Kerala
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്: റവന്യൂ ചെലവും പൊതുകടവും കൂടുന്നു
തിരുവനന്തപുരം: കാര്‍ഷിക വ്യാവസായിക മേഖലകളിലെ പ്രകടനത്തില്‍ കാര്യമായ ഇടിവ് ചൂണ്ടിക്കാട്ടി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവും കടവും കുതിച്ചുയരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ധനമന്ത്രി കെ എം മാണി നിയമസഭയുടെ മുന്നില്‍ സമര്‍പ്പിച്ച 2013 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ സ്ഥിതിവിവര കണക്കുകള്‍.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധന രേഖപ്പെടുത്തി. വളര്‍ച്ചാ നിരക്ക് മുന്‍ വര്‍ഷത്തെ എട്ടില്‍ നിന്ന് 2012-13ല്‍ 8.2 ശതമാനത്തിലേക്ക് വര്‍ധിച്ചു. 0.2 ശതമാനം വര്‍ധനയാണ് ഈ കാലയളവില്‍ നേടാനായത്. 11-12 ല്‍ ആഭ്യന്തരോത്പാദനത്തിന്റെ 12.06 ശതമാനമായിരുന്ന റവന്യുവരുമാനം 13-14 ല്‍ 12.15 ശതമാനമായി വര്‍ധിച്ചു. 38,010.36 കോടിയായിരുന്ന റവന്യൂ വരുമാനം 44,137.30 കോടി രൂപയായി. അതായത് 6,126 കോടിയുടെ വര്‍ധന. അതേസമയം, റവന്യൂ വരുമാനത്തിന്റെ വളര്‍ച്ചാനിരക്കില്‍ കുറവാണ് പ്രകടമാകുന്നത്. 2011-12ല്‍ 16.7 ശതമാനമായിരുന്നത് 2012-13ല്‍ 13.7 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിത കൈമാറ്റത്തിലുണ്ടായ കുറവാണ് ഇതിന് കാരണം.
നികുതി വരുമാനത്തിലും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2012-13 ലെ റവന്യൂ വരുമാനത്തിന്റെ 84 ശതമാനവും വിലക്കയറ്റം തടയാനാണ് സര്‍ക്കാര്‍ ചെലവിട്ടത്. 2011-12ലും 2012- 13ലും ലക്ഷ്യമിട്ടിരുന്ന ധനവിനിയോഗ ഏകീകരണ ലക്ഷ്യങ്ങള്‍ പൂര്‍ണമാക്കാനായില്ല. ശമ്പളം, പെന്‍ഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തിലെ വര്‍ധന, ക്ഷേമപദ്ധതികളിലുണ്ടായ ചെലവ്, ബാധ്യതകളിലുണ്ടായ വര്‍ധന, പാവപ്പെട്ടവര്‍ക്ക് അനുവദിച്ച സബ്‌സിഡി എന്നിവ ഇക്കാലയളവില്‍ വര്‍ധിച്ചു. അതേസമയം, കടത്തിന്റെ വളര്‍ച്ചാ നിരക്ക് 28.37 ശതമാനത്തില്‍നിന്ന് 28.51 ശതമാനമായി ഉയര്‍ന്നു.
മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കൃഷിയുടെ വിഹിതം 9.1 ശതമാനത്തില്‍നിന്ന് 8.95 ശതമാനമായി കുറഞ്ഞു. ഉത്പാദന മേഖലയുടെ വിഹിതം 7.74 ശതമാനത്തില്‍ നിന്ന് 7.53 ശതമാനമായും വ്യവസായം ഉള്‍പ്പെടുന്ന മേഖലയിലെ വിഹിതം 68.48 ശതമാനത്തില്‍ നിന്ന് 66.72 ശതമാനമായും ഇടിഞ്ഞു.