International
തായ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ
ബാങ്കോക്ക്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായ തായ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന സുദേബ് തുആഗ്‌സുബാന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് തലസ്ഥാനമായ ബാങ്കോക്ക് നഗരം പൂര്‍ണമായും സ്തംഭിച്ച സാഹചര്യത്തിലാണ് അറുപത് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകളുടെയും മറ്റും പ്രവര്‍ത്തന നിശ്ചലമായെന്നും രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ താറുമാറായിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. കൂടാതെ ഫെബ്രുവരി രണ്ടിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ക്രമങ്ങള്‍ നിശ്ചലമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി രാജിവെക്കാതെ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭക നേതൃത്വവും പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്ന പ്രതിപക്ഷ നേതാക്കളും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തലസ്ഥാനമായ ബാങ്കോക്കിലും സമീപ പ്രവിശ്യകളിലും ആയിരക്കണക്കിന് പോലീസുകാരെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പൂര്‍ണ ചുമതല സൈനിക, പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രക്ഷോഭകരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് മേധാവികള്‍ അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭകര്‍ക്കെതിരെ സര്‍ക്കാര്‍ അനുകൂലികള്‍ നടത്തുന്ന ആക്രമണങ്ങളും അവസാനിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രക്ഷോഭകര്‍ക്ക് നേരെ അടുത്തിടെ വ്യാപക ആക്രമണങ്ങളും സ്‌ഫോടനങ്ങളും നടന്നിരുന്നു.
എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു കൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും എന്തുവിലകൊടുത്തും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രക്ഷോഭ നേതാവ് സുദേബ് വ്യക്തമാക്കി.
2011ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച യംഗ്‌ലക് ഷിനാവത്രക്കെതിരെ നവംബര്‍ 24നാണ് പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച പ്രക്ഷോഭകര്‍, പ്രധാനമന്ത്രി രാജിവെച്ച് ഭരണം പ്യൂപ്പിള്‍ കൗണ്‍സിലിന് നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. രാജിവെക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെയാണ് തലസ്ഥാനമായ ബാങ്കോക്ക് ഉപരോധിക്കുന്ന സമരവുമായി പ്രക്ഷോഭകര്‍ രംഗത്തെത്തിയത്.