International
വ്യാജ വാര്‍ത്ത: ബംഗ്ലാദേശില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ധാക്ക: വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ബംഗ്ലാദേശില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രതിപക്ഷ അനുകൂല പത്രത്തില്‍ ധാക്കയിലെ തിരഞ്ഞെടുപ്പിന് ഇന്ത്യന്‍ സേന സഹായിക്കുന്നുവെന്ന വാര്‍ത്തയാണ് ഇവര്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു ഇവരെന്നാണ് സര്‍ക്കാറിന്റെ വാദം. ബംഗ്ലാ ഭാഷാ ദിനപത്രമായ ഡെയ്‌ലി ഇന്‍ക്വിലാബിന്റെ ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍, നയതന്ത്രകാര്യ ലേഖകന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിന് ഇവരുടെ വാര്‍ത്തകള്‍ പ്രചോദനമായതായി പോലീസ് പറയുന്നു. പത്രത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും എതിരെ പത്രവും മാധ്യമപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചുവെന്ന് ധാക്ക പോലീസ് വക്താവ് മുനീറുല്‍ ഇസ്‌ലാം പറഞ്ഞു. പത്രത്തിന്റെ ഓഫീസില്‍ കോടതിയുടെ വാറണ്ടിനെ തുടര്‍ന്ന് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന വാര്‍ത്തകളെ തുടര്‍ന്ന് തെക്കു പടിഞ്ഞാറന്‍ ജില്ലയായ സാത്തിറയിലാണ് കലാപമുണ്ടായത്. കഴിഞ്ഞ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു കലാപം.