Ongoing News
ലക്ഷ്വറി ബസ് യാത്രക്ക് ചെലവേറും
തിരുവനന്തപുരം: ഗതാഗത മേഖലയിലെ പുതിയ നികുതി നിര്‍ദേശങ്ങള്‍ യാത്രാ നിരക്കുകള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ടാക്‌സി വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും നികുതി നിരക്ക് ഉയര്‍ത്തിയതിനാല്‍ ഇവയുടെ യാത്രാനിരക്ക് കൂടുമെന്ന് ഉറപ്പാണ്. ഇതിന് പുറമെ, പുഷ്ബാക്ക്, ലക്ഷ്വറി ഇനങ്ങളില്‍പ്പെടുന്ന വാഹനങ്ങളിലെ യാത്രക്കും നിരക്ക് കൂടും. വിവാഹം, വിനോദസഞ്ചാരം ഉള്‍പ്പെടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇത്തരം ബസുകളും മറ്റു വാഹനങ്ങളും ഉപയോഗിക്കുമ്പോള്‍ വാടക നിരക്ക് ഉയരും. അന്യസംസ്ഥാനങ്ങളിലെ സ്ഥിരം സര്‍വീസുകളുടെ നിരക്കും കുത്തനെ കൂടും. പുഷ്ബാക്ക്/സ്ലീപ്പര്‍ ബെര്‍ത്ത് ബസുകള്‍ക്ക് നിലവില്‍ കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നികുതിയാണ് ഈടാക്കുന്നത്. ഈ വാഹനങ്ങളില്‍ പുഷ്ബാക്ക്, സ്ലീപ്പര്‍ ഘടിപ്പിക്കുന്നതിനാല്‍ സീറ്റുകളുടെ എണ്ണം കുറവാണെന്നും അതിനാല്‍ ലഭിക്കേണ്ട നികുതിയിലും കുറവുണ്ടാകുന്നുവെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. അതിനാല്‍, ഈ ഗണത്തിലെ വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുഷ്ബാക്ക് സീറ്റ് ബസുകളില്‍ സീറ്റൊന്നിന് 1000 രൂപയും സ്ലീപ്പര്‍ ബെര്‍ത്ത് ബസുകളില്‍ സീറ്റൊന്നിന് 2000 രൂപയും മൂന്ന് മാസത്തിലൊരിക്കല്‍ നികുതി അടക്കണം. ഇത് കേരളത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്നതാണെങ്കില്‍ യഥാക്രമം 2000, 3000 രൂപയായി വര്‍ധിപ്പിക്കും.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് അന്യസംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കേരളത്തേക്കാള്‍ കൂടുതല്‍ നികുതിയാണ് അവിടെ ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കും. ഓര്‍ഡിനറി കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് സീറ്റൊന്നിന് മൂന്ന് മാസത്തേക്ക് 4000 രൂപയും ഏഴ് സീറ്റില്‍ കൂടുതലുള്ള പുഷ്ബാക്കിന് സീറ്റൊന്നിന് 6000 രൂപയും ഏഴ് സീറ്റില്‍ കൂടുതലുള്ള സ്ലീപ്പറിന് 7000 രൂപയും നികുതിയടക്കണം. നികുതി കുടിശിക വരുത്തുന്ന വാഹന ഉടമകള്‍ക്ക് അഡീഷണല്‍ ടാക്‌സിനൊപ്പം 12% പലിശ ഈടാക്കും. ഇപ്പോള്‍ വാഹന നികുതി കുടിശികയായി 254 കോടിയോളമാണ് പിരിഞ്ഞു കിട്ടാനുള്ളത്. വര്‍ഷങ്ങളോളം കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങള്‍ക്ക് ടാക്‌സ് അട ക്കുമ്പോഴോ റിക്കവറി നടപടികള്‍ സ്വീകരിക്കുമ്പോഴോ ഇപ്പോള്‍ പരമാവധി 50% അഡീഷണല്‍ ടാക്‌സ് മാത്രമാണ് ഏര്‍പ്പെടുത്തുന്നത്. ഇത്തരം വാഹനങ്ങള്‍ 6% കൂടുതല്‍ കുടിശ്ശിക വരുത്തുകയാണെങ്കില്‍ അവയില്‍ നിന്ന് അഡീഷണല്‍ നികുതിക്കൊപ്പം 12% പലിശയും കൂടി ഈടാക്കും. ഇതിലൂടെ സര്‍ക്കാറിന് ഒരു കോടിയോളം രൂപയുടെ വരുമാനമുണ്ടാകും.