Connect with us

International

സ്‌നോഡന്‍ ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്‍ ഡയറക്ടറാകുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്ക ലോകവ്യാപകമായി രഹസ്യമായി ഇന്റര്‍നെറ്റ് വിവരങ്ങളും ടെലഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയനായ എഡ്വേര്‍ഡ് സ്‌നോഡന്‍ ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നു.
ഭരണഘടനാവിരുദ്ധമായ രീതിയിലൂടെ ആശയവിനിമയങ്ങള്‍ റെക്കോഡ് ചെയ്യുന്ന അമേരിക്ക എല്ലാവരുടെയും അടിസ്ഥാന അവകാശങ്ങള്‍ക്ക് ഭീഷണിയായണെന്നും ഇത് അവസാനിപ്പിക്കണമെന്ന് പൊതുജനം ആവശ്യപ്പെടണമെന്നും ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്‍ വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ സ്‌നോഡന്‍ പറഞ്ഞു. സ്‌നോഡന്റെ വെളിപ്പെടുത്തല്‍ എന്‍ എസ് എയുടെ വന്‍തോതിലുള്ള രഹസ്യങ്ങള്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ജനാധിപത്യ രീതിയിലുള്ള സംവാദത്തിന് വഴിയൊരുക്കിയെന്ന് ഫൗണ്ടേഷന്റെ സഹസ്ഥാപകന്‍ ഡാനിയേല്‍ എല്‍സ്ബര്‍ഗും പ്രസ്താവനയയില്‍ ചൂണ്ടിക്കാട്ടുന്നു.
ഫൗണ്ടേഷനിലേക്കുള്ള സ്‌നോഡന്റെ വരവ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് പരിഹാരവും സഹായകവുമാകുമെന്നും ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍മാര്‍ക്കും വാര്‍ത്താ ഉറവിടങ്ങള്‍ക്കും സുരക്ഷിതമായി ആശയവിനിമയം സാധ്യമായില്ലെങ്കില്‍ പത്രപ്രവര്‍ത്തനം നടത്താനാകില്ലെന്നും മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാന്‍ നിയമങ്ങള്‍ക്കാകില്ലെങ്കില്‍ സാങ്കേതിക വിദ്യക്ക് അതിനാകുമെന്നും സ്‌നോഡന്‍ പറഞ്ഞു.