Ongoing News
ഇന്ത്യന്‍ ഹോക്കി പടിക്ക് പുറത്തു തന്നെ
പ്രഥമ ഹോക്കി വേള്‍ഡ് ലീഗ് പുരോഗമിക്കുന്നു. ആതിഥേയത്വം വഹിച്ച ഇന്ത്യയോ? നാണക്കേട് വീണ്ടും പേറി, ഗ്രൂപ്പ് റൗണ്ടില്‍ അവസാന സ്ഥാനക്കാരായി. ഗ്രൂപ്പ് ബിയിലെ മുന്‍നിരക്കാരായ ആസ്‌ത്രേലിയയോട് 7-2ന് ക്വാര്‍ട്ടറില്‍ അമ്പേ പരാജയപ്പെടല്‍. ആസ്‌ത്രേലിയയില്‍ നിന്നുള്ള പുതിയ ചീഫ് കോച്ച് ടെറി വാല്‍ഷിന് കീഴില്‍ പ്രതാപകാലം തിരിച്ചുപിടിക്കാനിറങ്ങിയ ടീമിന്റെ സ്ഥിതിയാണിത്.
ലോകറാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള ഇന്ത്യ ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളോട് പരാജയപ്പെടുകയും ഒളിമ്പിക് ചാമ്പ്യന്‍മാരായ ജര്‍മനിയെ 3-3ന് ആവേശകരമായി സമനിലയില്‍ പിടിക്കുകയും ചെയ്തു. പക്ഷേ, ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടിയതിന് ശേഷം ഏഴ് ഗോളുകള്‍ വഴങ്ങി പരാജയം.
ഇന്ത്യയും മറ്റ് വിദേശടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം മനസിലാക്കാന്‍ ക്വാര്‍ട്ടര്‍ മത്സരം ഉപകരിച്ചുവെന്ന് കോച്ച് ടെറി വാല്‍ഷ്. മികച്ച ടീമുകളെ നേരിടേണ്ടത് എങ്ങനെയെന്ന് ഇന്ത്യക്കറിയില്ലത്രെ. അതിന് പ്രധാനമായും വേണ്ടത് ഫിറ്റ്‌നെസാണ്. ഇന്ത്യക്കാര്‍ക്കില്ലാത്തതും അതു തന്നെ. ചീഫ് കോച്ചിന്റെ കണ്ടെത്തല്‍ ഇന്ത്യന്‍ ഹോക്കിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ, സമയമെടുക്കും. ഒരു ഒമ്പത്-പത്ത് മാസം. അതിനുള്ളില്‍ എല്ലാം നേരെയാകും. ആസ്‌ത്രേലിയക്കാരുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യക്കാരുടെ ഫിറ്റ്‌നെസ് ഒന്നുമല്ലത്രെ. ആസ്‌ത്രേലിയക്കാരനായ ടെറി വാല്‍ഷ് തെല്ലൊരു അഭിമാനത്തോടെയാകണം ഇതൊക്കെ പറഞ്ഞത്.
ആസ്‌ത്രേലിയക്കാരനായ ആസ്‌ത്രേലിയന്‍ ഹോക്കി ടീം കോച്ച് റിക് ചാള്‍സ്‌വര്‍ത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ സീനിയര്‍ ഹോക്കി ടീമിന് അടിസ്ഥാന പാഠങ്ങള്‍ പോലും അറിയില്ലെന്നാണ്. അതുകൊണ്ടു തന്നെ 2-0ന് പിറകിലായപ്പോഴും ചാള്‍സ്‌വര്‍ത്ത് ടെന്‍ഷനടിച്ചില്ല. തന്റെ കുട്ടികള്‍ ഇന്ത്യന്‍ വലനിറയ്ക്കുമെന്ന തിരിച്ചറിവ് ചാള്‍സ്‌വര്‍ത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ ഹോക്കിയെ ഉയരങ്ങളിലെത്തിക്കാന്‍ ചുമതല ലഭിച്ച വ്യക്തിയാണ് റിക് ചാള്‍സ്‌വര്‍ത്ത്. പക്ഷേ, അണിയറയിലെ കളികള്‍ കാരണം ചാള്‍സ്‌വര്‍ത്ത് രായ്ക്ക് രാമാനം നാട്ടിലേക്ക് മടങ്ങിയത് പഴയ കഥ. 7-2 ന് തന്റെ ടീം ഇന്ത്യയെ കശാപ്പ് ചെയ്യുമ്പോള്‍ ആ മനുഷ്യന്‍ അനുഭവിച്ച മനസ്സുഖം എന്തായിരിക്കും ?
എട്ട് ഒളിമ്പിക് സ്വര്‍ണം ഇന്ത്യയുടെ എക്കൗണ്ടിലുണ്ട്. 2008 ബീജിംഗ് ഒളിമ്പിക്‌സിന് യോഗ്യത നേടിയില്ല. 2012 ലണ്ടന്‍ ഒളിമ്പിക്കില്‍ അവസാന സ്ഥാനക്കാര്‍. ആസ്‌ത്രേലിയ, ജര്‍മനി, ഹോളണ്ട്, സ്‌പെയിന്‍ എന്നിവര്‍ക്ക് പുറമെ, ഇംഗ്ലണ്ട്, ബെല്‍ജിയം, ന്യൂസിലാന്‍ഡ് ടീമുകളോടും പൊരുതി നില്‍ക്കാന്‍ ഇന്ന് ഇന്ത്യക്ക് സാധിക്കുന്നില്ല.
റിക് ചാള്‍സ്‌വര്‍ത്ത് പറഞ്ഞത് ഇന്ത്യന്‍ ഹോക്കിക്ക് അടിയന്തരമായി ഒരു വികസന പദ്ധതി വേണമെന്നാണ്. ജൂനിയര്‍ തലത്തില്‍ നിന്നു തന്നെ പുനരുദ്ധാരണം നടക്കണമെന്ന്. പക്ഷേ, കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ ജൂനിയര്‍ ഹോക്കി ലോകകപ്പ് നടന്നു. നമ്മുടെ സ്ഥിതി എന്തായിരുന്നു – പത്താം സ്ഥാനം. സീനിയര്‍ ടീമിന്റെ റാങ്കിംഗോ – പത്താം സ്ഥാനം. ഇന്ത്യന്‍ ഹോക്കി ഒരു പത്തേ പത്തില്‍ പോകുന്ന ഏര്‍പ്പാടായി മാറിയിരിക്കുന്നു.