Kerala
ജനനന്മ ലക്ഷ്യം വെക്കാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ല: കാന്തപുരം


കോഴിക്കോട്ട് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുന്നു
കോഴിക്കോട്: ജനങ്ങളുടെ പൊതുവായ നന്‍മയും വളര്‍ച്ചയും ലക്ഷ്യം വെക്കുന്ന നയനിലപാടുകള്‍ ഇല്ലാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുത്ത്‌നബി വിളിക്കുന്നു എന്ന പേരില്‍ എസ് വൈ എസ് സംസ്ഥാന കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു.
രാജ്യത്ത് ഏറ്റവും ദുര്‍ബലരായവര്‍ക്ക് നീതി ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തിയാണ് ഒരു രാജ്യം വികസിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടത്. അതാണ് മുഹമ്മദ് നബി പഠിപ്പിച്ച മാതൃക. സ്ത്രീകളും കുട്ടികളും ദരിദ്രരും അടങ്ങുന്ന ദുര്‍ബലവിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാണ് മദീനദേശത്തെ നബിയും ഖലീഫമാരും വളര്‍ത്തിയെടുത്തത്. അത്തരം വളര്‍ച്ചയാണ് ഇന്ത്യക്കും വേണ്ടതെന്ന് സ്വാതന്ത്രം നേടിയ ഘട്ടത്തില്‍ ഗാന്ധിജിയും സൂചിപ്പിച്ചിരുന്നു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ചില വിഭാഗങ്ങളേയും സ്ഥലങ്ങളേയും ലക്ഷ്യം വെക്കുന്നുവെന്നതാണ് നാം നേരിടുന്ന വെല്ലുവിളിയെന്നും കാന്തപുരം പറഞ്ഞു.