Kerala
അശാസ്ത്രീയ കുഴല്‍ക്കിണര്‍ നിര്‍മാണം: സംസ്ഥാനത്ത് ഭൂഗര്‍ഭജല നിരപ്പ് താഴുന്നു
ആലപ്പുഴ: സംസ്ഥാനത്തെ ഭൂഗര്‍ഭ ജല നിരപ്പ് ഗണ്യമായി താഴുന്നതായി പഠനം. ഇത് രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അശാസ്ത്രീയമായ കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകമായതാണിതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരിസ്ഥിതിക്ക് കോട്ടം വരുന്ന രീതിയിലുള്ള സ്വകാര്യ കരാറുകാരുടെ അശാസ്ത്രീയ കുഴല്‍ കിണര്‍ നിര്‍മാണവും ജല ചൂഷണവും വ്യാപകമായി നടക്കുമ്പോഴും ഇത് തടയുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് അംഗീകൃത ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഭൂജല വകുപ്പ് നിഷ്‌ക്രിയമായതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം സ്വകാര്യ കുഴല്‍ കിണര്‍ നിര്‍മാതാക്കളുടെ കടന്നുകയറ്റം സംസ്ഥാനത്ത് വ്യാപകമായിരിക്കയാണ്. സ്വകാര്യ ഏജന്‍സികള്‍ ഉപരിതലം മുതലുള്ള ജലം പുറത്തേക്ക് വലിച്ചെടുക്കുന്ന തരത്തില്‍ കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിനാല്‍ സമീപ പ്രദേശങ്ങളിലെ ജലാശയങ്ങള്‍ പെട്ടെന്ന് വറ്റാന്‍ കാരണമാകുന്നതായി ഭൂജല വകുപ്പിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
കുഴല്‍ കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പ് ഈടാക്കി വന്ന തുക കഴിഞ്ഞ വേനലില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടിയിലധികമായി ഒറ്റയടിക്ക് വര്‍ധിപ്പിച്ചതോടെ ഭൂജല വകുപ്പ് നോക്കുകുത്തിയായി. നിരക്ക് വര്‍ധന ഗുണം ചെയ്തത് സ്വകാര്യ കുഴല്‍ കിണര്‍ നിര്‍മാതാക്കള്‍ക്കാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവര്‍ നിര്‍മിച്ചു നല്‍കുന്നു. സംസ്ഥാനത്തുടനീളം 1,400 ഓളം സ്വകാര്യ ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. ഇത് മൂലം സംസ്ഥാന ഖജനാവിലേക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് വര്‍ഷം തോറും നഷ്ടമാകുന്നത്. പാറ, മണല്‍ മാഫിയകളെ പോലെ കുഴല്‍ കിണര്‍ മാഫിയയും ഇതിനകം രൂപപ്പെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്. സംസ്ഥാന ഭൂജല വകുപ്പില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് അപേക്ഷ നല്‍കിയാല്‍ മാസങ്ങളോളം കാത്തിരുന്നാല്‍ പോലും നിര്‍മിച്ചു ലഭിക്കില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് സ്വകാര്യ കുഴല്‍ കിണര്‍ മാഫിയ മുഴുവന്‍ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി യഥേഷ്ടം കുഴല്‍ കിണറുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
സംസ്ഥാനത്ത് മൂന്ന് പ്രദേശങ്ങളില്‍ മാത്രമേ കുഴല്‍ കിണര്‍ നിര്‍മാണത്തിന് നിരോധമുള്ളൂ. തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, കാസര്‍കോട് ജില്ലയിലെ കാസര്‍കോട് എന്നീ ബ്ലോക്കുകളില്‍ ഭൂജലത്തിന്റെ അളവ് അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഇവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്റെ അനുമതി തേടണമെങ്കിലും ഇത് കാര്യമാക്കാതെ സ്വകാര്യ കരാറുകാര്‍ ആവശ്യക്കാരുടെ ഇംഗിതത്തിനൊത്ത് കുഴല്‍ കിണര്‍ നിര്‍മിച്ചു നല്‍കുകയാണ്. സംസ്ഥാനത്തെ ഭൂഗര്‍ഭ ജലത്തില്‍ ഇപ്പോഴും ഏഴ് ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അശാസ്ത്രീയമായ കുഴല്‍ക്കിണര്‍ കുഴിക്കല്‍ പക്ഷെ, ഉപരിതല ജലാശയങ്ങളിലെ പോലും വെള്ളം വറ്റിപ്പോകാനിടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.