Ongoing News
അനുഗ്രഹത്തിന്റെ കെടാവിളക്ക്
വീണ്ടുമൊരു നബിദിനം. സ്‌നേഹത്തിന്റെ നിസ്തുല പാഠങ്ങള്‍ സ്വജീവിതത്തിലൂടെ ലോകത്തിന് പകര്‍ന്നു നല്‍കിയ വിശ്വ വിമോചകന്‍ മുഹമ്മദ് റസൂലുല്ലാഹി (സ)യുടെ ജന്മസുദിനം കൊണ്ടനുഗ്രഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. സര്‍വചരാചരങ്ങള്‍ക്കും അനുഗ്രഹത്തിന്റെ കെടാവിളക്കായാണ് നബി(സ)യുടെ നിയോഗം. കത്തിജ്വലിക്കുന്ന പ്രകാശമെന്നാണ് മുഹമ്മദുര്‍റസൂലുല്ലാഹി(സ)യെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. തിരുനബി(സ)യുടെ ആഗമനത്തോടെയാണ് ലോകം ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് മിഴി തുറന്നത്. വിശുദ്ധ ജന്മം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തിങ്കളാഴ്ചയായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ച് നബി കരീം (സ) പ്രതികരിച്ചത് “അന്നാണെന്റെ ജന്മം നടന്നതെന്നായിരുന്നു.”
സ്‌നേഹമാണവിടുന്ന് പഠിപ്പിച്ചു തന്നത്. പ്രവാചകത്വം ലഭിച്ചത് ഖുറൈശികളെ അറിയിച്ചപ്പോള്‍ പ്രതികരണം ആശാവഹമല്ലായിരുന്നു. കഅ്ബയുടെ ചാരത്ത് ഒറ്റക്കിരുന്ന് അല്ലാഹുവെ മനസ്സില്‍ ധ്യാനിച്ചിരുന്ന തിരുനബി (സ)യെ ശത്രുക്കള്‍ മര്‍ദിച്ചതും ഹംസതുല്‍ കര്‍റാര്‍ അതിനു പ്രതികാരം ചോദിച്ചതും ചരിത്രപാഠമാണ്. മര്‍ദനം ഏറ്റുവാങ്ങി അവിടുന്ന് നടന്നു നീങ്ങിയപ്പോള്‍ അബൂജഹ്‌ലിന്റെ ഹൃദയത്തില്‍ പോലും അനുകമ്പ ഉറപൊട്ടിയിട്ടുണ്ടാവണം. മര്‍ദനാവസരത്തിലും അവിടുന്ന് സൗമ്യതയോടെ നിലകൊണ്ടു. കാരുണ്യ ഹൃദയത്തോടെയാണ് ശത്രുവിനോട് പെരുമാറിയതും.
സ്‌നേഹവും കരുണയും സമര്‍പ്പിത മനസ്സും- റസൂല്‍(സ) നല്ലൊരു ജീവിത ദര്‍ശനം ലോകത്തിനു തുറന്നു കൊടുത്തത് ഇത്തരം തെളിവാര്‍ന്ന സമീപനത്തിലൂടെയായിരുന്നു. ധാര്‍മിക വിമോചനം, സാംസ്‌കാരിക ഉന്നമനം, വിശ്വാസബോധനം, ദൈവിക ദര്‍ശനം, തിരുറസൂല്‍(സ) വിന്റെ ജീവിതപാഠങ്ങള്‍ അനുപമവും നിസ്തുലവുമായിരുന്നു. അധര്‍മ വിചാരങ്ങളുടെ അഗാധ ഗര്‍ത്തത്തില്‍ അസാന്മാര്‍ഗികതയുടെ പര്യായങ്ങളായി ജീവിച്ചിരുന്ന ജനതക്ക് അവിടുന്ന് നല്‍കിയത് ധര്‍മ സംസ്‌കൃതിയുടെ പ്രകാശമായിരുന്നു. റഹ്മതിന്റെ കാരുണ്യക്കടലായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ നബി(സ)യെക്കുറിച്ച് പറഞ്ഞുതരുന്നുണ്ട്. അല്‍ അഹ്‌സാബ് സൂറത്തിലൂടെ അല്ലാഹു പറയുന്നു: “നബി വിശ്വാസികളോട് അവരവരുടെ ജീവനേക്കാള്‍ അടുത്താണ്.”ചിന്തോദ്ദീപകമായ ഒരാശയമാണ് ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നത്. ആശയവും ആദര്‍ശവുമില്ലാതെ, നയിക്കാനും സഹായിക്കാനും ആളില്ലാതെ, ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തെ, മൃതമാനസരായി കഴിഞ്ഞിരുന്ന ജനതയെ, സ്‌നേഹ ദര്‍ശനത്തിന്റെ വെളിച്ചം പകര്‍ന്ന് രക്ഷിച്ചെടുത്തത് റസൂലായിരുന്നു. ആ സത്യഗുരു വിശ്വാസികള്‍ക്ക് ഏറ്റവും ബന്ധപ്പെട്ടവരാകണമെന്നാണ് അല്ലാഹു പഠിപ്പിച്ചു തരുന്നത്.
വിശ്വാസികളുടെ ഹൃദയാന്തരാളങ്ങളില്‍ റസൂല്‍ (സ) ഒട്ടിച്ചേര്‍ന്നു നില്‍ക്കണം. സ്‌നേഹത്തേക്കാള്‍ അന്യോന്യം അടുപ്പിക്കുന്ന ഘടകം വേറെയൊന്നില്ല. എല്ലാ ബന്ധത്തിനും അകലവും അതിരുമുണ്ട്. സ്‌നേഹബന്ധം നിസ്വാര്‍ഥമാണ്. അതിന് ഹൃദയത്തിന്റെ നിറവും ഗുണവുമുണ്ട്. മുഹമ്മദ് നബി(സ)യെ തന്റെ ജീവിതത്തിലേക്കു സ്വീകരിക്കുന്നവര്‍ സ്‌നേഹദൂതനോട് ഒരു സ്‌നേഹ പ്രതിജ്ഞയില്‍ ഏര്‍പ്പെടുകയാണ്. നബി(സ) ഇക്കാര്യം ഉണര്‍ത്തുന്നുണ്ട്. “”നിങ്ങളിലൊരാള്‍ക്ക് സ്വന്തം ജീവനോടും മാതാപിതാക്കളോടും എന്നല്ല, മുഴുവന്‍ മനുഷ്യരാശിയോടുമുള്ളതിനേക്കാള്‍ സ്‌നേഹം എന്നോടായിരിക്കുന്നതുവരെ യഥാര്‍ത്ഥ സത്യവിശ്വാസിയാകുന്നില്ലെന്ന് ഞാന്‍ എന്റെ ജീവന്റെ ഉടമസ്ഥന്റെ പേരില്‍ ആണയിട്ടു പ്രസ്താവിക്കുന്നു””.
നബി(സ) എന്ന വ്യക്തിത്വത്തോടുള്ള വിശുദ്ധവും അഗാധവുമായ പ്രേമബന്ധത്തെയാണ് ഈ വാക്യം തര്യപ്പെടുത്തുന്നത്. ഹസ്‌റത്ത് ഉമര്‍(റ) ഒരിക്കല്‍ നബി(സ)യോടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്നെ കഴിച്ചാല്‍ മറ്റെന്തിനേക്കാളും അങ്ങയോടാണ് സ്‌നേഹം, ഇത് കേട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു. “അതുപറ്റില്ല”, താങ്കള്‍ക്കു താങ്കളോടുള്ളതിനേക്കാളും സ്‌നേഹം എന്നോടായിരിക്കണം. തല്‍ക്ഷണം ഉമര്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! എനിക്കെന്തിലുമേറെ സ്‌നേഹം അങ്ങയോടാണ്, എന്നോടുള്ളതിനേക്കാളും. എങ്കില്‍ ശരി.
മുഹമ്മദ് നബി(സ) എന്ന വ്യക്തിയോടുള്ള സ്‌നേഹമല്ലാതെ അവിടുത്തെ ചര്യയോടോ അവിടുന്ന് പഠിപ്പിച്ച പാഠങ്ങളോടോ ഉപദേശിച്ച മൂല്യങ്ങളോടോ ഉള്ള പ്രതിബദ്ധതക്ക് മാത്രമല്ല ഇവിടെ പ്രഥമ സ്ഥാനം നല്‍കി പറഞ്ഞതെന്ന് വ്യക്തം. നബി(സ)യോടുള്ള കറകളഞ്ഞ ഇശ്ഖ് മാത്രമാണര്‍ഥമാക്കുന്നത്.
തിരുറസൂല്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരു വാക്യം സ്മര്‍ത്തവ്യമാണ്.”ഞാന്‍ ഏതൊരു വിശ്വാസിക്കും തനിക്കു താനെന്നതിനേക്കാള്‍ വലിയ ബന്ധുവാകുന്നു. അതിനാല്‍ ഒരാള്‍ സ്വത്ത് വിട്ടേച്ചു മരിച്ചുപോയാല്‍ അതയാളുടെ അനന്തരാവകാശികള്‍ വീതിച്ചെടുത്തു കൊള്ളട്ടെ, കടം ബാക്കിവെച്ചു മരിച്ചാല്‍ അതെന്നോടു ചോദിച്ചു കൊള്ളണം.” ഒരാളുടെ കടബാധ്യത മുഴുവനും യാതൊരുവിധ നിര്‍ബന്ധിതാവസ്ഥയുമില്ലാതെ തന്നെ ഏറ്റെടുക്കാന്‍ തയ്യാറാക്കുന്ന ബന്ധം ഏതാണെന്ന് ഊഹിക്കാവുന്നതാണ്.
അബൂഹുറൈറ(റ) പറയുന്നു. നബി(സ) പ്രസ്താവിച്ചു. “എന്നോട് തീവ്രമായ സ്‌നേഹമുള്ള ചിലയാളുകള്‍ എന്റെ സമുദായത്തില്‍ എനിക്കു ശേഷമുണ്ടാകും. സ്വന്തം സ്വത്തും കൂട്ടുകുടുംബങ്ങളെയുമെല്ലാം ത്യജിച്ചാലും എന്നെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന മോഹമായിരുന്നു അവര്‍ക്ക് (മുസ്‌ലിം). നബി(സ)യുടെ ഭൗതിക വിയോഗത്തിനു ശേഷം അവിടുന്ന് പഠിപ്പിച്ച പാഠങ്ങളും ഉപദേശിച്ച ഉപദേശങ്ങളുമെല്ലാം ജീവസ്സുറ്റ നിലയില്‍ നമുക്കിടയിലുണ്ട്. നബി(സ) യാണ് കണ്‍വെട്ടത്തിലില്ലാത്തത്. ആ നബിയെ കാണാനുള്ള തീവ്രമോഹമല്ലാതെ മറ്റൊന്നുമല്ല തിരുസ്‌നേഹത്തിന്റെ താത്പര്യമായി ഈ വാക്യത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്.