National
പശ്ചിമഘട്ട സംരക്ഷണം: പുതിയ സമിതികളുണ്ടാവില്ലെന്ന് വീരപ്പമൊയ്‌ലി
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ ഇനിയും സമിതികളെ നിയോഗിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി. കൂടുതല്‍ സമിതികളെ നിയോഗിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സമിതികളെ നിയോഗിച്ച് പഠനം നടത്താം. കേരളം സ്വതന്ത്ര സമിതിയെ നിയോഗിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിച്ച ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സമിതികളെ നിയോഗിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചത്.