല്‍ കടന്നവരൊക്കെയും പ്രവാസി ഭാരതീയ സമ്മാന്‍ നേടാന്‍ മാത്രം യോഗ്യതയുള്ള വ്യവസായികളും ധനാഢ്യരുമാണെന്ന മുന്‍വിധിയില്‍ നിന്നാണ്.
പുകയുന്ന അടുപ്പ് ഒരു കുടുംബത്തിന്റെ ദാരിദ്ര്യമില്ലായ്മയുടെ അടയാളമാണ്. അടുപ്പ് പുകയില്ല എന്നാല്‍ അന്ന് ആ വീട്ടില്‍ അന്നം വേവാന്‍ വകയില്ലെന്നുമാണ് അര്‍ഥം. വിശന്നു കരഞ്ഞ കുഞ്ഞുങ്ങളെ അടുപ്പില്‍ തീ കൂട്ടി കലത്തില്‍ വെച്ച വെള്ളം ഇളക്കിക്കാട്ടി ഉറക്കിയ ദരിദ്ര കുടിലിലെ മാതാവിന്റെ ഹൃദയവര്‍ജകമായ ഒരു കഥയുണ്ട്. ഒരു കുടുംബത്തിന്റെ സമൃദ്ധിയില്‍ അടുപ്പിനുള്ള അടുപ്പം അറിയിക്കുന്നതാണീ കഥ. അടുപ്പില്‍ വെക്കാന്‍ വിറകുകളില്ലാത്ത കാലത്ത് ഗ്യാസടുപ്പുകളിലാണ് അമ്മമാര്‍ തീ കൂട്ടുന്നത്. പണക്കാരനും പാവപ്പെട്ടവനും അരി വേവിക്കാന്‍ തീ വേണമെന്നറിഞ്ഞു തന്നെയാണ് സര്‍ക്കാറുകള്‍ ഗ്യാസിന് സബ്‌സിഡി നല്‍കിപ്പോന്നത്.
നമ്മള്‍ മലയാളികളില്‍ ഒരുവിധപ്പെട്ട കുടുംബങ്ങളിലെല്ലാം അടുപ്പ് പുകഞ്ഞു തുടങ്ങിയത് കുടുംബാംഗങ്ങള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ നാടുകളിലേക്ക് കപ്പലോ വിമാനമോ കയറിയയതിനു ശേഷമാണ്. ഇന്ന് ദാരിദ്ര്യ രേഖക്ക് മുകളലും താഴെയുമായി അടയാളപ്പെടുത്തിയെങ്കില്‍ക്കൂടി രണ്ട് പതിറ്റാണ്ട് മുമ്പ് കേരളത്തിലെ താഴ്ന്ന കുടുംബങ്ങളില്‍ നിലനിന്നിരുന്ന അവസ്ഥകളുമായി തുലനം ചെയ്യുമ്പോള്‍ ദാരിദ്ര്യം ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, വാണിജ്യ രംഗത്തെ പുരോഗതി രൂപപ്പെടുത്തുന്നതില്‍ ഗള്‍ഫ് കുടിയേറ്റത്തിന്റെ സ്വാധീനം പലവട്ടം പഠനത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഈ പഠന റിപ്പോര്‍ട്ടുകളുടെയൊന്നും ബലമില്ലാതെ അറബിക്കടലില്‍ നിന്നും കേരളം തന്നെ ഉണ്ടാക്കിയെടുത്തത് പ്രവാസി മലയാളികളാണെന്ന് പ്രസംഗിക്കാന്‍ മന്ത്രിമാര്‍ക്കും സാമൂഹിക നേതാക്കള്‍ക്കും മടിയുണ്ടാകാറുമില്ല. മലയാളികള്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഗള്‍ഫിലും ഇതര വിദേശ നാടുകളിലും പോയി പണിയെടുത്ത് നാടിന്റെയും വീടിന്റെയും വികസനം ത്വരിതപ്പെടുത്തുന്നു. കുടുംബത്തെ നാട്ടില്‍ തനിച്ചാക്കി അന്യനാടികളില്‍ പോയി വെയിലു കൊണ്ട് പണിയെടുത്ത് പണമുണ്ടാക്കുന്നവരാണ് എന്‍ ആര്‍ ഐ സ്റ്റാറ്റസിലുള്ള ബഹുഭൂരിഭാഗം പ്രവാസികളും.
ഇനിയാണ് ഡല്‍ഹിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രവാസികളെയും അവിടെ ചര്‍ച്ചക്കെടുക്കുന്ന വിഷയങ്ങളെയും പ്രഭാഷണം നടത്തുന്ന വ്യക്തിത്വങ്ങളെയും നടപടിക്രമങ്ങളെയാകെയും പരിശോധനക്കു വിധേയമാക്കേണ്ടത്. ഇന്ത്യയിലെ ജനങ്ങളുടെ പൊതുബോധത്തില്‍ രൂപപ്പെട്ടു കഴിഞ്ഞ പ്രവാസി, ഗള്‍ഫ് നാടുകളില്‍ പോയി പ്രയാസപ്പെട്ടു പണിയെടുത്ത് അഭിവൃദ്ധി തേടുന്നവരാണ്. ആടുജീവിതങ്ങളും ഒട്ടകജീവിതങ്ങളും നയിക്കുന്നവരും സ്‌പോണ്‍സറുടെയും പാര്‍ട്‌നര്‍മാരുടെയും കബളിപ്പിക്കലുകളില്‍ കുടുങ്ങിയും നിയമക്കുരുക്കുകളിലകപ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടും തടവറകളില്‍ പാര്‍ത്തും രാവും പകലുമില്ലാതെ ജോലി ചെയ്തും ജീവിക്കുന്നവരുമാണവര്‍. ലേബര്‍ ക്യാമ്പുകളില്‍ ദുരിതം പേറുന്ന ലക്ഷക്കണക്കിനു ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കുന്ന ഭൂമി തന്നെയാണ് ഇപ്പോഴും അറേബ്യന്‍ മുരുഭൂമി. പക്ഷേ, നമ്മുടെ സര്‍ക്കാര്‍ “പ്രവാസി”യെ ബോധപൂര്‍വം മാറ്റിപ്പണിതിരിക്കുന്നു. പ്രവാസി മന്ത്രാലയം എന്നു വിളിക്കപ്പെടുന്ന ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ മുന്‍ഗണനാക്രമങ്ങളിലെവിടെയും ഗള്‍ഫിലെയോ ഇതര വിദേശ നാടുകളിലെയോ തൊഴിലാളിയോ കച്ചവടക്കാരനോ വരുന്നില്ല.
“ലോകത്താകെയുള്ള വിദേശ ഇന്ത്യന്‍ സമൂഹത്തെ അതിര്‍വരമ്പുകളില്ലാതെ മാതൃരാജ്യവുമായി ബന്ധിപ്പിക്കുക” എന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളുടെ ചുരുക്കെഴുത്തായി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വായിച്ചെടുക്കാനാകും. വിദേശ ഇന്ത്യക്കാര്‍ എന്ന പൊതുപറച്ചിലില്‍ മാതൃരാജ്യത്തെ പൗരത്വം വേണ്ടെന്നുവെച്ച് വിദേശ പൗരത്വം സ്വീകരിച്ചവര്‍കൂടി ഉള്‍ക്കൊള്ളുന്നു. പലപ്പോഴും പേഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി ഐ ഒ) സ്റ്റാറ്റസ് ഉള്ളവര്‍ക്കാണ് പിറന്ന നാടിനെ ഉപേക്ഷിച്ചിട്ടില്ലാത്ത നോണ്‍ റസിഡന്റ് ഇന്ത്യനേക്കാള്‍ (എന്‍ ആര്‍ ഐ) മുന്തിയ പരിഗണന. മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ അനുസരിച്ച് ലോകത്താകെയുള്ള വിദേശ ഇന്ത്യക്കാര്‍ രണ്ട് കോടിക്കു മുകളിലാണ്. ഇതില്‍ ഒരു കോടി മുപ്പത്തിയേഴായിരം പേര്‍ എന്‍ ആര്‍ ഐകളാണ്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം നേടിയവര്‍ ഒരു കോടി പതിനെട്ട് ലക്ഷം കവിയും.
പൗരത്വം പണയപ്പെടുത്തിയിട്ടില്ലാത്ത വിദേശ ഇന്ത്യക്കാരില്‍ അര കോടിയിലധികം പേര്‍ ആറ് ഗള്‍ഫു നാടുകളിലായാണ് തൊഴിലെടുത്തും കച്ചവടം നടത്തിയും ജീവിക്കുന്നത്. ഇവരില്‍ 80 ശതമാനത്തിനു മുകളില്‍ ആളുകളുടെയും കുടുംബം അവരുടെ നാടുകളില്‍ തന്നെയാണ്. മടക്കയാത്ര സ്വപനം കാണുകയും മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രയാസപ്പെടുകയും പോലീസ് കേസുകളില്‍ പെട്ട് പീഡിപ്പിക്കപ്പെടുകയും നേരിട്ടുള്ള വിമാനത്തിന് കഴുത്തറുക്കുന്ന നിരക്ക് താങ്ങാനാകാതെ ശ്രീലങ്ക വഴി യാത്ര നടത്തുകയും ചെയ്യുന്നവരുമാണ്. ശമ്പളം കിട്ടാത്തവരും കബളിപ്പിക്കലുകള്‍ക്കും പക പോക്കലുകള്‍ക്കും വിധേയരായി കേസില്‍ കുടുങ്ങുന്നവരും കടം വന്നും രോഗം വന്നും നാട്ടില്‍ പോകാന്‍ പണമില്ലാതെ വിഷമിക്കുന്നവരുമാണ്. എന്നിട്ടും പ്രവാസി ഭാരതീയ ദിവസ് എന്തുകൊണ്ട് പണ പ്രഭുക്കളുടെയും വ്യവസായ രാജാക്കന്‍മാരുടെയും സംഗമവും സമ്മാനദാനച്ചടങ്ങുമായി മാറുന്നു എന്നത് നമുക്ക് എളുപ്പത്തില്‍ ഉത്തരം കിട്ടുന്ന വിഷയമാകണമെന്നില്ല.
തൊഴില്‍ സുരക്ഷ നില്‍ക്കട്ടെ, വിദ്യാഭ്യാസവും സംസ്‌കാരവും ജനാധിപത്യ അവകാശങ്ങളുമെല്ലാം ഈ സമൂഹത്തിന് അന്യമാണ്. വിമാനയാത്രാ പ്രശ്‌നം ചൂണ്ടിയാണ് ഇക്കാലമത്രയും പ്രവാസി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാറുകളും രാഷ്ട്രീയ പ്രതിനിധികളും ശ്രമിച്ചിട്ടുള്ളത്. യാത്രാ പ്രശ്‌നം നിലനില്‍ക്കുമ്പോഴും ഗള്‍ഫിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായി ലഭിക്കേണ്ട വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ഒരു സമൂഹമാണ് പ്രവാസികള്‍. ഇവര്‍ തന്നെയാണ് രാജ്യത്തെ താങ്ങി നിര്‍ത്തുന്നവര്‍ എന്ന് നാഴികക്കു നാല്‍പത് വട്ടം നാം കേള്‍ക്കുന്ന വിദേശ ഇന്ത്യന്‍ സമൂഹം. ഇനി വിമാന യാത്ര മുഖ്യ പ്രശ്‌നമായി എടുത്താല്‍ തന്നെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈ വഴിയില്‍ അര്‍പ്പിച്ച സേവനം ഒന്നുമില്ല. വിദേശ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും യഥേഷ്ടം സര്‍വീസ് തുടങ്ങിയപ്പോള്‍ ഉണ്ടായ മത്സര്യം സൃഷ്ടിച്ച ഇളവാണ് ഇപ്പോള്‍ പ്രവാസികള്‍ അനുഭവിക്കുന്ന ആശ്വാസം. എയര്‍ ഇന്ത്യക്കു വേണ്ടി ഇപ്പോഴും തടഞ്ഞു വെക്കപ്പെടുന്ന വഴികള്‍ തുറക്കാന്‍ തയാറായാല്‍ പ്രവാസികള്‍ക്ക് കുറഞ്ഞ ടിക്കറ്റില്‍ യാത്ര ചെയ്യാം.
പ്രവാസി ഭാരതീയ ദിവസ് സമ്മേളനങ്ങളില്‍ ഒരാള്‍ക്ക് പങ്കെടുക്കാന്‍ 15,750 രൂപയായിരുന്നു റജിസ്‌ട്രേഷന്‍ ഫീസ്. സമ്മേളനങ്ങളല്ലാത്ത പിരാപാടിയില്‍ പങ്കെടുക്കാന്‍ 6,300 രൂപയും. റജിസ്‌ട്രേഷന്‍ നിരക്കുകള്‍ തന്നെ സമ്മേളനത്തിന്റെ ലക്ഷ്യവും സ്വഭാവവും വ്യക്തമാക്കുന്നുണ്ട്. പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ല എന്നു മനസ്സിലാക്കി പ്രവാസി സംഘടനകളൊന്നും ഈ വഴിക്ക് അടുക്കാറില്ല. പതിനായിരങ്ങള്‍ മുടക്കി അവിടെ പോയി ഉന്നയിക്കാവുന്നതല്ല പ്രവാസികളുടെ ജീവല്‍പ്രശ്‌നങ്ങള്‍ എന്ന് അവര്‍ തിരിച്ചറിയുന്നു. അഥവാ പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനോ ചര്‍ച്ച ചെയ്യാനോ കഴിയില്ല. പിന്നെയും അവിടെ ചുറ്റിപ്പറ്റുന്നത് ചില ചിത്രമോഹികളായ കോണ്‍ഗ്രസുകാരും കോട്ടിട്ടു പോകുന്ന പ്രാഞ്ചിയേട്ടന്‍മാരുമാകും.
പ്രവാസി ഭാരതീയ ദിവസുകള്‍ വര്‍ഷാവര്‍ഷം അരങ്ങ് തകര്‍ക്കുകയും സര്‍വ പ്രവാസികള്‍ക്കും വേണ്ടി ഏതാനും ധനികരെ തിരഞ്ഞെടുത്ത് ആദരിക്കുകയും ചെയ്യുകവഴി സര്‍ക്കാറിനും രാഷ്ട്രത്തിനും ലഭിക്കുന്ന രാജ്യാന്തര ബഹുമതികള്‍ വാങ്ങിക്കൂട്ടിക്കൊള്ളുക. എന്നാല്‍, വ്യവസായ, വാണിജ്യ രംഗത്ത് കോടിപതി മികവുകള്‍ ആദരിക്കപ്പെടുമ്പോള്‍ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് വേണ്ടി രാപകലുകളെ വിയര്‍പ്പാക്കി സേവനം ചെയ്യുന്ന സാധാരണക്കാരായ സേവകര്‍ മൂലയിലേക്ക് നീക്കി നിര്‍ത്തപ്പെടുന്നുണ്ട്. വികസനം എന്നാല്‍, അത് ഇന്‍ഫ്രാസ്ട്രക്ചറിന്റെതും ഇന്‍ഡസ്ട്രിയുടെയും പണത്തിന്റെയും മാത്രമായ കാലത്ത് മനുഷ്യരുടെ വികാസത്തിനും മാനവികമായ കര്‍മങ്ങള്‍ക്കും പ്രവാസി ഭാരതീയ ദിവസില്‍ പരിഗണനയുണ്ടാകുന്നതെങ്ങനെ.
പ്രവാസി സമൂഹത്തെ രാജ്യത്തെ പൊതു സമൂഹം വായിച്ചുവെക്കുന്നതിന്റെ പാര്‍ശ്വഫലം തന്നെയാണ് സര്‍ക്കാറില്‍ നിന്നും ഉണ്ടാകുന്നത് എന്ന വിലയിരുത്തലാകും ശരി. ഇന്ത്യയിലെ, പ്രത്യേകിച്ചും ഗള്‍ഫ് കുടിയേറ്റ സാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ഥിതി പരിശോധിച്ചാല്‍ പ്രവാസികളെ പ്രദര്‍ശനവസ്തുക്കളും കറവപ്പശുക്കളുമായി ഉപയോഗപ്പെടുത്തുന്നതല്ലാതെ ദശലക്ഷക്കണക്കിനു അംഗബലമുള്ള രാഷ്ട്രത്തിന്റെ, ദേശത്തിന്റെ ഭാഗമായ, അടിവേരുകള്‍ ഇപ്പോഴും നാട്ടിന്‍പുറങ്ങളില്‍ അവശേഷിപ്പിച്ച് വിദേശവാസം നടത്തുന്ന പ്രവാസികളുടെ ആവശ്യങ്ങളും ആശയങ്ങളും അഭിമുഖീകരിക്കാനും ആത്മാര്‍ഥമായി ഏറ്റെടുക്കാനും ഇതുവരെ സാമൂഹിക, രാഷട്രീയ സംഘടനകള്‍ക്കു കഴിഞ്ഞിട്ടില്ല. സമ്മേളനങ്ങളിലെ പ്രമേയവസ്തുവും സംഗമ വിഷയവുമാണ് പ്രവാസി. ഈ പൊതുബോധത്താല്‍ നയിക്കപ്പെടുന്ന കാലത്തെ രാഷ്ട്രീയവും രാഷ്ട്രീയം നയിക്കുന്ന ഭരണകൂടവും പ്രവാസി ഭാരതീയ ദിവസുകളില്‍ പ്രവാസികളെ ചുട്ടെടുക്കാന്‍ പുതിയ തന്തൂരി അടുപ്പുകളില്‍ തീ കൂട്ടിക്കൊണ്ടിരിക്കും.

Latest