Kannur
മാധ്യമങ്ങള്‍ വാര്‍ത്തകളിലെ വസ്തുതകളെ കൈവിടരുത്: സെമിനാര്‍
തളിപ്പറമ്പ്: വാര്‍ത്തകള്‍ വസ്തുനിഷ്ഠമായിരിക്കണമെന്നും അത്തരം വാര്‍ത്തകള്‍ക്ക് മാത്രമേ മൂല്യവും വായനക്കാരുടെ താത്പര്യവുമുണ്ടാകുകയുള്ളൂവെന്നും അല്‍മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു. സംഭവങ്ങളുടെ നിജസ്ഥിതിയറിയാതെ വാര്‍ത്തകളെ പര്‍വതീകരിക്കുന്നത് നീതീകരിക്കാനാകില്ല. ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസുകള്‍ വിശ്വാസ്യത ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറുന്നതും നല്ല പ്രവണതയല്ല. ഇത് സമൂഹത്തില്‍ തെറ്റായ ധാരണകള്‍ വളര്‍ത്താനേ കാരണമാകുകയുള്ളു. തികച്ചും സത്യസന്ധമായ പത്രപ്രവര്‍ത്തനമാണ് സമൂഹിക വികസനത്തിന് അനിവാര്യം. അനുദിനം വര്‍ധിച്ചുവരുന്ന നവ മാധ്യമങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനുള്ള വ്യഗ്രതക്കിടയില്‍ മൂല്യങ്ങള്‍ മറന്നുപോകരുതെന്നും സെമിനാര്‍ നിര്‍ദേശിച്ചു.
“മീഡിയ: ആശങ്കയും പ്രതീക്ഷയും” എന്ന വിഷയത്തില്‍ തളിപ്പറമ്പിലെ എസ് വൈ എസ് മേഖലാ സെന്ററില്‍ നടത്തിയ സെമിനാറില്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം അധ്യക്ഷത വഹിച്ചു. എം കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. കാസിം ഇരിക്കൂര്‍ വിഷയാവതരണം നടത്തി. പ്രൊഫ. യു സി അബ്ദുല്‍ മജീദ് മോഡറേറ്ററായിരുന്നു. പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, മഹ്മൂദ് അള്ളാംകുളം, എം പി സുകുമാരന്‍, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, സി എം എ ഹകീം പ്രസംഗിച്ചു. ബി എ അലി മൊഗ്രാല്‍, എം ഹുസൈന്‍ മാസ്റ്റര്‍, മണിബാബു, കരിമ്പം കെ പി രാജീവന്‍, കെ രഞ്ജിത്ത്, കെ മുഹമ്മദ് ഹാജി, ജമാലുദ്ദീന്‍ ലത്വീഫി സംബന്ധിച്ചു.