Kerala
ഇശ്ഖിന്റെ സാഗരമായി അറബിക്കടലോരം
കോഴിക്കോട്: ഒട്ടനവധി ചരിത്ര സംസ്‌കൃതികള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് കടപ്പുറത്ത് പ്രവാചക പ്രേമികള്‍ ഇശ്ഖിന്റെ മഹാസാഗരം തീര്‍ക്കുന്നു. അന്താരാഷ്ട്ര മീലാദ് സമ്മേളനം തുടങ്ങും മുന്പ് തന്നെ കോഴിക്കോട് കടപ്പുറം സൂചി കുത്താനിടയില്ലാത്തവിധം മഹാസാഗരമായി മാറി. നബികീര്‍ത്തന കാവ്യങ്ങളും പ്രാര്‍ഥനാ മന്ത്രങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് വിശ്വാസദാര്‍ഢ്യതയുമായി ഇന്നലെ അര്‍ധരാത്രി മുതല്‍ ജനം ഒഴുകുകയാണ്. അത് ഇപ്പോഴും തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും നഗരിയിലേക്ക് എത്തിപ്പെടാനാകാതെ നിരവധി പേര്‍ കുടങ്ങിക്കിടക്കുന്നുണ്ട്.
ആദര്‍ശപ്രസ്ഥാനത്തിന്റെ അഭിമാനനിമിഷങ്ങള്‍ക്ക് വേദിയായ ആസ്ഥാനനഗരിയില്‍ സുന്നിയുവജന പ്രസ്ഥാനത്തിന്റെ മീലാദ് സമ്മേളനവും ഐതിഹാസികമായ ചരിത്രമാകും. നബികീര്‍ത്തന കാവ്യങ്ങളും പ്രാര്‍ഥനാ മന്ത്രങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് വിശ്വാസദാര്‍ഢ്യതയുമായി ഒഴുകിയെത്തുന്ന ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ വന്‍സജ്ജീകരണങ്ങളാണ് നഗരിയില്‍ ഒരുക്കിയിട്ടുള്ളത്.
മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനവും മദ്ഹുര്‍റസൂല്‍ പ്രഭാഷണവും സമീപകാലത്ത് കേരളം കണ്ട വലിയ ജനമഹാസംഗമമായി മാറും. അതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ മീലാദ് സമ്മേളനത്തിനും ഇന്ന് കോഴിക്കോട് സാക്ഷിയാകും. ഇന്നലെ അര്‍ധരാത്രി മുതല്‍ ദൂരദിക്കുകളില്‍ നിന്നും മീലാദ് സമ്മേളനത്തിലേക്ക് പ്രവാചക പ്രേമികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. വലിയൊരു മഹാസമ്മേളനത്തിന്റെ ക്രമീകരണത്തിനായി നഗരത്തിലും പരിസരത്തും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്മേളനത്തില്‍ അന്തര്‍ദേശീയ തലത്തിലുള്ള ഇസ്‌ലാമിക പണ്ഡിതരും നേതാക്കളും പ്രവാചക കുടുംബ പരമ്പരയിലെ പ്രധാനികളും പങ്കെടുക്കും. സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. ഡോ അഹമ്മദ് ഖസ്‌റജി യു എ ഇ, സയ്യിദ് ഹാശിം അഹമ്മദ് മദീന, സയ്യിദലി അബ്ദുര്‍റഹ്മാന്‍ അബൂദബി, മൗലാന ഹമീദുല്ല ബഖ്തിയാര്‍, ഡോ. ശഫീഖ് റഹ്മാന്‍ ബര്‍ഖി മൊറാദാബാദ്, ഡല്‍ഹി എന്‍ സി പി യു എല്‍ ഡയറക്ടര്‍ ഡോ. ഖാജാ ഇഖ്‌റാമുദ്ദീന്‍, എന്‍ സി പി യു എല്‍ സെക്രട്ടറി ഖലീലുദ്ദീന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. പ്രവാചക പ്രകീര്‍ത്തന കാവ്യമായ ബുര്‍ദത്തുല്‍ ബൂസൂരി അടക്കം വിവിധ സംഘങ്ങളുടെ നേതൃത്വത്തില്‍ ബുര്‍ദ, ഖവാലി, മൗലിദ് എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമസ്ത മുശാവറ അംഗങ്ങളും സയ്യിദന്‍മാരും ഉമറാക്കളും സംഘടനാ നേതാക്കളും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.