Malappuram
ചേനപ്പാടി എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചു
കാളികാവ്: ചേനപ്പാടി എസ്റ്റേറ്റില്‍ കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. എസ്റ്റേറ്റില്‍ ഇടവിളയായി ചെയ്ത പൈനാപ്പിള്‍ കൃഷിയില്‍ കാട്ടാനക്കൂട്ടം വന്‍ നാശമാണ് വരുത്തിയത്.
തിങ്കളാഴ്ച രാത്രിയില്‍ ഒറ്റയാന്‍ ഇറങ്ങിയാണ് കൃഷി നശിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടെത്തന്നെ കാട്ടാനക്കൂട്ടം പ്രദേശത്ത് എത്തി. ജനവാസ കേന്ദ്രത്തിലാണ് കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത്. വില്‍പനക്ക് വേണ്ടി കൊണ്ട് പോകാന്‍ കൂട്ടിയിട്ടിരുന്ന അറുനൂറിലധികം പൈനാപ്പിളുകള്‍ കാട്ടാനക്കൂട്ടം ഭക്ഷണമാക്കി.
പൈനാപ്പിള്‍ ചെടികള്‍ കാട്ടാനകള്‍ പിഴുതെടുത്ത് നശിപ്പിക്കുകയും തിന്നുകയും ചെയ്തിട്ടുണ്ട്. റബ്ബര്‍ തൈകളും, വാഴകളും, കമുങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. പുല്ലങ്കോട് എസ്‌റ്റേറ്റിലൂടെയാണ് കാട്ടാനകള്‍ ചേനപ്പാടിയില്‍ എത്തിയത്. വര്‍ണ്ണം രാജന്‍, കൂരി അബു എന്നിവരുടേയും കൃഷികള്‍ കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ കൃഷിയിടത്തിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടം നേരം പുലര്‍ന്നിട്ടും കൃഷിയിടത്തില്‍ തന്നെ തങ്ങുന്നത് തൊഴിലാളികള്‍ക്ക് ഭീഷണിയായിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം ബുധനാഴ്ച പുലര്‍ച്ചെ ടാപ്പിംഗ് തൊഴിലാളികള്‍ ജോലിക്കെത്തുമ്പോഴും കൃഷി സ്ഥലത്ത് തന്നെ നാശം വിതക്കുകയായിരുന്നു. നേരം വെളുത്തതിന് ശേഷമാണ് കാട്ടാനകള്‍ പ്രദേശത്ത് നിന്ന് പുല്ലങ്കോട് എസ്‌റ്റേറ്റിലൂടെ വനത്തിലേക്ക് തന്നെ തിരികെ പോയത്.