Connect with us

International

1,400 കുടിയേറ്റ വീടുകള്‍ നിര്‍മിക്കും: ഇസ്‌റാഈല്‍

Published

|

Last Updated

വെസ്റ്റ്ബാങ്ക്: ഫലസ്തീന് ജനതക്ക് അവകാശപ്പെട്ട പ്രദേശങ്ങളില്‍ വീണ്ടും കുടിയേറ്റ കെട്ടിടങ്ങള്‍ പണിയാന്‍ ഇസ്‌റാഈല്‍ തയ്യാറെടുക്കുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈല്‍ അധീന പ്രദേശത്ത് 1,400 വീടുകള്‍ പണിയുമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിന് പുറമെ കിഴക്കന്‍ ജറൂസലമിലും കുടിയേറ്റ വീടുകള്‍ പണിയാന്‍ പദ്ധതിയിട്ടിട്ടുണ്ട്. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തിലുള്ള ഇസ്‌റാഈല്‍ – ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഏറെ പ്രകോപനങ്ങള്‍ സൃഷ്ടിക്കാനിടയുള്ള തീരുമാനവുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയത്. ഇസ്‌റാഈലിന്റെ പ്രഖ്യാപനം സമാധാന ചര്‍ച്ചയെ ബാധിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌റാഈലിന്റെ കുടിയേറ്റ പദ്ധതികള്‍ക്കെതിരെ ഫലസ്തീനിന് അകത്തും പുറത്തും വ്യാപകമായ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഇസ്‌റാഈലിന്റെ പുതിയ തീരുമാനം. ഇസ്‌റാഈല്‍ സൈന്യം തടവുകാരെ മോചിപ്പിച്ചതിന് ബദല്‍ എന്ന നിലക്കാണ് ഇസ്‌റാഈല്‍ വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു വ്യവസ്ഥയുടെ പേരിലായിരുന്നില്ല ഫലസ്തീന്‍ പൗരന്‍മാരെ മോചിപ്പിച്ചത്. കിഴക്കന്‍ ജറൂസലമില്‍ 600ഉം വെസ്റ്റ് ബാങ്കില്‍ 800ഉം വീടുകള്‍ പണിയുമെന്ന് ഇസ്‌റാഈല്‍ വക്താക്കള്‍ അറിയിച്ചു.
പ്രകോപനങ്ങള്‍ സൃഷ്ടിക്കാനും സമാധാന ചര്‍ച്ച അട്ടിമറിക്കാനുമാണ് ഇസ്‌റാഈല്‍ പുതിയ പ്രഖ്യാപനം നടത്തിയതെന്നും ഇത്തരം ശ്രമത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റിദെനെഹ് വ്യക്തമാക്കി. സമാധാന ചര്‍ച്ച തകര്‍ക്കാനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നതെന്ന് ഫലീസ്തീന്‍ സമാധാന ദൂതനും സമാധാന ചര്‍ച്ചയിലെ പ്രതിനിധിയുമായ സഈബ് ഇറക്കാത് പറഞ്ഞു.
ജോണ്‍ കെറിയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചക്കിടെ സര്‍ക്കാര്‍ നടത്തിയ പ്രകോപനപരമായ തീരുമാനത്തിനെതിരെ ഇസ്‌റാഈല്‍ ധനകാര്യ മന്ത്രി യെര്‍ ലാപിഡ് രംഗത്തെത്തി. തീരുമാനം അനാവശ്യമാണെന്നും സമാധാന പരിശ്രമങ്ങളെ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest