International
നവാസ് ശരീഫിന്റെ രാഷ്ട്രീയ ഉപദേഷ്ടാവിനെ ലക്ഷ്യംവെച്ച് സ്‌ഫോടനം
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് നവാസ് ശരീഫിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് ആമിര്‍ മുഖമ്മിനെ ലക്ഷ്യമാക്കി നടന്ന സ്‌ഫോടനത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആമിര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്വാത് താഴ്‌വരയിലാണ് സ്‌ഫോടനം നടന്നത്. ആമിറിന്റെ കാറിന് സമീപം സ്‌ഫോടകവസ്തുവായ ഐ ഇ ഡി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാര്‍ട്ടോങ് പ്രവിശ്യയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ പോവുകയായിരുന്നു ആമിര്‍. ഇദ്ദേഹം ഇതിന് മുമ്പ് നിരവധി ഭീഷണികള്‍ തീവ്രവാദികളില്‍ നിന്ന് നേരിട്ടിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ പെഷവാര്‍ നഗരത്തിന് സമീപം അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ പാകിസ്ഥാനിലെ മുതിര്‍ന്ന പ്രതിപക്ഷ നേതാവടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. അവാമി നാഷണല്‍ പാര്‍ട്ടിയുടെ (എ എന്‍ പി) നേതാവായിരുന്ന മിയാന്‍ മുഷ്താഖ് ആണ് തന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പില്‍ മരണപ്പെട്ടതെന്ന് പോലീസ് ഓഫീസര്‍ റഹീം ഷാ അറിയിച്ചു. വെടിവെച്ച ശേഷം ആക്രമികള്‍ അടുത്തുള്ള വയലിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.