Connect with us

Ongoing News

വനിതാ സ്വയം സംരംഭക പദ്ധതിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: വനിതാ സ്വയം സംരംഭക പദ്ധതിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകളുടെ വ്യക്തിഗത പദ്ധതികള്‍ക്കും കൂട്ടായ സ്വയം സംരംഭക പദ്ധതികളില്‍ ഭൂരിപക്ഷം വനിതകളായ സംരംഭകര്‍ക്കും ഈ പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. കോളജ് തലത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ രൂപവത്കരിക്കുന്ന സ്വയം സംരംഭക സംഘങ്ങളിലെ അംഗങ്ങള്‍ക്ക് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കും.
തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സംരംഭകര്‍ക്ക് വിദഗ്ധ പരിശീലനം സൗജന്യമായിരിക്കു മെന്നുമാത്രമല്ല സ്റ്റൈപന്‍ഡും നല്‍കും. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംരംഭക നിക്ഷേപത്തിന് ആവശ്യമായ തുകയുടെ 80 ശതമാനം വരെ ബേങ്ക് വായ്പ ലഭിക്കും. വായ്പ ലഭിച്ച് ആറ് മാസത്തിനകം തിരിച്ചടവ് ആരംഭിച്ചാല്‍ മതിയാകും. വായ്പ മുടങ്ങാതെ തിരിച്ചടക്കുന്നവര്‍ക്ക് 75 ശതമാനം പലിശ സബ്‌സിഡിയും അഞ്ച് വര്‍ഷത്തേക്ക് മുതല്‍ മുടക്കിന്റെ രണ്ട് ശതമാനം മാനേജീരിയല്‍ സബ്‌സിഡിയും അനുവദിക്കും. ഇതിനായി പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത്തരം സംരംഭങ്ങളുടെ ഉത്പന്ന പ്രചാരണത്തിന് വാര്‍ത്താ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഗവണ്‍മെന്റ് പരസ്യ നിരക്ക് ബാധകമാക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന ഷോപ്പിംഗ് മേളകളില്‍ സ്റ്റാളുകള്‍ക്കും പരസ്യങ്ങള്‍ക്കും 50 ശതമാനം സൗജന്യ നിരക്ക് നല്‍കും. ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ സൗകര്യമൊരുക്കും.
വനിതകളെ സ്വയം തൊഴില്‍ സജ്ജരാക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും തൊഴിലില്ലാത്തവരുമായ വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ വനിതകള്‍, വിവാഹം കഴിക്കാത്ത വനിതകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി എംപ്ലോയ്‌മെന്റ് വകുപ്പ് വഴി ശരണ്യ പദ്ധതിക്കായി 14 കോടി വകയിരുത്തി. അക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനായി നിര്‍ഭയ കേരളം, സുരക്ഷിത കേരളം എന്ന സമഗ്ര പദ്ധതി കേരള പോലീസ് നടപ്പാക്കും. ഏഴ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുടുംബത്തില്‍ നിന്നും അതിക്രമങ്ങള്‍ നേരിടുന്ന 18 വയസ്സിനുമേല്‍ പ്രായമുള്ള നിരാലംബരായ സ്ത്രീകള്‍ക്കായുള്ള അഭയകേന്ദ്രങ്ങള്‍ ജില്ലകള്‍തോറും സ്ഥാപിക്കുന്ന നൂതന പദ്ധതിയായ വനിതകള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 1.50 കോടി രൂപ വകയിരുത്തി. നിര്‍ഭയ പദ്ധതിയുടെ ഷെല്‍ട്ടര്‍ ഹോം മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാപിക്കും. അഗതി-വിധവാ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിച്ചു. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എഴുന്നൂറില്‍ നിന്ന് എണ്ണൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest