Connect with us

Kerala

പ്രവാചകപ്രേമികള്‍ നബിദിനാഘോഷ ലഹരിയില്‍

Published

|

Last Updated

മലപ്പുറത്ത് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലി


കോഴിക്കോട്: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ 1488ാം ജന്മദിനമായ ഇന്ന് സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍. എങ്ങും എവിടെയും തിരുനബി പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങിക്കേള്‍ക്കുകയാണ്. മദ്‌റസകളും പള്ളികളും കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ വിവിധ ആഘോഷപരിപാടികള്‍ നടന്നുവരുന്നു. പള്ളികളില്‍ സുബ്ഹി നമസ്‌കാരത്തിന് മുമ്പ് നടന്ന പ്രഭാത മൗലിദില്‍ നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. രാവിലെ ഭൂരിഭാഗം സ്ഥലങ്ങളിലും മീലാദ് റാലിയും നടന്നു. റാലിക്ക് ശേഷം അന്നദാനവും നടത്തി. മദ്‌റസകളില്‍ വൈകീട്ട് വിദ്യാര്‍ഥികളുടെ കലാവിരുന്ന് നടക്കുകയാണ്.

ആറാം നൂറ്റാണ്ടില്‍ ജനിച്ച് ലോകത്ത് സനേഹവിപ്ലവത്തിന്റെ വസന്തം തീര്‍ത്ത പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമെങ്ങും ആദരവോടെ ആഘോഷിക്കുമ്പോള്‍ കോഴിക്കോട് നഗരം മര്‍കസിനൊപ്പമാണ് നബിജന്മദിനം ആഘോഷിക്കുന്നത്.
റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ മര്‍കസ് കോംപ്ലകസ് മസ്ജിദില്‍ നടന്നു വരുന്ന മൗലിദ് സദസ്സിനും പ്രകീര്‍ത്തന പ്രഭാഷണത്തിനും പ്രമുഖ പണ്ഡിതരാണ് നേതൃത്വം നല്‍കുന്നത്. മീലാദ് മിലന്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ കോംപ്ലക്‌സ് പരിസരത്ത് പതാക ഉയര്‍ത്തി.
ശേഷം കോഴിക്കോടിന്റെ സ്‌നേഹബന്ധങ്ങളില്‍ മൈത്രിയുടെ രുചിക്കൂട്ടുമായി മര്‍കസ് പ്രവര്‍ത്തകര്‍ ടൗണില്‍ മിഠായി വിതരണം നടത്തി. ഒരുമയുടേയും സ്‌നേഹത്തിന്റെയും സന്ദേശമായി നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, ഹോസ്പിറ്റലുകള്‍, ഓഫീസുകള്‍, കച്ചവട സ്ഥാപനങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് പൊതുജനത്തിന് സ്‌നേഹാശംസകള്‍ നേര്‍ന്ന് മിഠായികള്‍ വിതരണം ചെയ്തത്.
മര്‍കസ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നഗരത്തിന്റെ സ്‌നേഹോത്സവമായി നബിദിനം ആഘോഷിക്കുന്നത്.
മര്‍കസ് കാലിക്കറ്റ് സിറ്റി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 17 ന് “മീലാദ് മിലന്‍” എന്ന ശീര്‍ഷകത്തില്‍ സെമിനാര്‍, പ്രകീര്‍ത്തന പ്രഭാഷണം, സര്‍ഗമേള, മൗലിദ് ജല്‍സ, സ്‌നേഹോപഹാരം, ബുര്‍ദ മജ്‌ലിസ് തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പരിപാടികള്‍ നടക്കും.

Latest