Gulf
റാസല്‍ ഖൈമയില്‍ വാടക കരാര്‍ നിര്‍ബന്ധമാക്കുന്നു
റാസല്‍ ഖൈമ: വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ 25 മുതല്‍ വാടക കരാര്‍ ഹാജരാക്കണമെന്ന് നഗരസഭ. പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഏകീകൃത വാടക കരാറിനായി താമസക്കാര്‍ അപേക്ഷിക്കണം. എമിറേറ്റിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഔദ്യോഗികമായി ലഭിക്കുന്ന ഈ വാടക കരാര്‍ ഹാജരാക്കണമെന്നാണ് റാസല്‍ ഖൈമ നഗരസഭ വ്യക്തമാക്കിയത്.
വാടകക്കാര്‍ക്കും ഉടമകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ക്കും ലീസിന് കെട്ടിടം എടുക്കുന്നവര്‍ക്കുമെല്ലാം ഏകീകൃത വാടക കരാര്‍ നിര്‍ബന്ധമായിരിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട വൈദ്യുതി, ജലം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിക്കാനും ഏകീകൃത വാടക കരാര്‍ നിര്‍ബന്ധമാണ്.
ഒരു പ്രാദേശിക അറബ് പത്രമാണ് നഗരസഭയെ ഉദ്ധരിച്ച് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. സാമ്പത്തിക വിഭാഗം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, റാസല്‍ ഖൈമ കോടതി, വൈദ്യുതിക്കും വെള്ളത്തിനുമുള്ള ഫെഡറല്‍ അതോറിറ്റി എന്നിവയില്‍ നിന്നെല്ലാം ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഏകീകൃത വാടക കരാര്‍ 25 മുതല്‍ ആവശ്യമായി വരും. നഗരസഭയുടെ പ്രധാന കെട്ടിടത്തില്‍ നിന്നുമാണ് ഏകീകൃത വാടക കരാര്‍ വിതരണം ചെയ്യുക. ഇതിനായി അപേക്ഷിക്കുന്നവര്‍ 50 ദിര്‍ഹം ഫീസായി അടക്കണമെന്നും നഗരസഭയെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി.