Articles
ധനസ്ഥിതിയുടെ ആയുസ്സ് തിരഞ്ഞെടുപ്പ് വരെ
പൊള്ളയായ വാഗ്ദാനങ്ങളാണ് ഈ വര്‍ഷത്തെ ബജറ്റില്‍. ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പണം എവിയെന്ന് മാത്രം ആരും ചിന്തിക്കുന്നില്ല. ഇല്ലാത്ത വരുമാനം കാണിച്ച്, ചെലവ് ചുരുക്കിക്കാണിച്ച്, റവന്യൂ കമ്മി കുറച്ചു കാണിക്കുന്ന തന്ത്രമാണ് മാണി ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. ഈ വിദ്യകളാണ് ഇപ്പോള്‍ കഴിഞ്ഞ രണ്ട് ബജറ്റിലും ധനമന്ത്രി അനുവര്‍ത്തിച്ചത്. 2012-13ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ റവന്യൂ കമ്മി കുറയുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പറഞ്ഞിരുന്നത്. റവന്യൂ കമ്മി 3406 കോടിയായി കുറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ വര്‍ഷം അവതരിപ്പിച്ച ബജറ്റിലെ രേഖ ചൂണ്ടിക്കാട്ടുന്നത് 2012-13ലെ റവന്യൂ കമ്മി 9351 കോടിയെന്നാണ്. അതായത് പ്രതീക്ഷിച്ചിരുന്ന റവന്യൂ കമ്മിയേക്കാള്‍ ഏതാണ്ട് രണ്ട് മടങ്ങ് കമ്മി വര്‍ധിച്ചുവെന്ന്. 0.9 ശതമാനം റവന്യൂ കമ്മിയെന്ന് പ്രഖ്യാപിച്ചിടത്ത് 2.6 ശതമാനം റവന്യൂ കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5945 കോടിയുടെ കമ്മി വര്‍ധനവാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
നികുതി വരുമാനത്തില്‍ 4000 കോടിയുടെ കുറവ് വന്നപ്പോള്‍ ചെലവിനത്തില്‍ പറഞ്ഞിരുന്നതിനേക്കാള്‍ 1200 കോടി രൂപ കൂടുകയും ചെയ്തു. ഇതിന്റെ ഭാഗമായി റവന്യൂ കമ്മി പറഞ്ഞിരുന്നതിനേക്കാള്‍ വളരെ കൂടി. ഇക്കാര്യങ്ങള്‍ ധനമന്ത്രി ബജറ്റില്‍ വിവരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. സാധാരണഗതിയില്‍ എസ്റ്റിമേറ്റിനേക്കാള്‍ അടുത്ത വര്‍ഷത്തെ കണക്കില്‍ ചില്ലറ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുന്‍ വര്‍ഷത്തെ കണക്ക് പറയുമ്പോള്‍ ഈ വ്യത്യാസം വരുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല. 2013 ഡിസംബര്‍ മാസം വരെയുളള വരവുചെലവ് കണക്കുകള്‍ ധനമന്ത്രിയുടെ ഓഫീസിന് ലഭ്യവുമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരവിലും ചെലവിലും വന്ന വ്യത്യാസം ഇതു കൊണ്ടു തന്നെ വ്യക്തമായി രേഖപ്പെടുത്താനാകും. എന്നാല്‍ ഇവിടെ അതുണ്ടാകുന്നില്ല. ഒരു തവണ ഇത്തരത്തില്‍ സംഭവിച്ചാല്‍ മനസ്സിലാകും. കഴിഞ്ഞ തവണത്തെ ബജറ്റില്‍ നിരത്തിയ ഇത്തരം മാറിയ കണക്കുകള്‍ തന്നെയാണ് അദ്ദേഹം ഈ വര്‍ഷവും നിരത്തിയത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ അവതരിപ്പിച്ച കണക്കില്‍ നിന്ന് ഇതു വരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെന്ന കണക്കുകളാണ് 2013-14ലെ പുതുക്കിയ (റിവൈസ്ഡ് എസ്റ്റിമേറ്റ്) കണക്കില്‍ പറയുന്നത്. 2012-13 വര്‍ഷത്തെ 44,137 കോടി രൂപയില്‍ നിന്ന് ഈ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് 58,057 കോടിയായി പറഞ്ഞിരുന്നത് ഇപ്പോള്‍ 54,966 കോടി രൂപ മാത്രമേ റവന്യൂ വരുമാനമായി ഉണ്ടാകുകയുള്ളുവെന്നാണ് റിവൈസ്ഡ് എസ്റ്റിമേറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വരുമാനം കൂടുതലാണിത്. എപ്രകാരമാണ് വരുമാനം വര്‍ധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിട്ടില്ല.
ഇന്ത്യന്‍ സമ്പദ്‌രംഗത്തെ മാന്ദ്യത്തെ തുടര്‍ന്ന് കേന്ദ്രത്തിന്റെ വരുമാനം കുറഞ്ഞതായും ഇതിന്റെ ഫലമായി സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതത്തില്‍ കുറവ് വരുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തുറന്നു സമ്മതിച്ചു. എന്നാല്‍ കണക്കുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് സംസാരിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 2012-13ല്‍ ലഭിച്ച 9862 കോടിയുടെ സ്ഥാനത്ത് 13-14ല്‍ 13910 കോടി ലഭിക്കുമെന്നാണ് ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 40 ശതമാനം വര്‍ധനവാണ് കേന്ദ്ര വിഹിതത്തില്‍ വന്നിട്ടുള്ളത്. എന്നാല്‍ എപ്രകാരമാണ് ഈ വര്‍ധനവുണ്ടാകുകയെന്നതിന് വിശദീകരണമൊന്നും നല്‍കിയിട്ടില്ല. വെള്ളരിക്കാപ്പട്ടണം പോലെ കുറച്ചു കണക്കുകള്‍ നിരത്തുകയാണ് ധനമന്ത്രി ബജറ്റില്‍ ചെയ്തിട്ടുള്ളത്. 2012-13ല്‍ കൃത്രിമം കാട്ടിയതു പോലെ ഈ വര്‍ഷവും കണക്കുകളില്‍ കൃത്രിമം കാട്ടിയിരിക്കുകയാണ്.
ചെലവിന്റെ കാര്യത്തില്‍ ബജറ്റില്‍ പറഞ്ഞത് 2012-13ല്‍ 60,327 കോടി രൂപയില്‍ നിന്ന് 61,175 കോടിയിലേക്ക് നേരിയ വര്‍ധനയെന്നാണ് അവകാശവാദം. 2012-13ല്‍ 53,488 ആയിരുന്ന ചെലവില്‍ നിന്ന് ഡിസംബര്‍ വരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം ചെലവ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ നിലക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എപ്രകാരമാണ് ഈ വര്‍ഷം 14 ശതമാനത്തിന്റെ വര്‍ധനവ് മാത്രം പ്രതീക്ഷിക്കുന്നത്? കേരളം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. അത് മറച്ചു വെക്കാനായാണ് കണക്കുകളില്‍ കൃത്രിമം കാണിക്കുന്നത്. 2013ലെ കമ്മി പരിശോധിക്കുകയാണെങ്കില്‍ ഉദാരമായി സംസ്ഥാനത്തെ റവന്യൂ വരുമാനം 15 ശതമാനം കണ്ട് വര്‍ധിക്കുകയാണെന്ന് വെച്ചാലും 55,000 കോടിക്കു പകരം 50,000 കോടി രൂപയാണുണ്ടാകുക. ചെലവ് 20 ശതമാനം കുറയുമെന്ന അനുമാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ധനമന്ത്രി പറയുന്ന 6208 കോടി അല്ല മറിച്ച് റവന്യൂ കമ്മി 13428 കോടിയാണുണ്ടാകുക. എപ്രകാരമാണ് ധനകാര്യ വകുപ്പ് ഈ കണക്കുകള്‍ ഉണ്ടാക്കുന്നത്? കമ്മി കൂടുന്ന കണക്കനുസരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി വെട്ടിക്കുറവാണ് കേരളം കാണാനിരിക്കുന്നത്. പദ്ധതിച്ചെലവ് മൂന്നിലൊന്ന് വെട്ടിക്കുറക്കേണ്ടിവരും. ഇത് അപകടം പിടിച്ച പോക്കാണ്. കമ്മി കൂടി, വിഭവങ്ങള്‍ ഇല്ല, അനുവദനീയമായ വായ്പയുടെ 90 ശതമാനവും വാങ്ങി ചെലവഴിച്ചു കഴിഞ്ഞു. പദ്ധതിയുടെ പകുതി പോലും ചെലവായി കഴിഞ്ഞിട്ടില്ല. ഇനി അവശേഷിക്കുന്നത് രണ്ട് മാസം മാത്രമാണ്. 2013-14ലെ പദ്ധതിച്ചെലവ് 14540 കോടിയാണെന്നാണ് ധനമന്ത്രി ബജറ്റില്‍ പറയുന്നത്. റിവൈസ്ഡ് എസ്റ്റിമേറ്റില്‍ ചെലവ് 13,925 ആയി കുറയുന്നു. ഈ അവസരത്തിലാണ് അധിക ധനവിനിയോഗം വേണ്ടിവരുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രസ്താവിച്ചിട്ടുള്ളത്. കണക്കുകളുടെ നിജസ്ഥിതി പുറത്തു വരുമ്പോഴേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും. കേരളത്തിന്റെ ധനകാര്യ സ്ഥിതി ഗുണപരമായി മാറാന്‍ കഴിഞ്ഞത് മൂലധനച്ചെലവില്‍ ഗണ്യമായ വര്‍ധനവ് കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെയാണ്. സംസ്ഥാന മൊത്ത വരുമാനത്തിന്റെ 0.5-0.6 ശതമാനമായിരുന്ന മൂലധന ചെലവ്. സംസ്ഥാന വരുമാനത്തിന്റെ മൊത്തം ചെലവ് 14-16 ശതമാനമായിരിക്കുമ്പോള്‍ ഇത്രകണ്ട് താഴ്ന്നു നിന്നിരുന്ന മൂലധന ചെലവ് പടിപടിയായി ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് മുന്‍ സര്‍ക്കാരിന്റെ നേട്ടം. കണക്കുകള്‍ അനുസരിച്ച് 2011-12ല്‍ മൂലധന ചെലവ് 1.6 ശതമാനമായി. മൂന്ന് മടങ്ങായി ഉയര്‍ന്നു. ഇപ്പോള്‍ 1.5ലെത്തി നില്‍ക്കുകയാണ്. ഈ ശതമാനം പോലും കൈവരിക്കാനാനകില്ല. കോണ്‍ട്രാക്ടര്‍മാരടക്കമുള്ള കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയിനത്തില്‍ 1200 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. ഈ മാര്‍ച്ച് മാസത്തിന് മുമ്പ് ആര്‍ക്കെങ്കിലും പണം കൊടുക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ ബജറ്റില്‍ തുണിത്തരങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ അവയില്‍ നിന്ന് കൈത്തറി, ഖാദി ഇനങ്ങളെ ഒഴിവാക്കാനുള്ള മര്യാദ മന്ത്രി കാട്ടിയില്ല. ഭാഗാധാരത്തിന് 1000 രൂപ നല്‍കിയാല്‍ മതിയെന്ന ഇളവ് പാവപ്പെട്ടവര്‍ക്കും നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശമുള്ളവര്‍ക്കും ഒരു പോലെ ബാധകമാക്കുന്നത് സാമൂഹിക നീതിക്ക് നിരക്കാത്തതാണ്. നികുതി ഫലപ്രദമായി പിരിച്ചെടുക്കാത്തതും നികുതി അടക്കുന്നതിലെ പൊരുത്തക്കേടുകള്‍ പരിശോധിച്ച് നടപടിയെടുക്കാത്തതും നികുതി വിഹിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കെട്ടിട നികുതി ഇരട്ടിയാക്കാനുള്ള തീരുമാനവും ഇരുട്ടടിയാണ്.
ഈ ബജറ്റ്, കണക്കുകളുടെ നിജസ്ഥിതിയെ ചോദ്യം ചെയ്യുകയാണ്. ഏത് അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്? ചെലവുചുരുക്കലിലൂടെയല്ല മറിച്ച് വരുമാന വര്‍ധനവിലൂടെയാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി ഭദ്രമാക്കേണ്ടത്. കേരളം പത്ത് വര്‍ഷം കൊണ്ടുണ്ടാക്കിയ ധനനിയന്ത്രണത്തിലെ നേട്ടങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് പൊളിച്ചടക്കിയിരിക്കയാണ്. പടിപടിയായി ഉയര്‍ന്ന പദ്ധതി മൂലധന ചെലവ് ഇപ്പോള്‍ മൂക്കും കുത്തി വീണു. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ പോരാ, മറിച്ച് ഇതിനെല്ലാം പണം എവിടെ നിന്ന് കണ്ടെത്തും എന്നുകൂടി പറയാന്‍ ധനമന്ത്രി തയ്യാറാകണം.