Gulf
അല്‍ ഐനില്‍ അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 23 പേര്‍ക്ക് പരുക്ക്
അല്‍ ഐന്‍: അല്‍ ഐന്‍അബുദാബി പാതയില്‍ ഇന്നലെ രാവിലെയുണ്ടായ ശക്തമായ മൂടല്‍ മഞ്ഞില്‍ 60 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അല്‍ ഐന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അബൂസമറക്കും അല്‍ സാദിനുമിടയിലാണ് അപകടം. അല്‍ ഐന്‍അബുദാബി പാതയില്‍ 40 വാഹനാപകടങ്ങളും തിരികെയുള്ള പാതയില്‍ 23 അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പൊടുന്നെയുള്ള ശക്തമായ മൂടല്‍ മഞ്ഞ് ദൂരക്കാഴ്ച നഷ്ടപ്പെടുത്തിയതാണ് അപകടങ്ങള്‍ക്കു കാരണം. സ്വദേശി യുവതി ഓടിച്ചിരുന്ന വാഹനമാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. മുന്നിലെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പിറകെ വന്ന വാഹനങ്ങള്‍ ഓരോന്നായി ഇതിനു പിന്നില്‍ ഇടിച്ചു. വിദ്യാല, ഓഫീസ് സമയങ്ങള്‍ ആയതിനാല്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ നിരത്തില്‍ വാഹനത്തിരക്കായിരുന്നു. ഇരുപാതകളിലും രക്തം തളംകെട്ടി കിടക്കുന്ന അവസ്ഥയായിരുന്നു. ആംബുലന്‍സും ഫയര്‍ഫോഴ്‌സും അപകട സ്ഥലത്ത കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 20 ലധികം ആളുകളെ തമാം ആശുപത്രിയിലും മറ്റു ആശുപത്രികളിലും പ്രവേശിപ്പിച്ചുവെന്ന് ദൃക്‌സാക്ഷിയായ തിരൂര്‍ വട്ടത്താണി സ്വദേശി സമീര്‍ സിറാജിനോട് പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ പല വാഹനങ്ങളും പാതയില്‍ നിന്ന് തെന്നിമാറി ഡിവൈഡറും പാതക്കു സമീപത്തെ ഈന്തപ്പനകളും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം ഉച്ചക്ക് 12 വരെ തടസപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.