Connect with us

International

തായ്‌ലാന്‍ഡില്‍ സര്‍ക്കാര്‍ അനുകൂല നേതാവ് കൊല്ലപ്പെട്ടു

Published

|

Last Updated

ബാങ്കോക്: പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രക്ക് അനുകൂലമായ പ്രക്ഷോഭം നടത്തുന്ന “ചുവപ്പ് വസ്ത്ര” മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ക്വാന്‍ജായ് പ്രായ്പന കൊല്ലപ്പെട്ടു. വീട്ടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന പ്രായ്പനക്ക് നേരെ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് മേധാവി അറിയിച്ചു. കാലിനും തോളിലുമാണ് വെടിയേറ്റതെന്നും വക്താക്കള്‍ അറിയിച്ചു.
അതിനിടെ, സര്‍ക്കാറിനെ താഴെ ഇറക്കാനായി നടക്കുന്ന പ്രക്ഷോഭം തുടരുന്നതിനിടെ അടിയന്തരാവസ്ഥയും തുടങ്ങി. രാജ്യത്ത് തുടരുന്ന ശക്തമായ അക്രമങ്ങളെ ഫലപ്രദമായി നേരിടാനാണ് സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അറുപത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ നിരത്തിലിറങ്ങുന്നതിനും ശക്തമായ വിലക്കുണ്ട്. ടൂറിസ്റ്റ് മേഖലയിലും സാധാരണ ജീവിതത്തിനും ഇപ്പോള്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടില്ല. പ്രക്ഷോഭത്തിനിടെ ഞായറാഴ്ച ഒരാള്‍ കൊല്ലപ്പെടുകയും അറുപത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇതോടെ അനിശ്ചിതത്തിലായിരിക്കുകയാണ്.
പ്രധാനമന്ത്രി യിംഗ് ലക്ക് ഷിനവാത്ര രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഭരണഘടനാ കോടതിയോട് തിരഞ്ഞെടുപ്പിനെ കുറിച്ച് കാര്യങ്ങള്‍ ഉടന്‍ ആരായുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് എന്ത് നടപടിയും സ്വകരിക്കാമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രതിപക്ഷം ശക്തമായി പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തുനടപടിയെടുത്താലും സമരം നിര്‍ത്തിവെക്കുന്ന പ്രശ്‌നമില്ലെന്നും പ്രതിപക്ഷ നേതാവ് സുദേബ് തുആഗ്‌സുബാന്‍ വ്യക്തമാക്കി. പുറത്താക്കപ്പെട്ട മുന്‍ നേതാവ് താക്‌സിന്‍ ഷിനാവത്ര നിര്‍ദേശത്തിലാണ് നിലവിലെ പ്രധാനമന്ത്രി യിങ്‌ലക്ക് ഷിനവത്ര ഭരണം നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Latest