Connect with us

Malappuram

പുതിയ കോളജുകളില്‍ പ്രതിസന്ധി

Published

|

Last Updated

തിരൂര്‍: ജില്ലയില്‍ പുതുതായി അനുവദിച്ച കോളജുകളില്‍ ആവശ്യത്തിന് സൗകര്യമില്ലാത്തതും ഇവിടങ്ങളിലെ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാത്തതും ഈ കോളജുകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. അധ്യയനം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും താത്കാലിക അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാത്തത് അധ്യാപകരില്‍ പ്രതിഷേധം വളര്‍ത്തിയിട്ടുണ്ട്.
ജില്ലയിലെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമിട്ട് കോളജുകള്‍ ഇല്ലാത്ത മണ്ഡലങ്ങളിലാണ് സര്‍ക്കാര്‍ കോളജുകള്‍ ആരംഭിച്ചത്. താനൂര്‍, മങ്കട, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് കോളജുകള്‍ തുടങ്ങിയത്. മൂന്ന് കോളജുകളിലും സംവിധാനങ്ങളായില്ല. താത്കാലിക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവയില്‍ ലാബ് സൗകര്യമോ മറ്റോ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളും പ്രയാസത്തിലാണ്.
അധ്യാപക തസ്തികയോ പ്രിന്‍സിപ്പല്‍ തസ്തികയോ സൃഷ്ടിക്കാത്തതിനാല്‍ കോളജുകളില്‍ താത്കാലിക അധ്യാപകരാണ് ഉള്ളത്. സ്‌പെഷ്യല്‍ ഓഫീസര്‍മാരാണ് കോളജുകളുടെ ചുമതല വഹിക്കുന്നത്. ക്ലാസുകള്‍ തുടങ്ങാന്‍ വൈകിയതിനാല്‍ അധികക്ലാസുകള്‍ വെച്ചാണ് അധ്യാപകര്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ തീര്‍ത്തത്.
ഓഫീസുകളില്‍ വേണ്ടത്ര ജീവനക്കാരെ വെക്കാത്തതിനാല്‍ ആ ജോലിയും അധ്യാപകരാണ് ചെയ്യുന്നത്. എന്നിട്ടും തങ്ങള്‍ക്ക് ശമ്പളം നല്‍കാത്തതാണ് അധ്യാപകരെ ചൊടിപ്പിക്കുന്നത്. ഈ വിവരം മന്ത്രിയെയും ബന്ധപ്പെട്ടവരെയും അറിയിച്ചിട്ടും പരിഹാരമായില്ലെന്നും അവര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് മങ്കട കോളജിലെ സ്‌പെഷ്യല്‍ ഓഫീസര്‍ ആഴ്ചകള്‍ക്ക് മുമ്പ് രാജിവെച്ചിരുന്നു. 10 അധ്യാപകരും പലകോളജുകളില്‍ നിന്നായി രാജിവെച്ചു. ആദ്യസെമസ്റ്റര്‍ പരീക്ഷ വാതില്‍ക്കല്‍ എത്തി നില്‍ക്കെ കോളജുകളിലുണ്ടായ ഈ പ്രതസിന്ധി എവിടെയെത്തുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

വ്യാജ ലോട്ടറി:
നാല് പേര്‍ പിടിയില്‍

വണ്ടൂര്‍: വ്യാജ ലോട്ടറി- സി ഡി കടകളില്‍ നടത്തിയ റൈഡില്‍ വണ്ടൂര്‍, തുവ്വൂര്‍ ഭാഗങ്ങളില്‍ നിന്നായി നാല് പേരെ പോലീസ് പിടികൂടി.
പുളിക്കലൊടി തെയ്യത്തുംകുന്ന് പറക്കോട്ടില്‍ ബാലകൃഷ്ണന്‍ (53), വണ്ടൂര്‍ പഴയ ചന്തക്കുന്ന് മഠത്തില്‍ അലി(45), വണ്ടൂര്‍ പാലക്കാട്ടുകുന്ന് വരിക്കോടന്‍ മുഹമ്മദാലി (55), തുവ്വൂര്‍ പള്ളിപ്പറമ്പ് മാടശ്ശേരി ഷാജഹാന്‍ (32) എന്നിവരെയാണ് പോലീസിന്റെ പിടിയിലായത്.
വണ്ടൂര്‍ അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാന്റിലെ റോയല്‍ ലോട്ടറീസ് കടയിലും പുതുമ സിഡി കടയിലുമാണ് റൈഡ് നടന്നത്. ലോട്ടറി കടയില്‍ നിന്നും 461860 രൂപയുടെ മൂന്നക്കലോട്ടറി ഇടപാട് രേഖകളും സിഡി കടയില്‍ നിന്ന് 1500 വ്യാജ സിഡികളും പോലീസ് പിടിച്ചെടുത്തു.
തൂവ്വൂരില്‍ സംസ്ഥാന ലോട്ടറിയുടെ മറവില്‍ മൂന്നക്ക പേപ്പര്‍ ലോട്ടറി നടത്തുന്നവരെയാണ് കരുവാരകുണ്ട് എസ് ഐ. പി ദയാശീലന്‍ പിടികൂടിയത്. പേപ്പര്‍ ലോട്ടറി വഴി വന്‍ തുകയുടെ ഇടപാടുകള്‍ നടന്ന രേഖകളും അവരില്‍നിന്ന് കണ്ടെടുത്തു.
സംസ്ഥാന ലോട്ടറിയുടെ 10 രൂപയുടെ അഞ്ചു ടിക്കറ്റുകളടങ്ങുന്ന നമ്പര്‍ മുന്‍കൂട്ടി എഴുതി നല്‍കിയാണ് പേപ്പര്‍ ലോട്ടറി നടത്തുന്നത്. നമ്പര്‍ ഒത്തുവന്നാല്‍ കാല്‍ലക്ഷം രൂപയാണ് നല്‍കുക.
വണ്ടൂര്‍ എസ് ഐ മനോജ് പറയട്ട, ജി എസ് ഐ രാമകൃഷ്ണന്‍, സി പി ഒ മാരായ സുരേഷ്, അബ്ദുര്‍റഷീദ്, റെനി ഫിലിപ്പ്, അനില്‍കുമാര്‍, സ്വപ്‌ന രാംദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest