Connect with us

Articles

അന്താരാഷ്ട്ര മീലാദ് സമ്മേളനം ഇന്ന്: പ്രവാചകാനുധാവനം ജമാഅത്ത് മോഡല്‍

Published

|

Last Updated

എല്ലാ പ്രവാചകചര്യകളും പുന:സ്ഥാപിക്കാനുത്സാഹിക്കുന്ന ചെറിയ ഗ്രൂപ്പുകളെങ്കിലും എന്നും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. കോര്‍പറേറ്റ് അധിനിവേഷങ്ങള്‍ക്കെതിരെ, ജലചൂഷണത്തിനെതിരെ, ആദിവാസികളുടെ ഭൂമി കവരുന്നതിനെതിരെ, മലയും മരങ്ങളും വെട്ടി നശിപ്പിക്കുന്നതിനെതിരെ ഒക്കെ നടക്കുന്ന സമരങ്ങളില്‍ പ്രവാചക ശിഷ്യന്‍മാര്‍ ഭാഗവാക്കാകുന്നത് അതുകൊണ്ടാണ്.”
സംശയിക്കരുത്, പ്രവാചക ശിഷ്യത്വത്തിന്റെ പുതിയ അവകാശികള്‍ ജമാഅത്തെ ഇസ്‌ലാമി തന്നെ. കുറച്ചു കാലമായിട്ട് കേരള ജമാഅത്ത് റബീഉല്‍ അവ്വല്‍ മാസം ആചരിച്ച് വരുന്നുണ്ടല്ലോ. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, പ്രബന്ധങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിങ്ങനെയാണ് ആചാരം നടന്നുവരുന്നത്. ഈ വര്‍ഷം”ഇത്തിബാഉര്‍റസൂല്‍ എന്ന തലക്കെട്ട് തന്നെ സ്വീകരിച്ചുകൊണ്ടാണ് മാസാചരണം നടക്കുന്നത്. ജാഥകള്‍, ആലാപനങ്ങള്‍ തുടങ്ങിയവ അടുത്ത വര്‍ഷങ്ങളിലേക്ക് മാറ്റിയിരിക്കുന്നു. അതാണ് കാലുമാറ്റത്തിന്റെ ഒരു ജമാഅത്ത് സ്റ്റൈല്‍. മാസാചരണത്തിന്റെ ഭാഗമായി ജമാഅത്ത് പത്രം നബിദിനത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വരികളാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. പ്രവാചക ശിഷ്യത്വത്തിന്റെ പുതിയ അവതാരങ്ങള്‍ക്ക് നല്ല നമസ്‌കാരം. പക്ഷേ അപ്പോഴും, മറക്കാറായിട്ടില്ലാത്ത ചില ഓര്‍മകള്‍ വായനക്കാരെ കുഴക്കുന്നുണ്ട്. പുതിയ പ്രവാചക ശിഷ്യന്‍മാര്‍ നടപ്പില്‍ വരുത്തുന്നതായി എണ്ണിപ്പറഞ്ഞ ചില സുന്നത്തുകളും ഒരിക്കലും ദഹിക്കാത്ത മട്ടില്‍ അടിയന്‍മാരുടെ ഓര്‍മയെ വേട്ടയാടുന്നു.
“പ്രവാചക ചര്യകള്‍ പാലിക്കുന്നതില്‍ പില്‍ക്കാല ശിഷ്യന്‍മാര്‍ അക്ഷന്തവ്യമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നത് ശരിയാണ്.” എന്ന് ജമാഅത്ത് പത്രം കുറ്റസമ്മതം നടത്തുന്നുണ്ട്. പുതിയ ശിഷ്യന്‍മാര്‍ അത് തിരുത്തുന്നതായും പറയുന്നു. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച പ്രവാചക ശിഷ്യന്‍മാരായിരിക്കുമോ അക്ഷന്തവ്യ വീഴ്ചകള്‍ വരുത്തിയിരിക്കുക.? അവരാണല്ലോ പ്രവാചകനെ കാണുമ്പോള്‍ ആദരസൂചകമായി എഴുന്നേറ്റ് നിന്നിരുന്നത്. (ബുജൈരിമി 3/326). തന്റെ കല്ലറ (ഒരു ജമാഅത്ത് പ്രയോഗം) യുടെ ഭിത്തി തകര്‍ന്ന് വീണപ്പോള്‍ അതീവ ജാഗ്രതയോടെ അത് പുന:സ്ഥാപിച്ചത് (ബുഖാരി 1390).”തന്റെ ഭൗതികാവശിഷ്ടങ്ങള്‍” (ക്ഷമിക്കണം ഒരു ജമാഅത്ത് പ്രയോഗം) സൂക്ഷിക്കാന്‍ വെമ്പല്‍ കൊണ്ടതും ഒന്നാം നൂറ്റാണ്ടിലെ ആ പ്രവാചക ശിഷ്യന്‍മാരായിരുന്നു.
ജീവിതകാലത്ത് തിരുനബി ധരിച്ചു നടന്ന ഷര്‍ട്ട് സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം രോഗികള്‍ക്ക് വിതരണം ചെയ്യുക വഴി അക്ഷന്തവ്യമായ വീഴ്ച (ജമാഅത്ത് പ്രയോഗം) വരുത്തിയതും ഒന്നാം ഖലീഫ അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ആയിരുന്നു. (മുസ്‌ലിം 14:43). തിരുമേനിയില്‍ നിന്ന് വിയര്‍പ്പുകണങ്ങള്‍ കുപ്പിയിലേക്ക് ശേഖരിക്കുകയും ഇത് ഔഷധമായും സുഗന്ധമായും തങ്ങള്‍ ഉപയോഗിക്കുമെന്ന് വിളിച്ചുപറയുകയും ചെയ്യുക വഴി “അക്ഷന്തവ്യമായ വീഴ്ച” വരുത്തിയത് സ്വഹാബി വനിതയായ ഉമ്മുസുലൈം (റ) ആയിരുന്നു. തിരുനബി (സ) ആ പ്രവൃത്തിയെ അംഗീകരിക്കുകയുണ്ടായി. (മുസ്‌ലിം 15:87) ഹജ്ജ് വേളയില്‍ ജംറയെ എറിയുകയും ബലി നിര്‍വഹിക്കുകയും ചെയ്ത ശേഷം മുടിയെടുത്ത് അന്‍സാരിയായ അബൂ ത്വല്‍ഹത്ത് സ്വഹാബിയെ ഏല്‍പ്പിച്ച് പ്രവാചക ശിഷ്യന്‍മാര്‍ക്കിടയില്‍ (ക്ഷമിക്കണം, ഒന്നാം നൂറ്റാണ്ടിലെ പ്രവാചക ശിഷ്യന്‍മാര്‍ക്കിടയില്‍) വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത്”മനുഷ്യനായ” ഈ പ്രവാചകന്‍ തന്നെയായിരുന്നു.

പില്‍ക്കാലത്ത്”അക്ഷന്തവ്യമായ വീഴ്ച വരുത്തിയ പ്രവാചക ശിഷ്യന്‍മാര്‍ തിരുനബിയുടെ തിരുകേശം ഔഷധമായി ഉപയോഗപ്പെടുത്തി എന്ന് ഇമാം ബുഖാരിയുടെ ഹദീസുകള്‍ തന്നെ വ്യക്തമാക്കുന്നു. ജമാഅത്തികള്‍ക്ക് അറപ്പാണെങ്കിലും പ്രസ്തുത ഹദീസ് ഇവിടെ ഉദ്ധരിക്കാം. ഉസ്മാന്‍ബ്‌നു അബ്ദുല്ലാ (റ) പറയുന്നു.”എന്റെ ഭാര്യ ഒരു പാത്രം വെള്ളവുമായി പ്രവാചക പത്‌നി ഉമ്മു സല്‍മ (റ)യുടെ അടുത്തേക്ക് എന്നെ അയച്ചു. ജനങ്ങള്‍ (ഉത്തമ നൂറ്റാണ്ടിലെ പ്രവാചക ശിഷ്യന്‍മാര്‍) അക്കാലത്ത് കണ്ണേറോ മറ്റ് രോഗങ്ങളോ പിടിപെടുമ്പോള്‍ ഒരു പാത്രം വെള്ളവുമായി ഉമ്മു സല്‍മയുടെ അടുക്കല്‍ പോവുക പതിവായിരുന്നു. (ഉമ്മു സല്‍മ വശം സൂക്ഷിപ്പുള്ള) ആ കുപ്പിയിലേക്ക് എത്തിനോക്കിയപ്പോള്‍ അതില്‍ ഏതാനും ചുവന്ന മുടികള്‍ ഞാന്‍ കണ്ടു. (ബുഖാരി 13:353). രോഗശമനം പ്രതീക്ഷിച്ച് പ്രവാചക ശിഷ്യന്‍മാര്‍ തിരുകേശം മുക്കിയ വെള്ളം കുടിക്കുമായിരുന്നുവെന്ന് ഫത്ഹുല്‍ ബാരി ഹദീസ് വ്യാഖ്യാനത്തില്‍ വിശദീകരിക്കുന്നു. (13:357). പ്രവാചക ശിഷ്യന്‍മാരുടെ”അക്ഷന്തവ്യമായ ഈ വീഴ്ചയാണ്ഇത്തിബാഉര്‍റസൂലിന്റെ ഭാഗമായി കേരളാ ജമാഅത്തിലെ പുതിയ ശിഷ്യന്‍മാര്‍ തിരുത്തുന്നത്. ബലേ, ജമാഅത്തിത്തിബാഅ് ഭേഷ്!! (രണ്ട് വട്ടം പറയുക)
ഇനി ജമാഅത്തികളുടെ (പുനത്തിലിനോട് കടപ്പാട്) പുതിയ സുന്നത്തുകളെക്കുറിച്ച് പറയാം. പ്രവാചകചര്യകള്‍ പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇവര്‍ നടപ്പാക്കുന്ന പുതിയ സുന്നത്തുകള്‍ കേട്ട് ചന്ദ്രികയിലെ”പരിശുദ്ധ നെയ്യുകാരന്‍ ഊറിച്ചിരിക്കുന്നുണ്ടാകണം. കോര്‍പറേറ്റ് അധിനിവേഷങ്ങള്‍ക്കെതിരെയുള്ള സമരങ്ങളില്‍ ജമാഅത്തികള്‍ ഭാഗവാക്കാകുന്നത് എന്തുകൊണ്ട്?. ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി എന്നതാണ് ശരിയുത്തരം. അല്ലെങ്കില്‍ മറ്റൊരുത്തരമുണ്ട്, അതിതാണ്. ജമാഅത്ത് കോര്‍പറേറ്റുകള്‍ ഉണ്ടാകുമ്പോള്‍ ഇവിടെ എന്തിന് പുതിയ കോര്‍പറേറ്റുകള്‍. ഇടിച്ചു നിരത്തും ഞങ്ങള്‍ സോളിഡാരിറ്റിക്കാര്‍. ന്‍ന്താ?
ബിസിനസ് പങ്കാളിയെ ഒതുക്കാന്‍ ഗുണ്ടകളിച്ച അമീറേത്? വ്യാജ വിലാസം നല്‍കി തമിഴ്‌നാട്ടില്‍ ബിസിനസ് സാമ്രാജ്യം പണിയാന്‍ കോപ്പുകൂട്ടിയ ഇസ്‌ലാമിക പ്രസ്ഥാനമേത്? വായ്പക്ക് പലിശക്ക് പകരം ഇരുപത് ശതമാനം ലാഭം വിധിച്ച പ്രവാചക ശിഷ്യനേത്? കേരളത്തില്‍ ഏറ്റവും കുറച്ച് അംഗങ്ങളും ഏറ്റവും അധികം ആസ്തിയുമുള്ള മത സംഘടന ഏത്.? ആരാധനാലയങ്ങള്‍ മുതല്‍ ഭൂമിക്കച്ചവടം വരെ “ട്രസ്റ്റാക്കുന്ന മത സംഘടന ഏത്.? 1996ല്‍ ഹജ്ജിന് പുറപ്പെട്ട ജമാഅത്ത് പ്രവര്‍ത്തകനെ വീട് വളഞ്ഞും എയര്‍പോര്‍ട്ടില്‍ പാസഞ്ചര്‍ ലോഞ്ചില്‍ നിന്ന് തട്ടിക്കൊണ്ട് വന്നും പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത് പ്രവാചക ചര്യ നടപ്പാക്കിയ പ്രവാചക ശിഷ്യന്‍മാരേത്.? ഉത്തരങ്ങള്‍ ഒരു ചളിയും കലരാത്ത പരിശുദ്ധ നെയ്യിലുണ്ട്.”
ആദിവാസി ഭൂമി കവരുന്നതിനെതിരെയും, മലയും മരവും വെട്ടുന്നതിനെതിരെയും, പുതിയ പ്രവാചക ശിഷ്യന്‍മാര്‍ സമരത്തിലാണ്. ആദിവാസി ഭൂമി കവരുന്നത് മാത്രമാണോ സുന്നത്ത് വിരുദ്ധം?. പശ്ചിമഘട്ട മലനിരകളിലെ കുന്നും മരവും മാത്രമാണോ സുന്നത്ത് സംരക്ഷണ പരിധിയില്‍ വരിക.?”നിഷിദ്ധ മാര്‍ഗേണ സമ്പാദിച്ച ധനമോ ഭൂസ്വത്തോ തന്റെ അധിനിവേശത്തിലുണ്ടെങ്കില്‍ അത് കൈയൊഴിയുക എന്ന് ജമാഅത്ത് ഭരണഘടനയില്‍ പറയുന്നുണ്ട്. തന്റെ ഇടപാടുകള്‍ നീതിയുടെയും ന്യായത്തിന്റെയും ദൈവഭക്തി (തഖ്‌വ) യുടെയും കറയറ്റ സത്യസന്ധതയുടെയും അടിസ്ഥാനത്തില്‍ നിലനിര്‍ത്തണമെന്നും ഭരണഘടന കല്‍പ്പിക്കുന്നു.
കൊല്ലത്ത് തങ്ങള്‍കുഞ്ഞ് മുസ്‌ലിയാര്‍ കോളജിനടുത്ത് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് ഏതാനും അധ്യാപകന്‍മാര്‍ ചേര്‍ന്ന് വിലക്കു വാങ്ങിയ ഭൂമി ജമാഅത്ത് ട്രസ്റ്റിന്റെ കൈവശമെത്തിയതെങ്ങനെ.?

ഖത്തറിലെ ജമാഅത്തനുകൂലികളും അല്ലാത്തവരുമായ ആളുകള്‍ പിരിച്ചെടുത്ത തുക കൊണ്ട് സ്ഥാപിച്ച വ്യാപാര സമുച്ചയം കോടികള്‍ക്ക് വില്‍പ്പന നടത്തിയിട്ടും രണ്ട് ലക്ഷം വീതം മുടക്കിയവര്‍ക്ക് തിരിച്ചുകിട്ടിയത് വെറും രണ്ട് ലക്ഷമായതെങ്ങനെ.?
പതിമൂന്ന് ഏക്കറില്‍ ആരാന്റെ പണം കൊണ്ട് സ്ഥാപിതമായ പുകയൂരിലെ സ്‌കൂള്‍ സമുച്ചയത്തിന്റെ ട്രസ്റ്റ് രജിസ്‌ട്രേഷന്‍ സ്ഥാപനവുമായി ഒരു ബന്ധവുമില്ലാത്തവരുടെ പേരിലായതെങ്ങനെ? ആദിവാസി ഭൂമിക വരുന്നത് മാത്രമാണോ പ്രവാചകചര്യക്ക് നിരക്കാത്തതാവുക.? ആളുകളുടെ പണവും ഭൂമിയും”ആന വായിലെ അമ്പഴങ്ങ”പരുവത്തിലാവുന്നതാണോ പ്രവാചക ചര്യയുടെ പുന:സ്ഥാപനം?. ജമാഅത്താന അമ്പഴങ്ങ മാത്രമല്ല ഭൂമിയും വിഴുങ്ങുന്നു. “പരിശുദ്ധ നെയ്യ്” പുറത്തിറങ്ങി വര്‍ഷമെത്ര കഴിഞ്ഞു.? സോളിഡാരിറ്റിയുടെ പ്രതികരണമുള്ള യൗവനമെന്തേ ഷണ്ഡീകരിക്കപ്പെട്ടു പോകുന്നു.?
പശ്ചിമഘട്ട മലനിരകളില്‍ അധിനിവേശമരുത്. നൂറ് തരം. പക്ഷേ കട്ടിയാട് മലയില്‍ ജമാഅത്തെ ഇസ്‌ലാമി അമീറിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ബഹു കോടികളുടെ വ്യാപാര പദ്ധതിയായ ഡീംഡ് യുനിവേഴ്‌സിറ്റിക്ക് വേണ്ടി കണ്ടെത്തിയ അറുനൂറ് ഏക്കര്‍ മലനിരകള്‍ നിരപ്പാക്കുന്നതും ഇവിടെയുള്ള മരങ്ങള്‍ വെട്ടുന്നതും പുന:സ്ഥാപിക്കപ്പെടുന്ന പ്രവാചകചര്യയില്‍ ഉള്‍പ്പെടുമോ?
എക്‌സ്പ്രസ് ഹൈവേ എന്ന യു ഡി എഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതിക്കെതിരെ സോളിഡാരിറ്റി മുഷ്ടി ചുരുട്ടിയത് സുന്നത്ത് പ്രേമം കൊണ്ടായിരുന്നോ? അതോ ജമാഅത്ത് വ്യാപാര പദ്ധതിക്ക് വേണ്ടി ശേഖരിച്ചു വെച്ച അറുനൂറ് ഏക്കറില്‍ അഞ്ഞൂറ് ഏക്കറും റോഡാകുമെന്നത് കൊണ്ടോ? ജമാഅത്ത് പുന:സ്ഥാപിക്കുന്ന ഓരോ പ്രവാചക ചര്യക്ക് പിന്നിലും എത്ര ഏക്കര്‍ വീതം ജമാഅത്ത് ഭൂമിയുണ്ട്? ജമാഅത്ത് കോര്‍പറേറ്റുകളുണ്ട്? ഇതൊക്കെ വിശദീകരിച്ചിട്ട് മതി പ്രവാചക ശിഷ്യന്‍മാരുടെ സുന്നത്ത് പുന:സ്ഥാപനം.

നബിദിനത്തിന് സര്‍ക്കാര്‍ അവധി വന്നപ്പോള്‍ അതിനെ ലേഖനമെഴുതി പരിഹസിച്ചവര്‍ക്ക് മൗലിദ് മാസത്തില്‍ ഇത്തിബാഅ് ഓര്‍മ വന്നത് നല്ല ലക്ഷണമെന്ന് കരുതിയിരിക്കുമ്പോഴാണ് നബിദിനത്തില്‍ പഴയ നേതാവിന്റെ ലേഖനം ജമാഅത്ത് പത്രം പ്രസിദ്ധീകരിക്കുന്നത്. ആട്ടിന്‍ തോല്‍ പറിച്ചെറിഞ്ഞ് ചെന്നായ വീണ്ടും പുറത്തു വന്നിരിക്കുന്നു. തിരുനബിയെ കൊച്ചാക്കുന്നതും അവമതിക്കുന്നതുമായ ആക്ഷേപ ഹാസ്യങ്ങള്‍ കുത്തി നിറച്ച് ജമാഅത്ത് ഇത്തിബാഅ് തെളിയിക്കുന്നു. ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു എന്ന് മുഹമ്മദ് നബി ഖുര്‍ആനിലൂടെ ആവര്‍ത്തിച്ച് പറയുന്നതായാണ് പുതിയ കണ്ടെത്തല്‍. (മാധ്യമം 2014 ജനു. 14) ഇങ്ങനെ മുഹമ്മദ് നബി ആവര്‍ത്തിക്കുന്നത് പോയിട്ട് ഒരു വട്ടമെങ്കിലും പറഞ്ഞിട്ടില്ല. ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ് എന്ന് പറയുകയല്ല, ഞാന്‍ ദിവ്യസന്ദേശം ലഭിക്കുന്ന അസാധാരണ മനുഷ്യനാണ് എന്ന് പറയുകയാണ് മുഹമ്മദ് നബി (സ) ചെയ്യുന്നത്. പൊതു പ്രയോഗത്തില്‍ വിശേഷണം വന്നാല്‍ ആ വിശേഷണത്തിന് പ്രാമുഖ്യം നല്‍കണമെന്നത് ഭാഷാനിയമം. ജമാഅത്ത് പ്രിലിമിനറി പക്ഷേ, ഈ നിയമത്തോളം ഉയരുന്നതിന് മുമ്പ് തഹ്‌സീല്‍ സംഭവിച്ചു പോകും. നബി (സ)യുടെ അമാനുഷിക സിദ്ധികളെയും ജമാഅത്ത് ചോദ്യം ചെയ്യുന്നു. വിശുദ്ധ ഖുര്‍ആനാണ് അദ്ദേഹം അവതരിപ്പിച്ച ദിവ്യാത്ഭുതമെന്ന് ജമാഅത്ത് പത്രം പറയുമ്പോള്‍ മറ്റനേകം മുഅ്ജിസത്തുകളെ തള്ളിക്കളയുന്നതിന് പ്രവാചക ചര്യയുടെ ഈ അഭിനവ പുന:സ്ഥാപകന്‍മാര്‍ മുതിരുന്നു.

രസാവഹമായ മറ്റൊരു വിശേഷമുണ്ട്. നബിദിനമാഘോഷത്തിന്റെ പേരില്‍ മാസം മുഴുവനും ഒച്ചവെച്ചിരുന്നവരുടെയൊക്കെ ചങ്കടഞ്ഞുപോയിരിക്കുന്നു. തകര്‍ന്ന് തരിപ്പണമായ “തൗഹീദ്” (?) കൊട്ടാരം നോക്കി അമ്പരന്നിരിക്കുന്നവര്‍ തിരുനബിയെ അപഹസിക്കാന്‍ മറന്നു പോകുന്നു. എന്തൊരു ചെയ്ഞ്ച്.
ഈ തിരുനബി ജന്‍മ മാസത്തിന് സവിശേഷതകള്‍ ഏറെയുണ്ട്. ശത്രു പൊടിഞ്ഞ് പോയിരിക്കുന്നു. നാടും നഗരവും പ്രവാചക സ്‌നേഹികള്‍ കൈയടക്കിയിരിക്കുന്നു. തിരുനബി സ്‌നേഹം തുള്ളിത്തുളുമ്പി ദൈവഭക്തിക്കും പ്രവാചകാനുധാവനത്തിനും നിമിത്തമാകുന്നു. റബീഉല്‍ അവ്വല്‍ ഒരു പ്രബോധനമാസമായി ഉരുവം പ്രാപിക്കുന്നു.

മീലാദ് സമ്മേളനം:
ശൈഖ് ഖസ്‌റജി എത്തുമ്പോള്‍

എസ് വൈ എസ് പ്രസ്ഥാനം കോഴിക്കോട്ട് നടത്തുന്ന പ്രവാചക സ്‌നേഹികളുടെ സംഗമത്തിന് ഏറെ സവിശേഷതയുണ്ട്. പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ ഇപ്പോള്‍ അരങ്ങു വാഴുന്ന എല്ലാ കാപട്യങ്ങളെയും തകര്‍ക്കുന്നതാണ് ഈ സംഗമം. പ്രവാചകാനുധാവനത്തെ യഥോചിതം കാത്തു സൂക്ഷിക്കാന്‍ അര്‍ഹരും അവകാശികളുമായിട്ടുള്ള അഹ്‌ലുസ്സുന്ന:യുടെ കാവല്‍ ഭടന്‍മാരാണ് ഇന്ന് കോഴിക്കോടിന്റെ വിശാലമായ മണല്‍പ്പരപ്പില്‍ ഒത്ത്കൂടുന്നത്. അപൂര്‍വ്വമായ ഒരു സംഗമത്തിന് കൂടി കോഴിക്കോടിന്റെ ചരിത്രമുറങ്ങുന്ന മണല്‍ തരികള്‍ ഇന്ന് സാക്ഷിയാകും. ശൈഖ് അബൂബക്കര്‍, ഖസ്‌റജി ദ്വയത്തിന്റെ സംഗമമാണത്. പ്രവാചകാനുരാഗത്തിന്റെ ജീവല്‍ രൂപങ്ങള്‍ ഇവിടെ ഒത്തു ചേരുന്നു. കേരളത്തിന്റെ “ഠ”വട്ടത്ത് മാത്രമേ മൗലിദും ആഘോഷവുമുള്ളൂ എന്ന പ്രചാരണം കൊടുമ്പിരിക്കൊള്ളവെ അന്താരാഷ്ട്ര മീലാദ് സമ്മേളനം ഒരുക്കി കേരളമാണ് ലോകം എന്ന് കാണിച്ചു കൊടുത്ത പണ്ഡിതനാണ് ശൈഖ് അബൂബക്കര്‍. അന്‍സാരി കുടുംബത്തിലെ ഇപ്പോഴത്തെ തലവന്‍ വശം തിരുകേശമുണ്ടെന്ന് കേരളത്തില്‍ പ്രചരിപ്പിക്കപ്പെടവേ ആ തിരുകേശം കേരളത്തിലെത്തിച്ച് ശൈഖ് അബൂബക്കറിന് കൈമാറിയ പ്രവാചക സ്‌നേഹിയാണ് ശൈഖ് അഹ്മദ് ഖസ്‌റജി. പ്രസ്തുത സ്‌നേഹ ദ്വയങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് എസ് വൈ എസ് മീലാദ് സമ്മേളനം സാക്ഷിയാകുന്നു.

മദീനാ മുനവ്വറയില്‍ നിന്ന് തിരുശേഷിപ്പുകളുടെ പുണ്യവുമായി വന്ന സയ്യിദ് ഹാശിമും അറേബ്യയുടെ വിവിധ ദിക്കുകളില്‍ നിന്ന് എത്തിച്ചേരുന്ന പ്രവാചകാനുരാഗത്തിന്റെ കാവലാളുകളും മുത്ത്‌നബി സ്‌നേഹികളായ പതിനായിരങ്ങള്‍ ഒരുമിച്ച് മുഹബ്ബത്തിന്റെ ബിന്ദുവില്‍ ലയിച്ചു ചേര്‍ന്ന് പ്രവാചകാലാപനങ്ങള്‍ പൊഴിക്കുന്ന വിശുദ്ധ നിമിഷങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പ്രവാചക സ്‌നേഹികള്‍, അഹ്‌ലുസ്സുന്ന:യുടെ കാവലാളുകള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു മീലാദ് സമ്മേളനം അവിസ്മരണീയമാക്കാന്‍. കാരണം അവരെ മുത്ത്‌നബി വിളിക്കുന്നുണ്ട്.