International
ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു
ജറുസലേം: ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍(85) അന്തരിച്ചു. ജറുസലേമിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2006 ലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന അബോധാവസ്ഥായിലായിരുന്നു. 2001 മുതല്‍ 2006 വരെ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്നു.
ഷാരോണിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായെന്നും അദ്ദേഹത്തിന് ഏത് സമയവും ജീവഹാനി സംഭവിച്ചേക്കാമെന്നും ഡോക്ടര്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അറിയിച്ചിരുന്നു. കഴിഞ്ഞ ഏട്ടു വര്‍ഷങ്ങളായി കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2005 ഡിസംബറില്‍ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നാണ് ഷാരോണ്‍ കിടപ്പിലായത്. 2006ല്‍ വീണ്ടും മസ്തിഷ്‌ക്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അബോധാവസ്ഥയിലുമായി. ആദ്യം ജറുസലേം ആശുപത്രിയിലായിരുന്നു ഷാരോണിന് ചികിത്സിച്ചിരുന്നതെങ്കിലും പിന്നീട് ടെല്‍ ഹാഷോമെര്‍ ആശുപത്രിയിലേക്ക് മാറ്റി. 199,899 കാലഘട്ടത്തില്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഷാരോണ്‍ 2001ലാണ് പ്രധാനമന്ത്രിയായത്.
തീവ്ര ഫലസ്തീന്‍ വിരുദ്ധതയാല്‍ എന്നും ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ വിവാദനായകനായിരുന്നു ഷാരോണ്‍. പലസ്തീന്‍ വിരുദ്ധ വികാരം പ്രചരിപ്പിച്ചാണ് പട്ടാള ജനറലായിരുന്ന ഷാരോണ്‍ ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1983ല്‍ നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ഫലസ്തീന്‍ അഭയാര്‍ത്ഥിക്യാമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. അന്ന് പ്രതിരോധമന്ത്രിയായിരുന്നു ഷാരോണ്‍. വെസ്റ്റ്ബാങ്കിനെ ഇസ്രയേലില്‍ നിന്ന് വേര്‍തിരിക്കുന്ന കൂറ്റന്‍ മതില്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത് ഷാരോണാണ്. ഇസ്രയേല്‍ പ്രധാനമന്ത്രിയായിരിക്കെ ഷാരോണ്‍ എടുത്ത നിലപാടുകള്‍ രാജ്യാന്തരതലത്തില്‍ പലപ്പോഴും വിമര്‍ശത്തിന് വഴിവെച്ചിരുന്നു.